ആവേശ് ഖാന്‍ പുറത്ത്; ഇന്ത്യന്‍ ടീമില്‍ ഇനി അവന്‍ കളിക്കും
Sports News
ആവേശ് ഖാന്‍ പുറത്ത്; ഇന്ത്യന്‍ ടീമില്‍ ഇനി അവന്‍ കളിക്കും
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 8th September 2022, 5:37 pm

ഇന്ത്യന്‍ യുവപേസര്‍ ആവേശ് ഖാന് പകരക്കാരനായി ദീപക് ചഹറിനെ നിര്‍ദേശിച്ച് ഓള്‍ ഇന്ത്യ സീനിയര്‍ സെലക്ഷന്‍ കമ്മിറ്റി. ഏഷ്യാ കപ്പിലെ തങ്ങളുടെ അവസാന മത്സരത്തിന് വേണ്ടിയാണ് ആവേശ് ഖാന് പകരക്കാരനായി ദീപക് ചഹറിനെ തെരഞ്ഞെടുത്തത്.

‘ആവേശ് ഖാന്‍ അസുഖത്തില്‍ നിന്നും സുഖം പ്രാപിച്ചു വരികയാണ്. അവന്‍ പൂര്‍ണമായും വിശ്രമിക്കണമെന്നാണ് ബി.സി.സി.ഐ മെഡിക്കല്‍ ടീം നിര്‍ദേശിച്ചിരിക്കുന്നത്,’ ടീം പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

ഏഷ്യാകപ്പിലുടനീളം മോശം പ്രകടനമാണ് താരം പുറത്തെടുത്തത്. പാകിസ്ഥാനെതിരായ മത്സരത്തില്‍ രണ്ട് ഓവര്‍ മാത്രമെറിഞ്ഞ് 19 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കുഞ്ഞന്‍മാരായ ഹോങ്കോങ്ങിനെതിരായ മത്സരത്തില്‍ 24 പന്തില്‍ നിന്നും 53 റണ്‍സാണ് താരം വഴങ്ങിയത്.

സ്റ്റാന്‍ഡ് ബൈ താരമായിട്ടായിരുന്നു ബി.സി.സി.ഐ ചഹറിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

വ്യാഴാഴ്ചയാണ് സൂപ്പര്‍ കപ്പിലെ ഇന്ത്യയുടെ അവസാന മത്സരം. കഴിഞ്ഞ മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ പാകിസ്ഥാനോട് പരാജയപ്പെട്ടതിന് പിന്നാലെ നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായിരുന്നു.

അവസാന ഓവര്‍ വരെ ആവേശം തുടര്‍ന്ന പാക് – അഫ്ഗാന്‍ മത്സരത്തില്‍, ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സായിരുന്നു നേടിയത്.

130 റണ്‍സ് എന്ന ലക്ഷ്യവുമായി ഇറങ്ങിയ പാകിസ്ഥാന്‍ പതിനാറാം ഓവര്‍ വരെ തരക്കേടില്ലാത്ത പ്രകടനം പുറത്തെടുത്തെങ്കിലും പിന്നീട് അഫ്ഗാന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ അടി പതറി. 118 റണ്‍സാകുമ്പോഴേക്കും ഒമ്പത് വിക്കറ്റും നഷ്ടപ്പെട്ടു.

എന്നാല്‍ അവസാന ഓവറില്‍ നസീം ഷാ നടത്തിയ മിന്നും പ്രകടനം പാകിസ്ഥാനെ വിജയത്തിലെത്തിച്ചു. ആറ് ബോളില്‍ നിന്നും 11 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ഈ ലക്ഷ്യം ആദ്യ രണ്ട് പന്തില്‍ സിക്സര്‍ പായിച്ചുകൊണ്ട് നസീം ഷാ നേടുകയായിരുന്നു.

നേരത്തെ സൂപ്പര്‍ ഫോറില്‍ കളിച്ച രണ്ട് കളിയിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു. പാകിസ്ഥാനെതിരായ മത്സരത്തില്‍ അഞ്ച് വിക്കറ്റിനും ശ്രീലങ്കയോട് ആറ് വിക്കറ്റിനുമായിരുന്നു ഇന്ത്യ പരാജയപ്പെട്ടത്.

മുഖം രക്ഷിക്കാനെങ്കിലും അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് ജയിക്കണം. എന്നാല്‍ അഫ്ഗാന്റെ ബൗളിങ് നിരയെ മറികടക്കുക എന്ന കാര്യം ഇന്ത്യക്ക് ഒരിക്കലും എളുപ്പമാകില്ല.

Content Highlight:  Deepak Chahar Replaces Avesh Khan In India’s Asia Cup Squad against Afghanistan