| Tuesday, 4th February 2025, 10:08 pm

സല്‍മാന്‍ ഖാന്‍, ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍ എന്നിവരെ ഇഷ്ടമാണെങ്കിലും എന്റെ ഫേവറിറ്റ് ആ രണ്ട് നടന്‍മാര്‍: ദീപിക പദുകോണ്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബോളിവുഡിലെ നമ്പര്‍ വണ്‍ നായികയാണ് ദീപിക പദുകോണ്‍. കന്നഡ ചിത്രമായ ഐശ്വര്യയിലൂടെ സിനിമാ ജീവിതം ആരംഭിച്ച ദീപികയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ഓം ശാന്തി ഓം. ഷാരൂഖ് ഖാനെ നായകനാക്കി ഫറാ ഖാന്‍ സംവിധാനം ചെയ്ത് 2007 ല്‍ റിലീസായ ചിത്രമാണ് ഇത്. ആദ്യ ബോളിവുഡ് ചിത്രം കൊണ്ടുതന്നെ തിരക്കുള്ള നായികയായി മാറാന്‍ ദീപികയ്ക്ക് കഴിഞ്ഞു.

എന്റെ ഫേവറിറ്റ് നടന്മാര്‍ ഋത്വിക് റോഷനും അഭിഷേക് ബച്ചനുമാണ്- ദീപിക പദുകോണ്‍

ഗ്ലാമര്‍ നായിക, സീരിയസ് നായിക എന്നിങ്ങനെ ഒരു നടിയെ ചുരുക്കുന്നത് വളരെ തെറ്റായ പ്രവണതയാണെന്ന് ദീപിക പറയുന്നു. എണ്‍പതുകളില്‍ ജനിച്ചയാളാണ് താനെന്നും അതുകൊണ്ടുതന്നെ കൂടുതല്‍ അടുപ്പം എണ്‍പതുകളിലും തൊണ്ണൂറുകളിലും ഇറങ്ങിയ ചിത്രങ്ങളോടും അതിലെ അഭിനേതാക്കളോടുമായിരിക്കുമെന്നും ദീപിക പറഞ്ഞു.

സല്‍മാന്‍ ഖാന്‍, ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍, ശ്രീദേവി, മാധുരി ദീക്ഷിത് തുടങ്ങിയവര്‍ തനിക്ക് ഒരുപാട് പ്രിയപ്പെട്ടവരാണെന്നും തന്റെ ഫേവറിറ്റ് നടന്മാര്‍ ഋത്വിക് റോഷനും അഭിഷേക് ബച്ചനുമാണെന്നും ദീപിക പദുകോണ്‍ കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാസികക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദീപിക പദുകോണ്‍.

‘ഗ്ലാമര്‍ നായിക, സീരിയസ് നായിക എന്നിങ്ങനെ ഒരു നടിയെ ചുരുക്കുന്നത് വളരെ തെറ്റായ ഒരു പ്രവണതയാണ്. കാരണം ഏതുതരത്തിലുള്ള കഥാപാത്രവും ചെയ്യുന്നതിന് പിന്നിലെ അധ്വാനവും പ്രയത്‌നവും ഒന്നുതന്നെയാണ്. അത് ഏത് ചിത്രത്തിലായാലും.

ഒരു ചിത്രത്തില്‍ ഗ്ലാമര്‍ റോള്‍ ചെയ്യണമെങ്കിലും വലിയ അധ്വാനമുണ്ട്. ലഫാംഗെ പരിന്ദെ ഖലിന്‍ ഹും ജീ ജാന്‍ സേ തുടങ്ങിയ ചിത്രങ്ങളില്‍ ഞാന്‍ നന്നായി വര്‍ക്ക് ചെയ്തിട്ടുണ്ട് എന്നാണ് എന്റെ വ്യക്തിപരമായ വിശ്വാസം. അവയൊന്നും ബോക്‌സ് ഓഫീസില്‍ സ്വീകരിക്കപ്പെട്ട ചിത്രങ്ങളല്ല. അതുകൊണ്ട് തന്നെ ആരും അവയെ ഓര്‍ക്കാറുമില്ല. പകരം വിജയചിത്രങ്ങളിലെ എന്റെ കഥാപാത്രങ്ങളെപ്പറ്റിയാണ് എല്ലാവരും സംസാരിക്കുന്നത്. 

എണ്‍പതുകളില്‍ ജനിച്ചയാളാണ് ഞാന്‍. സ്വാഭാവികമായും എനിക്ക് കൂടുതല്‍ അടുപ്പം തോന്നുക എണ്‍പതുകളിലും തൊണ്ണൂറുകളിലും ഇറങ്ങിയ ചിത്രങ്ങളോടും അതിലെ അഭിനേതാക്കളോടുമായിരിക്കും.

സല്‍മാന്‍ ഖാന്‍, ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍, ശ്രീദേവി, മാധുരി ദീക്ഷിത് തുടങ്ങിയവര്‍ എനിക്ക് അങ്ങനെ ഒരുപാട് പ്രിയപ്പെട്ടവരാണ്. എന്റെ ഫേവറിറ്റ് നടന്മാര്‍ ഋത്വിക് റോഷനും അഭിഷേക് ബച്ചനുമാണ്. മണിരത്‌നം, ഫര്‍ഹാന്‍ അക്തര്‍, അശുതോഷ് ഗൊവാരിക്കര്‍, ആദിത്യ ചോപ്ര, കരണ്‍ ജോഹര്‍ പിന്നെ തീര്‍ച്ചയായും സഞ്ജയ് ലീലാ ബന്‍സാലിയുമാണ് എന്റെ വിഷ് ലിസ്റ്റില്‍ മുന്‍പന്തിയിലുള്ള സംവിധായകര്‍,’ ദീപിക പദുകോണ്‍ പറയുന്നു.

Content highlight: Deepika Padukone talks about her favorite actors

We use cookies to give you the best possible experience. Learn more