| Thursday, 3rd April 2025, 11:16 am

ആ നടനെ സൂപ്പര്‍സ്റ്റാര്‍ ആക്കിയ സിനിമ, അദ്ദേഹത്തിന്റെ ജഡ്ജ്‌മെന്റുകള്‍ തെറ്റാറില്ല: ദീപക് ദേവ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംഗീതപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംഗീത സംവിധായകനാണ് ദീപക് ദേവ്. ക്രോണിക് ബാച്ച്‌ലര്‍ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് അദ്ദേഹം സംഗീത സംവിധായകനായി തന്റെ കരിയര്‍ തുടങ്ങിയത്.
ആദ്യ ചിത്രത്തിലെ ഗാനങ്ങള്‍ ഹിറ്റായി മാറിയപ്പോള്‍ തുടക്കകാലത്ത് തന്നെ തിരക്കുള്ള സംഗീത സംവിധായകനായി മാറാന്‍ ദീപക്കിന് സാധിച്ചു.

2009 ല്‍ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം പുതിയമുഖത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത് ദീപക് ദേവായിരുന്നു. ഇപ്പോള്‍ സിനിമയെ പറ്റിയുള്ള പൃഥ്വിരാജിന്റെ അറിവിനെ കുറിച്ച് സംസാരിക്കുകയാണ് ദീപക് ദേവ്.

പുതിയമുഖം എന്ന സിനിമയിലൂടെയാണ് പൃഥ്വിരാജ് എന്ന നടന്‍ സൂപ്പര്‍ സ്റ്റാറാകുന്നതെന്നും അന്ന് മുതല്‍ തന്നെ എല്ലാ കാര്യങ്ങളിലും അദ്ദേഹം വളരെ കാല്‍കുലേറ്റിവാണെന്നും ദീപക് ദേവ് പറയുന്നു. കാണികളുടെ സൈക്കോളജി വളരെ കൃത്യമായി അറിയുന്നയാളാണ് പൃഥ്വിരാജെന്നും സിനിമയുടെ മ്യൂസിക് തുടങ്ങി എല്ലാ കാര്യത്തിലും അദ്ദേഹത്തിന്റേതായ ഐഡിയകളുണ്ടെന്നും ദീപക് ദേവ് കൂട്ടിചേര്‍ത്തു.

ഒര്‍ജിനല്‍സുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പുതിയ മുഖത്തിലൂടെയാണ് പൃഥ്വി സൂപ്പര്‍ സ്റ്റാര്‍ ആകുന്നത്. അന്ന് തൊട്ടെ പുള്ളി ഭയങ്കര കാല്‍കുലേറ്റിവാണ്. കാണികളുടെ സൈക്കോളജി പുള്ളിക്ക് നന്നായി അറിയാം. എന്താണ് തീയേറ്ററില്‍ ഉണ്ടാകാന്‍ പോകുന്നത് എന്ന് അദ്ദേഹത്തിന് അറിയാം. നമ്മള്‍ ഒരു സിനിമ കാണുമ്പോള്‍ ഇന്ന സ്ഥലത്ത് മ്യൂസിക് ഇത്ര പോരാ ഇതിനെക്കാളും ലൗഡ് ആയിരിക്കണം എന്നാലെ അത് ആ സീനില്‍ ഏല്‍ക്കുകയുള്ളൂ അപ്പോഴെ തീയേറ്ററില്‍ ആരവം ഉണ്ടാകുകയുള്ളൂ തുടങ്ങി കുറേ കാര്യങ്ങള്‍ പൃഥ്വി പറയാറുണ്ട്.

ഈ കാര്യങ്ങളൊക്കെ പുള്ളിക്കെങ്ങനെ അറിയാമെന്ന് ഞാന്‍ വിചാരിക്കാറുണ്ട്, ചോദിച്ചിട്ടുമുണ്ട്. അതൊക്കെ അറിയാം അതങ്ങനെയെ വരുകയുളളൂ എന്ന് പൃഥ്വി പറഞ്ഞു. അത് ശരിയുമായിരിക്കും സിനിമ തീയേറ്ററില്‍ പോയി കാണണമെന്നില്ല ഇതിനൊക്കെ ഒരു പാറ്റേണ്‍ ഉണ്ട് ആ പാറ്റേണ്‍ നമ്മള്‍ സ്ട്രിക്റ്റായിട്ട് ഫോളോ ചെയ്താല്‍ അത് നമ്മള്‍ക്ക് മനസിലാകുമെന്ന് പൃഥി പറയാറുണ്ട്,’ ദീപക് ദേവ് പറയുന്നു.

ദീപന്‍ സംവിധാനം ചെയ്ത് എം. സിന്ധുരാജ് തിരക്കഥയെഴുതിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് പുതിയ മുഖം. പുതിയ മുഖം ബോക്സ് ഓഫീസില്‍ വന്‍ വാണിജ്യ വിജയമായിരുന്നു, പൃഥ്വിരാജ് സുകുമാരനെ മലയാള ചലച്ചിത്രമേഖലയിലെ സൂപ്പര്‍സ്റ്റാറായി ഉയര്‍ത്തിയ ചിത്രം കൂടെയായിരുന്നു ഇത്.

Content Highlight: Deepak dev talks about Prithviraj

We use cookies to give you the best possible experience. Learn more