ഐ.സി.സി വനിതാ ലോകകപ്പില്‍ മുത്തമിട്ട് ക്രിക്കറ്റിന്റെ നെറുകയിലെത്തിയിരിക്കുകയാണ് ഇന്ത്യ. കഴിഞ്ഞ ദിവസം നവി മുംബൈയില്‍ നടന്ന മത്സരത്തില്‍ 52 റണ്‍സിന്റെ വിജയമാണ് ഹര്‍മന്‍പ്രീത് കൗറും സംഘവും സ്വന്തമാക്കിയത്. ഇന്ത്യയുടെ ആദ്യ വനിതാ ലോകകപ്പും ആദ്യ വനിതാ സീനിയര്‍ കിരീടവുമാണിത്.
ദീപ്തി ശര്‍മയുടെയും ഷെഫാലി വര്‍മയുടെയും ഓള്‍ റൗണ്ട് മികവിലാണ് ഇന്ത്യ ഫൈനല്‍ പിടിച്ചടക്കിയത്. ഷെഫാലി 87 റണ്‍സും രണ്ട് വിക്കറ്റും വീഴ്ത്തിയപ്പോള്‍ അഞ്ച് വിക്കറ്റും 58 റണ്‍സുമായിരുന്നു ദീപ്തിയുടെ സമ്പാദ്യം.
ഈ പ്രകടനത്തിലൂടെ ഷെഫാലി വര്‍മ കളിയിലെ താരമായപ്പോള്‍ ടൂര്‍ണമെന്റിന്റെ താരമായാണ് ദീപ്തി ശര്‍മ തെരഞ്ഞെടുക്കപ്പെട്ടത്.
ഫൈനലിലെ മികച്ച പ്രകടനത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും ദീപ്തി സ്വന്തമാക്കി. ഐ.സി.സി വനിതാ ലോകകപ്പിലെ ഒരു മത്സരത്തില്‍ 50+ റണ്‍സും 4+ വിക്കറ്റും നേടുന്ന താരങ്ങളുടെ പട്ടികയില്‍ ദീപ്തി വീണ്ടും ഇടം നേടിയാണ് സൂപ്പര്‍ ഓള്‍ റൗണ്ടര്‍ ചരിത്രം സൃഷ്ടിച്ചത്.
ദീപ്തിയടക്കം അഞ്ച് താരങ്ങളാണ് ഈ ഐക്കോണിക് ഡബിള്‍ സ്വന്തമാക്കിയത്. ഒന്നിലധികം ഈ നേട്ടത്തിലെത്തിയതാകട്ടെ ഇന്ത്യയുടെ വിശ്വസ്തയായ ഓള്‍ റൗണ്ടര്‍ മാത്രവും!
(താരം – ടീം – എതിരാളികള്‍ – പ്രകടനം – വര്‍ഷം എന്നീ ക്രമത്തില്‍)
ഐലീന്‍ ബഡ്ഹാം – ഇന്റന്‍നാഷണല്‍ ഇലവന്‍ – ജമൈക്ക – 51* & 4/19 – 1973
ക്രി-സെല്‍ഡ ബ്രിറ്റ്‌സ് – സൗത്ത് ആഫ്രിക്ക – വെസ്റ്റ് ഇന്‍ഡീസ് – 72 & 4/37 – 2005
ഷാര്‍ലെറ്റ് എഡ്വാര്‍ഡ്‌സ് – ഇംഗ്ലണ്ട് – ന്യൂസിലാന്‍ഡ് – 57 & 4/37 – 2009
ഡെയ്ന്‍ വാന്‍ നീകെര്‍ക് – സൗത്ത് ആഫ്രിക്ക – ഇന്ത്യ – 57 & 4/22 – 2017
ദീപ്തി ശര്‍മ – ഇന്ത്യ – ഇംഗ്ലണ്ട് – 50 & 4/31 – 2025
ദീപ്തി ശര്‍മ – ഇന്ത്യ – സൗത്ത് ആഫ്രിക്ക – 58 & 5/39 – 2025*
ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം പുറത്തെടുത്താണ് ദീപ്തി ശര്‍മ ലോകകപ്പിന്റെ താരമായത്. 215 റണ്‍സും 22 വിക്കറ്റുമാണ് ദീപ്തി സ്വന്തമാക്കിയത്. ഈ ലോകകപ്പിലെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരിയും ദീപ്തി ശര്‍മ തന്നെയായിരുന്നു.
(താരം – ടീം – മത്സരം – വിക്കറ്റ് എന്നീ ക്രമത്തില്‍)
ദീപ്തി ശര്‍മ – ഇന്ത്യ – 9 – 22
അന്നബെല്‍ സതര്‍ലാന്‍ഡ് – ഓസ്‌ട്രേലിയ – 7 – 17
സോഫി എക്കല്‍സ്റ്റോണ്‍ – ഇംഗ്ലണ്ട് – 7 – 16
എന്‍. ചാരിണി – ഇന്ത്യ – 9 – 14
അലാന കിങ് – ഓസ്‌ട്രേലിയ – 7 – 13
നോല്‍കുലുലേകോ എംലാബ – സൗത്ത് ആഫ്രിക്ക – 9 – 13
Content Highlight: Deepti Sharma is the only player to to score a fifty & take a 4+ wicket haul twice in Women’s World Cup