മലയാള സിനിമയിൽ സഹനടനായും സ്വഭാവ നടനായും സജീവമായി നിൽക്കുന്ന താരമാണ് ദീപക് പറമ്പോൽ. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് 2010ൽ പുറത്തിറങ്ങിയ ‘മലർവാടി ആർട്സ് ക്ലബ്’ എന്ന ചിത്രത്തിലൂടെയായിരുന്നു ദീപക്കിന്റെ സിനിമാ അരങ്ങേറ്റം.
പിന്നീട് ‘തട്ടത്തിൻ മറയത്ത്’ എന്ന സിനിമയിലെ മനോജ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ താരം, തുടർന്നിങ്ങോട്ട് വൈവിധ്യമാർന്ന വേഷങ്ങളിലൂടെ മലയാള സിനിമയിൽ സജീവ സാന്നിധ്യമായി മാറി.
‘കണ്ണൂർ സ്‌ക്വാഡ്’, ‘മഞ്ഞുമ്മൽ ബോയ്സ്’ എന്നീ ഹിറ്റ് ചിത്രങ്ങളിലും ദീപക് മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഇപ്പോൾ ജോജു ജോർജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത പുതിയ ചിത്രമായ ‘വരവി’ലും ദീപക് ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സിനിമയിലെ തന്റെ ആദ്യകാല അനുഭവങ്ങൾ പങ്കുവെക്കുകയാണ് താരം ഇപ്പോൾ. ‘ഷോസ്കേപ്പ് ജേണൽ’ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ദീപക് മനസ് തുറന്നത്.
‘ആദ്യകാലങ്ങളിൽ സിനിമയുടെ സ്ക്രിപ്റ്റ് വായിച്ച് ഷൂട്ടിങ് ലൊക്കേഷനിൽ എത്തിയപ്പോൾ, രണ്ടു ദിവസം കഴിഞ്ഞപ്പോൾ തന്നെ സിനിമ മൊത്തത്തിൽ വർക്കാവുന്ന ഒന്നല്ല എന്ന് എനിക്ക് തോന്നിയിരുന്നു. എന്നാൽ ആ സമയത്ത് അത് ആരോടും തുറന്നു പറയാൻ കഴിയില്ലായിരുന്നു; അതിൽ ഒന്നും ചെയ്യാനും സാധിക്കുമായിരുന്നില്ല.
അത് ചിലപ്പോൾ എന്റെ തെറ്റുകൊണ്ട് വർക്കാവാതെ ഇരുന്നതാകാം, അല്ലെങ്കിൽ സിനിമയുമായി ബന്ധപ്പെട്ട മറ്റെന്തെങ്കിലും കാരണം കൊണ്ടുമാകാം. സിനിമയല്ലേ, ചിലപ്പോൾ നന്നാവും, ചിലപ്പോൾ നന്നാവില്ല. നമ്മൾ സിനിമകൾ ചെയ്തുകൊണ്ടേയിരിക്കുക, അതുമാത്രമേ ചെയ്യാൻ കഴിയൂ,’ ദീപക് പറഞ്ഞു.
വരവ്.Phioto;IMDB
പുതിയ ചിത്രമായ വരവിന്റെ അനുഭവങ്ങളും ദീപക് പങ്കുവെച്ചു. ഷാജി കൈലാസ് എന്ന സംവിധായകന്റെ കൂടെയുള്ള ഷൂട്ടിങ് അനുഭവങ്ങളും താരം കൂട്ടിച്ചേർത്തു.
‘ഷാജി കൈലാസ് സാർ ആവശ്യമുള്ള ഷോട്ടുകൾ മാത്രമേ എടുക്കാറുള്ളൂ. ചില സിനിമകളിൽ ചില സീനുകൾ വീണ്ടും വീണ്ടും അഭിനയിച്ച് നമ്മൾ മടുത്തുപോകാറുണ്ട്. ‘ഇതെന്തുകൊണ്ടാണ് തീരാത്തത്? എന്തിനാണ് പല ആംഗിളുകളിൽ വെച്ച് ഷൂട്ട് ചെയ്യുന്നത്?’ എന്നൊക്കെ അത്തരം സമയങ്ങളിൽ ചിന്തിച്ചിട്ടുണ്ട്. ഒരേ ആക്ടിവിറ്റി തന്നെ ആവർത്തിച്ച് ചെയ്തുകൊണ്ടിരിക്കുമ്പോൾ നമുക്ക് ബോറടിക്കും. എന്നാൽ ‘വരവ്’ എന്ന സിനിമയിൽ അങ്ങനെ ഉണ്ടായിട്ടില്ല. ഷാജി സാർ ആവശ്യമുള്ള കാര്യങ്ങൾ മാത്രമേ ഷൂട്ട് ചെയ്യാറുള്ളൂ. കൃത്യമായ ഒരു എഡിറ്റിങ് പാറ്റേൺ സാറിന്റെ മനസ്സിൽ ഉള്ളതുകൊണ്ടും അദ്ദേഹത്തിന്റെ മികച്ച പ്രവൃത്തിപരിചയം കൊണ്ടും അഭിനേതാക്കൾക്ക് കാര്യങ്ങൾ വളരെ എളുപ്പമാണ്,’ ദീപക് കൂട്ടിച്ചേർത്തു.
Content Highlight:Deepak Parampol talks about his early experience in cinema