അത് തന്നെയല്ലേ ഇതും! അന്ന് യുവരാജ്, ഇന്ന് ദീപ്തി; ഇന്ത്യന്‍ ലോകകപ്പ് വിജയത്തിന്റെ ഹൃദയസ്പന്ദനങ്ങള്‍
Sports News
അത് തന്നെയല്ലേ ഇതും! അന്ന് യുവരാജ്, ഇന്ന് ദീപ്തി; ഇന്ത്യന്‍ ലോകകപ്പ് വിജയത്തിന്റെ ഹൃദയസ്പന്ദനങ്ങള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 3rd November 2025, 2:56 pm

ഒടുവില്‍ ഇന്ത്യയും വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ കിരീടത്തില്‍ മുത്തമിട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം നവി മുംബൈയില്‍ നടന്ന മത്സരത്തില്‍ 52 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യ ഉയര്‍ത്തിയ 299 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പ്രോട്ടിയാസ് 246ന് പുറത്തായി.

ഷെഫാലി വര്‍മയുടെയും ദീപ്തി ശര്‍മയുടെയും ഓള്‍റൗണ്ട് പ്രകടനമാണ് ഇന്ത്യയ്ക്ക് ചരിത്ര വിജയം സമ്മാനിച്ചത്. ഷെഫാലി 87 റണ്‍സും രണ്ട് വിക്കറ്റും സ്വന്തമാക്കിയപ്പോള്‍ 58 റണ്‍സും അഞ്ച് വിക്കറ്റുമായിരുന്നു ദീപ്തിയുടെ സമ്പാദ്യം.

ഈ പ്രകടനത്തിന് പിന്നാലെ ഷെഫാലി കളിയിലെ താരമായപ്പോള്‍ ലോകകപ്പിലുടനീളം പുറത്തെടുത്ത ദീപ്തിയുടെ മികവിനെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരം നല്‍കിയും അംഗീകരിച്ചു.

ബൗളിങ്ങിലും ബാറ്റിങ്ങിലും ഒരുപോലെ വെച്ചുപുലര്‍ത്തിയ മികവിനെ എത്ര അഭിനന്ദിച്ചാലും മതിയാകാതെ പോകും. 2011ല്‍ ലോകകപ്പില്‍ സാക്ഷാല്‍ യുവരാജ് സിങ് പുറത്തെടുത്ത അതേ ഡോമിനേഷനെ അനുസ്മരിപ്പിക്കും വിധമായിരുന്നു ദീപ്തിയുടെ പ്രകടനം.

2011 ലോകകപ്പില്‍ ഒമ്പത് മത്സരത്തില്‍ നിന്നും 362 റണ്‍സാണ് യുവരാജ് നേടിയത്. 5.02 എക്കോണമിയില്‍ 15 വിക്കറ്റുകളും യുവരാജ് സ്വന്തമാക്കിയിരുന്നു. അയര്‍ലന്‍ഡിനെതിരെ 31 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് നേടിയതാണ് മികച്ച പ്രകടനം.

ഈ ലോകകപ്പില്‍ ദീപ്തി ഒമ്പത് മത്സരത്തില്‍ നിന്നും 215 റണ്‍സാണ് ദീപ്തിയുടെ സമ്പാദ്യം. 5.52 എക്കോണമിയില്‍ 22 വിക്കറ്റുകളും താരം സ്വന്തമാക്കി. ഫൈനലില്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ 39 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് നേടിയതാണ് മികച്ച പ്രകടനം. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരിയും ദീപ്തി തന്നെയായിരുന്നു.

ഇവര്‍ തന്നെയായിരുന്നു ഓരോ ലോകകപ്പിന്റെയും താരങ്ങള്‍ എന്ന് പ്രത്യേകിച്ച് എടുത്ത് പറയേണ്ടതില്ലല്ലോ.

 

Content Highlight: Deepti Sharma and Yuvraj Singh’s performance in world cup