തെരുവുപട്ടി എന്ന സംഗതി ഒരു പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല
DISCOURSE
തെരുവുപട്ടി എന്ന സംഗതി ഒരു പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല
ദീപക് രാജു
Saturday, 27th August 2022, 8:35 pm

ജനീവയില്‍ ഒരു സുഹൃത്തിന് ഒരാഗ്രഹം(സ്വിറ്റ്‌സര്‍ലന്‍ഡില്‍ താമസക്കാരനാണ് ലേഖകകന്‍). വീട്ടില്‍ ഒരു അക്വേറിയം വാങ്ങി അതില്‍ മീന്‍ വളര്‍ത്തണം. പുള്ളി പെറ്റ് ഷോപ്പിലേക്ക് വെച്ചുപിടിച്ചു.
പെറ്റ് ഷോപ്പില്‍ ചെന്ന അദ്ദേഹത്തിന് ഒരു അക്വേറിയം വാങ്ങാന്‍ ബുദ്ധിമുട്ടുണ്ടായില്ല. ലോകത്തെവിടെയും എന്ന പോലെ കാശ് കൊടുത്താല്‍ അക്വേറിയം വാങ്ങാം. അക്വേറിയത്തില്‍ ഇടാന്‍ മീനിനെ വാങ്ങാന്‍ ശ്രമിച്ചപ്പോഴാണ് കഥ മാറിയത്.

മീനിനെ ഉടന്‍ വാങ്ങാന്‍ കഴിയില്ല. അക്വേറിയം വീട്ടില്‍ കൊണ്ടുപോയി അതില്‍ വെള്ളം നിറച്ചുവെക്കണം. എന്നിട്ട് ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞ് അക്വേറിയത്തിലെ വെള്ളത്തിന്റെ സാംപിളുമായി കടയില്‍ തിരിച്ച് ചെല്ലണം. ആ വെള്ളം ടെസ്റ്റ് ചെയ്ത് അതില്‍ മീനിന് ആരോഗ്യത്തോടെ ജീവിക്കാം എന്നുറപ്പാക്കിയിട്ടേ മീനിനെ നല്‍കൂ.

ഇത് മീനിന്റെ കാര്യത്തില്‍ മാത്രമുള്ളതല്ല. ഏത് തരം ജീവിയേയും വളര്‍ത്തുന്നവര്‍ക്ക് ഇവിടെ ചില ഉത്തരവാദിത്തങ്ങള്‍ ഉണ്ട്. ഗിനിപ്പന്നിയും മുയലും പോലുള്ള ജീവികളെ ഒറ്റ ഒരെണ്ണമായി വളര്‍ത്തുന്നതിന് നിരോധനമുണ്ട്. അവയ്ക്ക് കൂട്ട് വേണം.

വീടിന് തൊട്ടടുത്ത് ഒരു ഡോഗ് പാര്‍ക്ക് ഉണ്ട്. ഞങ്ങളുടെ വീട്ടില്‍ നിന്നിറങ്ങിയാല്‍ ഒരു മുന്തിരിത്തോട്ടമാണ്. അതിനപ്പുറം ലേക്കും മലകളും കാണാം. ആ കാഴ്ച ആസ്വദിച്ച് നടക്കാന്‍ ഞങ്ങള്‍ മിക്ക ദിവസങ്ങളിലും മുന്തിരിത്തോട്ടത്തിനടുത്തുള്ള വഴിയിലേക്കിറങ്ങും. അതേ വഴിയിലാണ് ആളുകള്‍ പട്ടികളുമായി ഡോഗ് പാര്‍ക്കിലേക്ക് പോകുന്നത്.

നാട്ടില്‍ പട്ടിയെ കണ്ടാല്‍ ഓടുന്ന എനിക്ക് ഇവിടെ പട്ടികളോട് വലിയ പേടിയില്ല. ഡോഗ് പാര്‍ക്കിലേക്ക് പോകുന്ന പട്ടികളെ കണ്ടാല്‍ വഴി മാറാറില്ല. കൂട്ടുകാരുടെയൊക്കെ പട്ടികളെ ഓമനിക്കാന്‍ മടിയുമില്ല.
ഇവിടെ പട്ടിയെ വഴിയിലിറക്കിയാല്‍ അതിന് ലീഷ് കെട്ടണം. ഡോഗ് പാര്‍ക്ക് പോലുള്ള നിശ്ചിത സ്ഥലങ്ങളില്‍ എത്തിയാലേ ലീഷ് അഴിച്ച് പട്ടിയെ സ്വതന്ത്രരാക്കി വിടാന്‍ പാടുള്ളൂ. പട്ടി കാഷ്ഠിച്ചാല്‍ അത് ഉടമസ്ഥന്‍ പെറുക്കി വേസ്റ്റ് ബാസ്‌കറ്റില്‍ നിക്ഷേപിക്കണം.

ഇവിടെ തെരുവ് പട്ടി എന്നൊരു സംഗതി ഇല്ല. കാരണം, ഓരോ പട്ടിക്കും രേഖയുണ്ട്. ഓരോ പട്ടിയെയും ട്രാക്ക് ചെയ്യാനുള്ള സംവിധാനമുണ്ട്. സ്വന്തം പേരില്‍ വാങ്ങിയ പട്ടിയെ തെരുവിലേക്കിറക്കി വിട്ടാല്‍ നടപടി പുറകേ വരും.

തെരുവ് പട്ടികളെക്കുറിച്ച് ചര്‍ച്ചകള്‍ ഈയിടെയായി ഫീഡില്‍ നിറയുന്നുണ്ട്. പട്ടി ഒരു വന്യജീവിയോ വംശനാശ ഭീഷണി നേരിടുന്ന ജീവിയോ ഒന്നുമല്ല. മനുഷ്യന്റെ ആവശ്യത്തിനായി മനുഷ്യന്‍ ബ്രീഡ് ചെയ്ത് ഉണ്ടാക്കിയ, മനുഷ്യന്റെ ആവശ്യത്തിനായി മാത്രം മനുഷ്യന്റെ ആവാസ വ്യവസ്ഥ പങ്കിടാന്‍ മനുഷ്യന്‍ അനുവദിക്കുന്ന ഒരു ജീവിയാണ്. അങ്ങനെ മനുഷ്യന്റെ ആവശ്യങ്ങള്‍ക്ക് നിയന്ത്രിതമായ രീതിയില്‍ ഉപയോഗിക്കുമ്പോള്‍ ഒഴികെ, നാട്ടിലുള്ള പട്ടി എന്ന് പറയുന്നത് നാട്ടിലുള്ള എലി, നാട്ടിലുള്ള പാമ്പ്, നാട്ടിലുള്ള കൊതുക് ഒക്കെ പോലെ മറ്റൊരു ശല്യകരമായ ജീവിയാണ്.

തെരുവുപട്ടി എന്ന സംഗതി ഒരു പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതേ അല്ല.
തെരുവ് പട്ടി ഉണ്ടാകാനുള്ള സാഹചര്യം തടയണം. വളര്‍ത്തുന്ന പട്ടികളെ ട്രാക്ക് ചെയാവുന്ന സിസ്റ്റം ഉണ്ടാക്കി അവയെ തെരുവില്‍ ഉപേക്ഷിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം.

ഇപ്പോഴുള്ള തെരുവ് പട്ടികളെ ഷെല്‍ട്ടറിലാക്കുകയോ അഡോപ്റ്റ് ചെയ്യുകയോ ചെയ്യാന്‍ ശ്രമിക്കണം. ഒരു കട്ട് ഓഫ് ഡേറ്റ്‌വെച്ച് വലിയൊരു ക്യാംപെയ്ന്‍ നടത്തി തെരുവുപട്ടി പ്രേമികള്‍ക്ക് അവയെ അഡോപ്റ്റ് ചെയ്യാന്‍(വല്ലപ്പോഴും വന്ന് തീറ്റ കൊടുത്ത് നല്ലപിള്ള ചമഞ്ഞിട്ട് ബാക്കി ഉത്തരവാദിത്തവും അസൗകര്യവും സമൂഹത്തെ ഏല്‍പിക്കുന്ന പണിയല്ല) അവസരമുണ്ടാക്കണം. എന്നിട്ടും തെരുവില്‍ അവശേഷിക്കുന്ന പട്ടികളെ കൊന്നുകളയുക തന്നെ വേണം.

പേടിച്ചാലേ പട്ടി പുറകെ വരൂ തുടങ്ങിയ സ്യൂഡോ സയന്‍സുമായി ഈ വഴി വരേണ്ട. പട്ടിയെ പേടിയുള്ളവരും, പട്ടിയെ ഇഷ്ടമില്ലാത്തവരും ഒക്കെ മനുഷ്യരാണ്. പട്ടിയുടെ സൗകര്യം നോക്കി ജീവിക്കാനുള്ള ബാധ്യതയൊന്നും അവര്‍ക്കില്ല. അവര്‍ക്കും വഴി നടക്കണം. അവരുള്‍പ്പടെ മനുഷ്യരുടെ അവകാശത്തിന് താഴെയേ വരൂ പട്ടിയുടെ അവകാശങ്ങള്‍.

CONTENT HIGHLIGHLIGHTS:  deepak raju’s write up about stray dog