ഡബിള്‍ സ്‌ട്രൈക്കില്‍ ദീപ്തി തൂക്കിയത് തകര്‍പ്പന്‍ നേട്ടം; ഇംഗ്ലണ്ടിനെ തകര്‍ക്കാന്‍ ഇന്ത്യ
Sports News
ഡബിള്‍ സ്‌ട്രൈക്കില്‍ ദീപ്തി തൂക്കിയത് തകര്‍പ്പന്‍ നേട്ടം; ഇംഗ്ലണ്ടിനെ തകര്‍ക്കാന്‍ ഇന്ത്യ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 19th October 2025, 6:04 pm

വനിതാ ലോകകപ്പില്‍ ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലിള്ള മത്സരം ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് നിലവില്‍ 39 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സാണ് നേടിയത്.

ടീം സ്‌കോര്‍ 73ല്‍ നില്‍ക്കെ ഓപ്പണര്‍ ബ്യൂമോണ്ടിനെയാണ് ഇംഗ്ലണ്ടിന് ആദ്യ നഷ്ടമായത്. 43 പന്തില്‍ 22 റണ്‍സ് നേടി ക്ലീന്‍ ബൗള്‍ഡായാണ് താരം മടങ്ങിയത്. തുടര്‍ന്ന് 68 പന്തില്‍ 56 റണ്‍സ് നേടി മിന്നും പ്രകടനം നടത്തിയ ആമി ജോണ്‍സും പുറത്തായി. രണ്ട് വിക്കറ്റും നേടിയത് ദീപ്തി ശര്‍മയാണ്.

ഇതോടെ ഒരു മിന്നും നേട്ടത്തിലെത്താനും താരത്തിന് സാധിച്ചിരിക്കുകയാണ്. ഇന്ത്യയ്ക്ക് വേണ്ടി ഏകദിനത്തില്‍ 150 വിക്കറ്റ് പൂര്‍ത്തിയാക്കാനാണ് ദീപ്തിക്ക് സാധിച്ചത്. ഇംഗ്ലണ്ടിന്റെ നിര്‍ണായകമായ രണ്ട് വിക്കറ്റ് നേടിയതോടെ 151 വിക്കറ്റുകളാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്.

മാത്രമല്ല ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഏകദിന വിക്കറ്റുകള്‍ നേടുന്നരണ്ടാമത്തെ താരമെന്ന നേട്ടവും ദീപ്തിക്കാണ്. ഈ നേട്ടത്തില്‍ മുന്നിലുള്ളത് മുന്‍ താരം ജുലേന്‍ ഗോസ്വാമിയാണ്. 255 വിക്കറ്റുകളാണ് താരം നേടിയത്.

ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഏകദിന വിക്കറ്റുകള്‍ നേടുന്ന താരം, വിക്കറ്റ്

ജുലേന്‍ ഗോസ്വാമി – 255

ദീപ്തി ശര്‍മ – 151

നീതു ഡേവിഡ് – 141

നൂഷില്‍ അല്‍ ഖദീര്‍ – 100

അതേസമയം ഇംഗ്ലണ്ടിന്റെ നാറ്റ് സ്‌കൈവര്‍ ബ്രണ്ടിനെ 49 പന്തില്‍ 38 റണ്‍സിന് പുറത്താക്കി നല്ലപ്പുറെഡ്ഡി ചരണിയും തിളങ്ങി. നിലവില്‍ ത്രീ ലയണ്‍സിന് വേണ്ടി ക്രീസിലുള്ളത് ഹീതര്‍ നൈറ്റും സോഫിയ ഡഗ്ലിയുമാണ്. ഹീതര്‍ മിന്നും പ്രകടനമാണ് നിലവില്‍ രാഴ്ചവെക്കുന്നത്. 74 പന്തില്‍ 85 റണ്‍സുമായാണ് താരം ക്രീസില്‍ നിലയുറപ്പിച്ചത്.

Content Highlight: Deepti Sharma Complete 150 Wickets In Women’s ODI