ഒരു പ്രത്യേക സംഭവത്തിന്റെ പേരില്‍ ഒരു ആപ്പ് നിരോധിക്കാന്‍ പറ്റുമോ: ടെലിഗ്രാം നിരോധനത്തില്‍ കോടതി
India
ഒരു പ്രത്യേക സംഭവത്തിന്റെ പേരില്‍ ഒരു ആപ്പ് നിരോധിക്കാന്‍ പറ്റുമോ: ടെലിഗ്രാം നിരോധനത്തില്‍ കോടതി
സിജൊ
Thursday, 18th June 2026, 6:13 pm

ന്യൂദല്‍ഹി: ടെലിഗ്രാം മെസേജിങ് ആപ്പ് താത്കാലിക നിരോധനത്തിനെതിരെ കമ്പനി സമര്‍പിച്ച ഹരജി ദല്‍ഹി ഹൈക്കോടതി വിധി പറയാന്‍ മാറ്റി. തേജസ് കജാരിയയുടെ അവധിക്കാല ബെഞ്ചാണ് ഹരജി പരിഗണിച്ചത്. മുതിര്‍ന്ന് അഭിഭാഷകന്‍ ധ്രുവ് മേഹ്തയാണ് ഹരജിക്കാരായ ടെലിഗ്രാമിന് വേണ്ടി ഹാജരായത്. കേന്ദ്ര സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്തയും കോടതിയില്‍ ഹാജരായി.

ഒരു പ്രത്യേക സംഭവത്തിന്റ പേരില്‍ ഒരു ആപ്പ് മുഴുവന്‍ ബ്ലോക്ക് ചെയ്യാനാവുമോ എന്ന് വാദം കേള്‍ക്കുന്നതിനിടെ കോടതി സോളിസിറ്റര്‍ ജെനറലിനോട് ചോദിച്ചു. ‘നിരവധി വിദ്യാര്‍ത്ഥികളെ ബാധിച്ച വിഷയമാണിത്. അത് ഒരു വശമാണ്. എന്നാല്‍ ഒരു പ്രത്യേക സംഭവത്തിന്റെ പേരില്‍ ഒരു ആപ്പ് മുഴുവനും ബ്ലോക്ക് ചെയ്യാന്‍ നിങ്ങള്‍ക്ക് പറ്റുമോ എന്നതാണ് രണ്ടാമത്തെ വശം,’ കോടതി നിരീക്ഷിച്ചു.

ഒരു വിഭാഗം പൗരര്‍ പരീക്ഷ എഴുതുന്നു എന്ന് വച്ച് മറ്റ് ഉപഭോക്താക്കളുടെ അവകാശം എങ്ങനെ നിഷേധിക്കാന്‍ പറ്റും. ചിലരുടെ അവകാശം സംരക്ഷിക്കാനായി മറ്റുള്ള എല്ലാവരുടെയും അവകാശത്തെ തടയാനാവുമോ. അത് സംബന്ധിച്ച് മുന്‍ കേസുകളിലെ വിധികളുണ്ടെന്നും കോടതി നിരീക്ഷിച്ചു.

10 ശതമാനം പേര്‍ മാത്രം പ്രശ്‌നമുണ്ടാക്കുന്ന സാഹചര്യത്തില്‍ ഇന്റര്‍നെറ്റ് നിരോധിക്കാറില്ലെ എന്ന് സോളിസിറ്റര്‍ ജനറല്‍ ചോദിച്ചു. എന്നാല്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ കാരണമുള്ള ബ്ലോക്ക് ചെയ്യല്‍ പൊതു താത്പര്യം മുന്‍നിര്‍ത്തിയാണെന്ന് കോടതി മറുപടി നല്‍കി.

രാജ്യത്ത് നീറ്റ് പരീക്ഷ ഈ മാസം 21ന് നടക്കുന്ന പശ്ചാത്തലത്തില്‍ ചോദ്യപ്പേപ്പര്‍ ചോര്‍ച്ച തടയാനെന്ന പേരിലാണ് ടെലിഗ്രാം ആപ്പ് താത്കാലികമായി നിരോധിച്ചത്. 21 വരെ നിരോധനം തുടരും. ടെലിഗ്രാം ആപ്പിലെ ഡേറ്റ് എഡിറ്റിങ് ഫീച്ചറില്‍ ഈ മാസം 30 വരെയും നിരോധനം തുടരും.

നിരോധനം താത്കാലികമാണെന്നും ഒരു പ്രത്യക സംഭവവുമായി ബന്ധപ്പെട്ടാണെന്നും കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി. നിയമവിരുദ്ധമായ ഉള്ളടക്കം പ്രചരിപ്പിക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രമല്ല ഓട്ടോമാറ്റിക്കായ സംവിധാനങ്ങളും ഉപഭോക്താക്കളുടെ വ്യക്തിത്വം മറച്ചുവയ്ക്കാനുള്ള സൗകര്യവും ടെലിഗ്രാം ഉയര്‍ത്തുന്ന വെല്ലുവിളികളാണെന്നും സോളിസിറ്റര്‍ ജനറല്‍ അഭിപ്രായപ്പെട്ടു.

ടെലിഗ്രാമില്‍ ഒരു ഉപഭോക്താവിന് 40 ബോട്ടുകള്‍ വരെ നിര്‍മിക്കാനാവും. ഇവ റോബോട്ടുകളാണ്. ഒരു ബോട്ടിനെ ഇല്ലാതാക്കിയാല്‍ പുതിയ പേരില്‍ മറ്റൊന്നുണ്ടാക്കാം. ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ പരസ്യമാക്കാതെ ടെലിഗ്രാമില്‍ അക്കൗണ്ടുകളുണ്ടാക്കാം. ഫോണ്‍ നമ്പറില്ലാതെ യൂസര്‍ നെയിം മാത്രം വച്ച് ആപ്പില്‍ പ്രൊഫൈലുണ്ടാക്കാം. ഈ യൂസര്‍ നെയിം വെച്ച് ആ പ്രൊഫൈലിന് പിറകിലെ വ്യക്തിയെ കണ്ടെത്താനാവില്ലെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.

പ്രത്യേക ടെലിഗ്രാം ചാനലുകളോ ബോട്ടുകളോ മാത്രം നീക്കം ചൈയ്തിട്ട് കാര്യമില്ല. ആപ്പ് മൊത്തം തടയേണ്ടി വരും. ഒരു ബോട്ട് നിരോധിച്ചാല്‍ അത് മറ്റൊരു ബോട്ടിലേക്ക് റീ ഡയരക്ട് ആവും. ടെലിഗ്രാമിന്റെ പ്രത്യേക ഘടനയും ആര്‍ക്കിടെക്ചറും കാരണമാണ് ഈ കാര്യങ്ങള്‍ നടക്കുന്നതെന്ന് നിയമ മന്ത്രാലയം അടുത്തിടെ ഒരു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നുവെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ വാദിച്ചു.

‘ടെലിഗ്രാമിന് ഡേറ്റ് എഡിറ്റിങ് എന്ന ഫീച്ചറുണ്ട്. അതില്‍ ഒരു മെസേജ് അയച്ച ഡേറ്റ് എഡിറ്റ് ചെയ്ത് രേഖപ്പെടുത്താം. ഇപ്പോള്‍ ആലോചിച്ച് നോക്കൂ. 21നാണ് പരീക്ഷ. അന്ന് വൈകുന്നേരം പരീക്ഷ കഴിഞ്ഞ് ഒരാള്‍ ഉത്തരക്കടലാസ് ടെലഗ്രാമില്‍ പങ്കുവെക്കുന്നു.

എന്നിട്ട് ആ മെസേജിന്റെ ഡേറ്റ് ഈ മാസം 19നോ 18നോ അയച്ചു എന്ന തരത്തിലാക്കുന്നു. അപ്പോള്‍ ജൂണ്‍ 18ന് ചോദ്യപേപ്പര്‍ ചോര്‍ന്നു എന്ന് പറഞ്ഞ് വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങില്ലേ,’ എന്നും സോളിസിറ്റര്‍ ജെനറല്‍ തുഷാര്‍ മേത്ത ചോദിച്ചു.

എന്നാല്‍ ടെലിഗ്രാം സന്ദേശങ്ങളുടെ ഡേറ്റ് എഡിറ്റ് ചെയ്യാമെങ്കിലും അതിലെ ടൈംസ്റ്റാമ്പ് മാറ്റാന്‍ സാധിക്കില്ല എന്നും അത് വഴി ഏത് ദിവസമമാണ് പോസ്റ്റ് ചെയ്തതെന്ന് മനസ്സിലാക്കാമെന്നും ടെലിഗ്രാമിന് വേണ്ടി ഹാജരായ ധ്രുവ് മേത്ത പറഞ്ഞു.

ദിവസം എഡിറ്റ് ചെയ്യുന്നതിനെക്കുറിച്ച് നിരോധന ഉത്തരവില്‍ പറഞ്ഞിട്ടില്ല. അത് ഇടക്കാല നിര്‍ദേശങ്ങളിലാണ് പറഞ്ഞതെന്നും ധ്രുവ് മേത്ത ചൂണ്ടിക്കാട്ടി. എന്‍.ടി.എ നടത്തുന്ന ഒരു പരീക്ഷ രാജ്യത്തിന്റെ അഖണ്ഡതയെ ബാധിക്കുന്ന വിഷയമാണോ ഇത്തരമൊരു നടപടിയിലേക്ക് പോകാനെന്നും അദ്ദേഹം ചോദിച്ചു.

Content Highlight: Delhi Highcout Hearing of Pleag by telegram against App ban By Union Government