മലയാള സിനിമയിൽ സഹനടനായും സ്വഭാവ നടനായും സജീവമായി നിൽക്കുന്ന താരമാണ് ദീപക് പറമ്പോൽ. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് 2010ൽ പുറത്തിറങ്ങിയ ‘മലർവാടി ആർട്സ് ക്ലബ്’ എന്ന ചിത്രത്തിലൂടെയായിരുന്നു ദീപക്കിന്റെ സിനിമാ അരങ്ങേറ്റം.
പിന്നീട് ‘തട്ടത്തിൻ മറയത്ത്’ എന്ന സിനിമയിലെ മനോജ് എന്ന കഥാപാത്രവും വളരെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോൾ ആ കഥാപാത്രം തന്റെ സിനിമ ജീവിതത്തിൽ വരുത്തിയ മാറ്റങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ദീപക്. ‘ഷോസ്കേപ്പ് ജേണൽ’ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ദീപക് മനസ് തുറന്നത്.
‘തട്ടത്തിൻ മറയത്ത്’ ചെയ്യുമ്പോൾ എന്റെ ഡയലോഗ് എനിക്ക് നേരത്തെ തന്നെ തന്നിരുന്നു. ഷൂട്ടിങ്ങിന് കുറച്ചുദിവസം മുമ്പ് വിനീതേട്ടന്റെ വീട്ടിൽ വെച്ച് ഒരു സ്ക്രിപ്റ്റ് റീഡിങ് സെഷൻ ഉണ്ടായിരുന്നു. സ്ക്രിപ്റ്റ് കയ്യിൽ കിട്ടിയപ്പോൾ ഞാൻ എന്റെ കഥാപാത്രത്തിന്റെ പേര് നോക്കി, മനോജ്. എന്നാൽ അതിൽ ഡയലോഗുകൾ കുറവായത്കൊണ്ട് ‘ദൈവമേ, മനോജിന് ഒന്നുമില്ലല്ലോ’ എന്ന് ഞാൻ ഓർത്തു. അന്ന് വിനീതേട്ടനും നിവിനും എന്നോട് ആദ്യമേ പറഞ്ഞിട്ടുണ്ടായിരുന്നു, ‘ഒരു സീനുണ്ട്, അത് വർക്കായാൽ തിയേറ്ററിൽ ഓഡിയൻസിന് വലിയ രീതിയിൽ കണക്റ്റാവും’ എന്ന്.
ദീപക് പറമ്പോൽ.Photo:Entertainment.ie
കുറച്ചുകൂടി സീനുകൾ ഉണ്ടായിരുന്നെങ്കിൽ നന്നായേനെ എന്നാണ് ഞാൻ അപ്പോൾ വിചാരിച്ചത്. പിന്നീട് സ്ക്രിപ്റ്റ് മറിച്ചുനോക്കിയപ്പോൾ മനോജിന് ചിലയിടങ്ങളിലൊക്കെ ഡയലോഗുകൾ ഉണ്ടെന്ന് മനസിലായി. എങ്കിലും കുറച്ചുകൂടി ഡയലോഗ് കിട്ടിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു. തുടർന്ന് ഞാൻ എന്റെ ഡയലോഗുകൾ ഒരു പേപ്പറിൽ എഴുതിയെടുത്ത്, വീട്ടിൽ പോയി കാണാപാഠം പഠിക്കാൻ തുടങ്ങി. എന്നാൽ അഞ്ച് ദിവസത്തിന് ശേഷമാണ് ഷൂട്ട് തുടങ്ങിയത്. അപ്പോഴേക്കും പഠിച്ചതൊക്കെ ഞാൻ മറന്നുപോയിരുന്നു; ഷൂട്ടിങ് സമയത്ത് വലിയ ടെൻഷനുമായി.
പാർട്ടി ഓഫീസിലെ ആ സീൻ എടുക്കുന്നതിന് തൊട്ടുമുമ്പും എനിക്ക് വല്ലാതെ ടെൻഷൻ ഉണ്ടായിരുന്നു. ആദ്യ ടേക്കിൽ അത് ഓക്കെയായില്ല. ഞാൻ ഒന്ന് പുറത്തുപോയി ആലോചിച്ച് തിരികെ വന്നു. ‘ടേക്ക് പോകണോ അതോ റിഹേഴ്സൽ വേണോ’ എന്ന് വിനീതേട്ടൻ ചോദിച്ചപ്പോൾ, ‘ടേക്ക് പോകാം’ എന്ന് ഞാൻ പറഞ്ഞു.
അങ്ങനെ ആ ടേക്കിൽ ഒപ്പിയെടുത്തതാണ് ആ സീൻ. അന്ന് സെറ്റിലുണ്ടായിരുന്ന എല്ലാവരും കൈയടിച്ചു. തിയേറ്ററിലും വലിയ കൈയടിയാണ് ആ സീനിന് ലഭിച്ചത്. ഞാൻ സ്ക്രിപ്റ്റ് വായിക്കുന്ന സമയത്ത് ഈ കഥാപാത്രത്തിന്റെ ഇമ്പാക്ട് ഇത്രത്തോളം ഉണ്ടാകുമെന്ന് കരുതിയിരുന്നില്ല. സിനിമ ഇറങ്ങിയ സമയത്തും, ഇപ്പോഴും ആളുകൾ ആ സീനിനെക്കുറിച്ച് സംസാരിക്കാറുണ്ട്. ആ ഒറ്റ സിനിമയിലെ ആ ഒരൊറ്റ ഡയലോഗാണ് ഇത്രയും കാലം എന്നെ സിനിമയിൽ നിലനിർത്തിയത് എന്ന് എനിക്ക് തോന്നുന്നു,’ ദീപക് പറമ്പോൽ പറഞ്ഞു.
Content Highlight:Deepak Parampol says his role as Manoj in Thattathin Marayathu kept him in cinema