തിരുവനന്തപുരം: മുഖ്യമന്ത്രി ചർച്ചകളിൽ ഘടകകക്ഷികളുടെ അഭിപ്രായം തേടി കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി. വിജയിച്ച എം.എൽ.എ മാരുടെയും അഭിപ്രായം തേടുമെന്നും ഹൈക്കമാന്റാണ് തീരുമാനമെടുക്കേണ്ടതെന്നും അവർ പറഞ്ഞു.
‘പൊതുജനം വോട്ടുചെയ്തു, അവർ ഞങ്ങളെ വിശ്വസിച്ചു അവർക്ക് ഞങ്ങളിൽ പ്രതീക്ഷയുണ്ട്, പ്രതീക്ഷകയ്‌ക്കൊത്ത ഒരു തീരുമാനവുമായി ഞങ്ങൾ എത്തും, കേരളത്തിന്റെ ഭാവിക്കായി ഞങ്ങൾ കഴിയുന്നതെല്ലാം ചെയ്യും,’ ദീപാദാസ് പറഞ്ഞു.
തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിച്ചാൽ കോൺഗ്രസിന് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിൽ കൃത്യമായ നടപടിക്രമങ്ങളുണ്ടെന്നും വിജയിച്ച എം.എൽ.എ മാരുടെ അഭിപ്രായം തേടി ഹൈക്കമാന്റ് ഉചിതമായ തീരുമാനമെടുക്കുമെന്നും അവർ പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള തർക്കങ്ങൾ സമൂഹ മാധ്യമങ്ങളിൽ മാത്രമാണുള്ളതെന്നും കോൺഗ്രസിൽ അത്തരമൊരു തർക്കമില്ലെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി പറഞ്ഞു. എല്ലാവർക്കും അവരുടെ അഭിപ്രായം പറയുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കൂട്ടിച്ചേർത്തു.
സോഷ്യൽ മീഡിയ ചർച്ചകൾക്കപ്പുറം കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾ പരസ്യമായിപോലും നേതാക്കളും പ്രവർത്തകരും പുറത്തെടുത്തിരുന്നു. നിയുക്ത മുഖ്യമന്ത്രിക്ക് അഭിവാദ്യമർപ്പിച്ചുകൊണ്ട് ബോർഡുകളടക്കം പ്രത്യക്ഷപ്പെട്ട സാഹചര്യത്തിലാണ് ദീപാദാസ് മുൻഷിയുടെ പ്രതികരണം.
മുഖ്യമന്ത്രി ചർച്ചകൾ കോൺഗ്രസിൽ സജീവമായതോടെ നേതാക്കൾക്ക് താകീതുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി രംഗത്തെത്തിയിരുന്നു.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുമ്പുതന്നെ മുഖ്യമന്ത്രി ചർച്ചകളിലേക്ക് കടക്കുന്നതിനെ കുറിച്ച് ദീപാദാസ് മുൻഷി പ്രതികരിച്ചത് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ തീർത്തും അസാധാരണമാണ്.
Content Highlight: Deepadas Munshi seeks opinions of constituents in CM talks