മോശം റെക്കോഡില്‍ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും ദല്‍ഹി ക്യാപിറ്റല്‍സിന്!
Sports News
മോശം റെക്കോഡില്‍ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും ദല്‍ഹി ക്യാപിറ്റല്‍സിന്!
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 25th February 2025, 10:28 pm

ഡബ്ല്യു.പി.എല്ലില്‍ ഗുജറാത്ത് ജയിന്റ്‌സ് ദല്‍ഹി ക്യാപിറ്റല്‍സിനെ നേരിട്ടുകൊണ്ടിരിക്കുകയാണ്. എം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ദല്‍ഹി ഫീല്‍ഡ് തെരഞ്ഞെടുക്കുകയായിരുന്നു.

ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സാണ് നേടിയത്. ഇന്നിങ്‌സില്‍ ഒമ്പത് വൈഡും 12 എല്‍.ബിയും ഉള്‍പ്പെടെ 21 റണ്‍സ് ആണ് എക്‌സ്ട്രാക്‌സ് ഇനത്തില്‍ ഗുജറാത്തിന് ലഭിച്ചത്.

ഇതോടെ ഡബ്ല്യു.പി.എല്ലിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ എക്‌സ്ട്രാസ് റണ്‍സ് വഴങ്ങിയ രണ്ടാമത്തെ ടീമായി മാറിയിരിക്കുകയാണ് ഡല്‍ഹി.

ഡബ്ല്യു.പി.എല്ലില്‍ ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ എക്‌സ്ട്രാസ് വഴങ്ങിയ ടീം, റണ്‍സ്, എതിരാളി, വര്‍ഷം

ദല്‍ഹി ക്യാപിറ്റല്‍സ് – 25 – യു.പി. വാരിയേഴ്‌സ് – 2025

ദല്‍ഹി ക്യാപിറ്റല്‍സ് – 21 – ഗുജഖാത്ത് ജയിന്റ്‌സ് – 2025

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 17 – ഗുജറാത്ത് ജയിന്റ്‌സ് – 2024

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 17 – യു.പി. വാരിയേഴ്‌സ് – 2024

ദല്‍ഹിയുടെ തകര്‍പ്പന്‍ ബൗളിങ്ങില്‍ തുടക്കം മുതലേ ഗുജറാത്ത് തകര്‍ന്നു വീഴുകയായിരുന്നു. ടോപ്പ് ഓര്‍ഡറില്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഹാര്‍ലീന്‍ ഡിയോള്‍ (5), ഫോയ്ബീ ലിച്ച്ഫീല്‍ഡ് (0), ആഷ്ലിങ് ഗാര്‍ണര്‍ (3), കശ്വി ഗൗതം (0) എന്നിവര്‍ രണ്ടക്കം കാണാതെ പുറത്തായി. ഓപ്പണര്‍ ബെത് മൂണി 10 റണ്‍സ് നേടിയാണ് കൂടാരം കയറിയത്.

ബാര്‍ട്ടി ഫുല്‍മനിയുടെ തകര്‍പ്പന്‍ പ്രകടനത്തിലാണ് ഗുജറാത്ത് സ്‌കോര്‍ ഉയര്‍ത്തിയത്. 29 പന്തില്‍ നിന്ന് രണ്ട് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 40 റണ്‍സാണ് താരം നേടിയത്. താരത്തിന് പുറമേ ദീന്ദ്ര ഡോട്ടിന്‍ 24 പന്തില്‍ നിന്ന് 5 ഫോര്‍ ഉള്‍പ്പെടെ 26 റണ്‍സ് നേടി. തനൂജ കണ്‍വാര്‍ 16 റണ്‍സും നേടി ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തിയിരുന്നു.

ദല്‍ഹിക്ക് വേണ്ടി മികച്ച ബൗളിങ് പ്രകടനം കാഴ്ചവെച്ചത് ശിഖ പാണ്ഡെയും മരിസാനി കാപ്പും അനബെല്‍ സതര്‍ലാന്‍ഡുമാണ്. രണ്ട് വിക്കറ്റുകള്‍ വീതമാണ് മൂവരും നേടിയത്. ടിറ്റാസ് സദു, ജെസ് ജോണ്‍സന്‍ എന്നിവര്‍ രണ്ട് വിക്കറ്റും നേടി.

Content Highlight: Delhi Capitals In Unwanted Record Achievement In W.P.L