ബോളിവുഡിലെ നമ്പര്‍ വണ്‍ നായികയാണ് ദീപിക പദുകോണ്‍. കന്നഡ ചിത്രമായ ഐശ്വര്യയിലൂടെ സിനിമാ ജീവിതം ആരംഭിച്ച ദീപികയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ഓം ശാന്തി ഓം. ഷാരൂഖ് ഖാനെ നായകനാക്കി ഫറാ ഖാന്‍ സംവിധാനം ചെയ്ത് 2007 ല്‍ റിലീസായ ചിത്രമാണ് ഇത്. ആദ്യ ബോളിവുഡ് ചിത്രം കൊണ്ടുതന്നെ തിരക്കുള്ള നായികയായി മാറാന്‍ ദീപികയ്ക്ക് കഴിഞ്ഞു.
സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ബാജിറാവു മസ്താനി, രാം ലീല, പദ്മാവതി തുടങ്ങിയ ചിത്രങ്ങളില്‍ ദീപിക അഭിനയിച്ചിരുന്നു. ഇപ്പോള്‍ സഞ്ജയ് ലീല ബന്‍സാലിയെ കുറിച്ച് സംസാരിക്കുകയാണ് ദീപിക പദുകോണ്‍.
‘ഒരു ഫിലിം സെറ്റില്‍ ഒരിക്കലും ഞാന്‍ ഉണ്ടായിട്ടില്ല. ഒരു ഡയലോഗ് എങ്ങനെ പറയണമെന്നുപോലും അറിയില്ല. അവിടെനിന്ന് ക്യാമറക്ക് മുമ്പില്‍ ഏറ്റവും സന്തോഷത്തോടെ സമാധാനത്തോടെ നില്‍ക്കുന്ന ഇന്നത്തെ ഞാന്‍. അതാണ് വളര്‍ച്ച എന്ന് വിശ്വസിക്കുന്നു. ആ വഴിയില്‍ സഞ്ജയ് ലീലാ ബന്‍സാലിയെ കണ്ടുമുട്ടുന്നു.
ഒരു അഭിനേതാവ് എന്ന നിലയിലും പെര്‍ഫോര്‍മര്‍ എന്ന നിലയിലും അദ്ദേഹം എന്നിലേക്ക് ഒരുപാട് കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയിട്ടുണ്ട്. ഒപ്പം ഒരു മനുഷ്യന്‍ എന്നനിലയിലും. പതിനൊന്നുവര്‍ഷങ്ങള്‍ മുമ്പ് ഞാനൊരിക്കലും വിചാരിച്ചിരുന്നില്ല ഒരു ‘ബന്‍സാലി’നായികയാവാനുള്ള എന്തെങ്കിലും ഗുണങ്ങള്‍ എനിക്കുണ്ട് എന്ന്.
എന്നാല്‍ ഒന്നിനുപിറകെ ഒന്നായി മൂന്ന് ചിത്രങ്ങള്‍ അദ്ദേഹത്തിനൊപ്പം ചെയ്തു. അത് ഒരു അതുല്യമായ യാത്രയായിരുന്നു. ആത്മാവും ഹൃദയവും മനസുമൊക്കെക്കൊണ്ട് ഒരു ബന്ധം അദ്ദേഹത്തോട് തോന്നിയിട്ടുണ്ട്.
ഒറ്റനോട്ടത്തില്‍ മറ്റെയാള്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് ഞങ്ങള്‍ രണ്ടാള്‍ക്കും മനസിലാകും. വ്യത്യസ്തമായ, തികച്ചും സര്‍ഗാത്മകമായ ആത്മീയതലത്തിലുള്ള ഒരു ബന്ധമുള്ള ആളുകളുമായേ ആ തലത്തിലുള്ള സൗഹൃദം സൂക്ഷിക്കാന്‍ കഴിയൂ. അത്തരം ആളുകള്‍ കൂടെയുള്ളപ്പോള്‍ റിസ്‌കുകളെക്കുറിച്ചോ പരാജയത്തെക്കുറിച്ചോ നമുക്ക് പേടി തോന്നില്ല,’ ദീപിക പദുകോണ്‍ പറയുന്നു.
Content Highlight: Deepika Padukone talks about Sanjay Leela Bhansali