യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിത കുറ്റകൃത്യമല്ല; ഒമ്പത് പ്രവര്‍ത്തകര്‍ക്ക് ജാമ്യം
India
യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിത കുറ്റകൃത്യമല്ല; ഒമ്പത് പ്രവര്‍ത്തകര്‍ക്ക് ജാമ്യം
യെലന കെ.വി
Tuesday, 3rd March 2026, 8:01 am

ന്യൂദല്‍ഹി: അന്താരാഷ്ട്ര എ.ഐ ഉച്ചകോടിക്കിടെ പ്രതിഷേധിച്ച ഒമ്പത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ദല്‍ഹി കോടതി ജാമ്യം അനുവദിച്ചു.

പ്രതിഷേധം കേവലം രാഷ്ട്രീയ വിയോജിപ്പ് പ്രകടിപ്പിക്കല്‍ മാത്രമാണെന്നും അതിനെ സംഘടിത കുറ്റകൃത്യമായി കാണാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. പട്യാല ഹൗസ് കോടതിയിലെ മജിസ്ട്രേറ്റ് രവിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

കഴിഞ്ഞ ഫെബ്രുവരി 20-നായിരുന്നു കേസിനാസ്പദമായ സംഭവം.
ഉച്ചകോടിക്കിടെ പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിക്കുകയും പ്ലക്കാര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കുകയും ടി ഷര്‍ട്ട് ഊരി പ്രതിഷേധിക്കുകയും ചെയ്തതിനാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. കലാപശ്രമം, മതസ്പര്‍ദ്ധ വളര്‍ത്തല്‍ തുടങ്ങിയ ഗൗരവകരമായ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.

സമാധാനപരമായ പ്രതിഷേധം ജനാധിപത്യപരമായ അവകാശമാണെന്നും ഇതിനെ ഒരിക്കലും സംഘടിത കുറ്റകൃത്യമാണെന്ന് വിളിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

വിചാരണയ്ക്ക് മുമ്പുള്ള ദീര്‍ഘകാല തടവ് ശിക്ഷയ്ക്ക് തുല്യമാണെന്നും അത് അനുവദിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

പ്രതിഷേധക്കാര്‍ പൊതുമുതല്‍ നശിപ്പിക്കുകയോ പ്രതിനിധികള്‍ക്കിടയില്‍ ഭീതി പടര്‍ത്തുകയോ ചെയ്തിട്ടില്ല.
പൊലീസ് അകമ്പടിയോടെ സമാധാനപരമായാണ് അവര്‍ മടങ്ങിയതെന്നും കോടതി ഉത്തരവില്‍ പറയുന്നു.

കൃഷ്ണ ഹരി, നരസിംഹ യാദവ്, കുന്ദന്‍ കുമാര്‍ യാദവ് തുടങ്ങി ഒമ്പത് പേര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്. യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഉദയ് ഭാനു ചിബ് ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

കേസില്‍ ആകെ 14 പേരെയാണ് പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്.

Content Highlight: Delhi court grants bail to 9 Youth Congress members, says protest at AI summit not organised crime

 

യെലന കെ.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തരബിരുദം.