| Thursday, 1st January 2026, 8:13 am

മുത്തയ്യ മുരളീധരന്റെ ഡബിള്‍ 500 പോലെ ചരിത്രത്തില്‍ ദീപ്തിയുടെ ഡബിള്‍ 150; 2025ല്‍ സ്വന്തമാക്കിയ ചരിത്രം

ആദര്‍ശ് എം.കെ.

ചരിത്ര നേട്ടങ്ങളോടെയാണ് ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ദീപ്തി ശര്‍മ 2025നോട് വിടപറയുന്നത്. 2025 ഐ.സി.സി ഏകദിന വനിതാ ലോകകപ്പ് നേട്ടത്തിന് പുറമെ ലോകകപ്പിന്റെ താരമടക്കം നിരവധി വ്യക്തിഗത നേട്ടങ്ങളും അന്താരാഷ്ട്ര റെക്കോഡുകളും ദീപ്തിയുടെ പേരില്‍ കുറിക്കപ്പെട്ടിരുന്നു.

ഏറ്റവുമധികം അന്താരാഷ്ട്ര ടി-20 വിക്കറ്റുകള്‍ നേടുന്ന വനിതാ താരമെന്ന ഐതിഹാസിക നേട്ടമാണ് ഇതിലാദ്യം. ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിലാണ് ദീപ്തി ഈ റെക്കോഡ് സ്വന്തമാക്കുന്നത്.

ദീപ്തി ശര്‍മ – Photo: BCCI Women/x.com

പരമ്പരയിലെ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ ദീപ്തി 152 കരിയര്‍ വിക്കറ്റുകളും തന്റെ പേരില്‍ കുറിച്ചു. ഓസ്‌ട്രേലിയന്‍ ഇതിഹാസ താരം മേഗന്‍ ഷട്ടിന്റെ 151 വിക്കറ്റിന്റെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്.

ടി-20യില്‍ 150 വിക്കറ്റ് വീഴ്ത്തിയതിന് പിന്നാലെ മറ്റൊരു ചരിത്ര നേട്ടവും ദീപ്തി സ്വന്തമാക്കി. ഏകദിനത്തിലും ടി-20യിലും 150 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന ആദ്യ വനിതാ താരമെന്ന നേട്ടമാണ് ദീപ്തി ശര്‍മ സ്വന്തമാക്കിയത്.

ദീപ്തി ശര്‍മ – Photo: BCCI Women/x.com

120 വനിതാ ഏകദിനങ്ങളില്‍ നിന്നായി 162 വിക്കറ്റുകള്‍ ദീപ്തി വീഴ്ത്തിയിട്ടുണ്ട്. ഈ ഇരട്ട നേട്ടത്തിലെത്തുന്ന ആദ്യ വനിതാ താരം കൂടിയാണ് ദീപ്തി.

സാക്ഷാല്‍ മുത്തയ്യ മുരളീധരന്റെ ഡബിള്‍ 500-നൊപ്പമാണ് ദീപ്തിയുടെ ഈ നേട്ടവും ചേര്‍ത്തുവെക്കുന്നത്. ടെസ്റ്റിലും ഏകദിനത്തിലും 500 വിക്കറ്റ് വീഴ്ത്തിയ ഏക താരം മുരളീധരന്റെ നേട്ടം പോലെ അന്താരാഷ്ട്ര വനിതാ ഏകദിനത്തിലും വനിതാ ടി-20യിലും 150 വിക്കറ്റ് വീഴ്ത്തിയ ഏക താരമായ ദീപ്തിയുടെ നേട്ടവും സ്‌പെഷ്യലാണെന്നാണ് ആരാധകര്‍ പറയുന്നത്.

മുത്തയ്യ മുരളീധരന്‍

ഈ വര്‍ഷം കളിച്ച വിവിധ ഫോര്‍മാറ്റുകളില്‍ നിന്നുമായി 54 വിക്കറ്റുകളാണ് ദീപ്തി സ്വന്തമാക്കിയത്.

ഇതോടെ മൂന്ന് വിവിധ വര്‍ഷങ്ങളില്‍ 50+ വിക്കറ്റ് നേടുന്ന ആദ്യ വനിതാ താരമായും ദീപ്തി ചരിത്രമെഴുതി.

ഒരു കലണ്ടര്‍ ഇയറില്‍ 50+ വിക്കറ്റ് വീഴ്ത്തുന്ന താരങ്ങള്‍

(താരം – ടീം – വര്‍ഷം – വിക്കറ്റ് എന്നീ ക്രമത്തില്‍)

തിപാച്ച പുത്തുവോങ് – തായ്‌ലന്‍ഡ് – 2025 – 64

ആഷ്‌ലീ ഗാര്‍ഡ്ണര്‍ – ഓസ്‌ട്രേലിയ – 2023 – 58

ദീപ്തി ശര്‍മ – ഇന്ത്യ – 2024 – 58

സോഫി എക്കല്‍സ്റ്റോണ്‍ – ഇംഗ്ലണ്ട് – 2022 – 56

പൂനം യാദവ് – ഇന്ത്യ – 2018 – 55

ദീപ്തി ശര്‍മ – ഇന്ത്യ – 2025 – 53

ദീപ്തി ശര്‍മ – ഇന്ത്യ – 2022 – 51

എച്ച് ഇഷിംവേ – റുവാണ്ട – 2024 – 50

സ്യൂന്‍ ലസ് – സൗത്ത് ആഫ്രിക്ക – 2016 – 50

ഈ പ്രകടനത്തിന് പിന്നാലെ വനിതാ ക്രിക്കറ്റില്‍ ഏറ്റവുമധികം അന്താരാഷ്ട്ര വിക്കറ്റുകള്‍ വീഴ്ത്തുന്ന വനിതാ താരങ്ങളില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയരാനും ദീപ്തിക്ക് സാധിച്ചു.

വനിതാ ക്രിക്കറ്റില്‍ ഏറ്റവുമധികം അന്താരാഷ്ട്ര വിക്കറ്റുകള്‍

(താരം – ടീം – വിക്കറ്റ് എന്നീ ക്രമത്തില്‍)

ജുലന്‍ ഗോസ്വാമി – ഇന്ത്യ – 355

കാതറിന്‍ സിവര്‍ ബ്രണ്ട് – ഇംഗ്ലണ്ട് – 335

ദീപ്തി ശര്‍മ – ഇന്ത്യ – 334*

എലിസ് പെറി – ഓസ്‌ട്രേലിയ – 331

സോഫി എക്കല്‍സ്റ്റോണ്‍ – ഇംഗ്ലണ്ട് – 323

മികച്ച ഫോമില്‍ പന്തെറിയുന്ന ദീപ്തി ഇതേ ഫോമില്‍ തന്നെ തുടര്‍ന്നു പന്തെറിഞ്ഞാല്‍ 2026 അവസാനിക്കും മുമ്പ് തന്നെ ഒന്നാമതെത്താനും താരത്തിന് സാധിക്കും

Content Highlight: Deepti Sharma becomes the first women cricketer to complete 150 wickets in T20I and W-ODI

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more