പുഷ്പയുടെ മഹാവിജയത്തിന് ശേഷം അല്ലു അര്‍ജുന്റെ അടുത്ത ചിത്രം ഏതാകുമെന്ന പല തരത്തിലുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു. ഒരുപാട് സംവിധായകരുടെ പേര് കേട്ടെങ്കിലും തമിഴ് സംവിധായകന്‍ അറ്റ്‌ലീയെയാണ് താരം തെരഞ്ഞെടുത്തത്. തമിഴിലെ മുന്‍നിര പ്രൊഡക്ഷന്‍ ഹൗസായ സണ്‍ പിക്‌ചേഴ്‌സ് നിര്‍മിക്കുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറി.
AA 22 x A6 ( അല്ലു അര്‍ജുന്‍ 22 x അറ്റ്‌ലീ 6) എന്ന് താത്കാലിക ടൈറ്റിലിട്ടിരിക്കുന്ന ചിത്രം ഇന്ത്യന്‍ സിനിമയിലെ നാഴികക്കല്ലുകളിലൊന്നാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. നിലവില്‍ കൊമേഴ്‌സ്യല്‍ സിനിമകള്‍ ഏറ്റവും മികച്ച രീതിയില്‍ എടുക്കാന്‍ കഴിവുള്ള ചുരുക്കം സംവിധായകരിലൊരാളാണ് അറ്റ്‌ലീ. ഹിറ്റിന് ക്ഷാമമുണ്ടായിരുന്ന ബോളിവുഡില്‍ ഷാരൂഖ് ഖാനെ നായകനാക്കി ഒരുക്കിയ ജവാന്‍ 1000 കോടിയാണ് സ്വന്തമാക്കിയത്.
അല്ലു അര്‍ജുന്‍ എന്ന താരത്തിന്റെ സ്റ്റാര്‍ഡം പരമാവധി ഉപയോഗിക്കുന്ന സിനിമയാകും ഇതെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രധാനപ്പെട്ട ഒരു അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിലെ നായികയെയാണ് ഇപ്പോള്‍ പരിചയപ്പെടുത്തിയിരിക്കുന്നത്.
ബോളിവുഡിലെ ഏറ്റവും വിലയേറിയ താരമായ ദീപിക പദുകോണാണ് ഇന്ത്യന്‍ സിനിമയുടെ അഭിമാന പ്രൊജക്ടില്‍ നായികയായി എത്തുന്നത്. സംവിധായകന്‍ അറ്റ്‌ലീ ദീപികക്ക് കഥ വിശദീകരിക്കുന്നതും താരം മോഷന്‍ ക്യാപ്ചര്‍ ടെക്‌നോളജിയില്‍ സീനുകള്‍ ചെയ്യുന്നതിന്റെയും രംഗങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് അണിയറപ്രവര്‍ത്തകര്‍ ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞവര്‍ഷത്തെ വന്‍ വിജയങ്ങളിലൊന്നായ കല്‍ക്കി 2898 എ.ഡിക്ക് ശേഷം ദീപിക പദുകോണ്‍ ഭാഗമാകുന്ന പാന്‍ ഇന്ത്യന്‍ പ്രൊജക്ടാണിത്. സുമതി എന്ന കഥാപാത്രമായാണ് ദീപിക കല്‍ക്കിയില്‍ വേഷമിട്ടത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും ദീപികയുടെ കഥാപാത്രത്തിനാണ് മുന്‍ഗണന. കല്‍ക്കിക്ക് പിന്നാലെ താരം ഭാഗമാകുന്ന അടുത്ത പാന്‍ ഇന്ത്യന്‍ പ്രൊജക്ടാണിത്.
ട്രാന്‍സ്ഫോര്‍മേഴ്സിന്റെ മേക്കപ്പ് മാനും അവഞ്ചേഴ്സിന് വി.എഫ്.എക്സ് ചെയ്ത ലോല വി.എഫ്.എക്സും അക്വാമാന്റെ പ്രൊഡക്ഷന്‍ ഡിസൈനറുമാണ് ഈ മാഗ്‌നം ഓപ്പസ് ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നത്. തെലുങ്കിലെ ഏറ്റവും വലിയ ചിത്രമായിട്ടാണ് ‘AA22 x A6’ ഒരുങ്ങുന്നത്. 600 കോടി ബജറ്റിലാകും ചിത്രം ഒരുങ്ങുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴിലെ പുത്തന്‍ സെന്‍സേഷന്‍ സായ് അഭ്യങ്കറാണ് ചിത്രത്തിന്റെ സംഗീതം.
Content Highlight: Deepika Padukone onboard for Allu Arjun Atlee project