കുഞ്ചാക്കോ ബോബന്റെ ആരാധകരുടെ എക്കാലത്തെയും ഫേവറെറ്റ് ചിത്രങ്ങളിലൊന്നാണ് പ്രിയം. സനല്‍ സംവിധാനം ചെയ്ത് 2000ല്‍ റിലീസായ ചിത്രം വന്‍ വിജയമായി മാറി. ചിത്രം കണ്ട പലരുടെയും മനം കവര്‍ന്ന താരമായിരുന്നു നായികയായെത്തിയ ദീപ നായര്‍. ആദ്യ ചിത്രത്തിലൂടെ പലരുടെയും ഇഷ്ടം സ്വന്തമാക്കിയ ദീപ പിന്നീട് ഒരൊറ്റ ചിത്രവും ചെയ്തിട്ടില്ലായിരുന്നു.
പ്രിയത്തിന് ശേഷം ദീപ സിനിമകളൊന്നും ചെയ്യാത്തതിനെക്കുറിച്ച് പല തരത്തിലുള്ള കാരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. അതിലൊന്നായിരുന്നു ചിത്രത്തിന്റെ നിര്‍മാതാവ് ദീപയുടെ അച്ഛനാണ് എന്നത്. കുഞ്ചാക്കോ ബോബന്റെ നായികയായി അഭിനയിക്കാന്‍ ആഗ്രഹമുള്ള മകള്‍ക്ക് വേണ്ടി അച്ഛന്‍ ഒരു സിനിമ നിര്‍മിച്ചെന്നും എന്നാല്‍ അതിന് ശേഷം പഠനത്തില്‍ ശ്രദ്ധ നല്‍കണമെന്ന കണ്ടീഷന്‍ വെച്ചെന്നുമുള്ള കഥകള്‍ അടുത്തിടെ പ്രചരിച്ചു.
ഇപ്പോഴിതാ അത്തരം കഥകളെക്കുറിച്ച് സംസാരിക്കുകയാണ് ദീപ നായര്‍. തനിക്ക് വേണ്ടി അച്ഛന്‍ നിര്‍മിച്ച സിനിമയാണ് പ്രിയം എന്ന തരത്തില്‍ ഒരുപാട് പോസ്റ്റുകള്‍ ശ്രദ്ധയില്‍ പെട്ടിരുന്നെന്ന് ദീപ പറയുന്നു. എന്നാല്‍ സത്യം അതൊന്നുമല്ലെന്നും ആരോ പടച്ചുവിട്ട കഥയാണ് അതൊക്കെയെന്നും താരം കൂട്ടിച്ചേര്‍ത്തു.
‘ഞാനും അങ്ങനെ കുറെ കഥകള്‍ കണ്ടു. എനിക്ക് വേണ്ടി അച്ഛന്‍ ആ സിനിമ പ്രൊഡ്യൂസ് ചെയ്‌തെന്നും ഒരു സിനിമ ചെയ്തുകഴിഞ്ഞാല്‍ പിന്നെ പഠനത്തില്‍ മാത്രം ശ്രദ്ധിക്കണമെന്ന് പറഞ്ഞെന്നുമൊക്കെ. ആരാണ് അതൊക്കെ അടിച്ചിറക്കിയതെന്ന് അറിയില്ല. പ്രിയത്തിന്റെ പ്രൊഡ്യൂസറുടെ പേരില്‍ ഒരു നായരുണ്ട്. അതും എന്റെ പേരും കണക്ട് ചെയ്തിട്ടാണ് ഈ കഥയുണ്ടാക്കിയതെന്ന് തോന്നുന്നു.
കഴിഞ്ഞദിവസം ആ പ്രൊഡ്യൂസറുടെ ഫാമിലി എന്നെ വിളിച്ച് ഈ കഥയെക്കുറിച്ച് സംസാരിച്ചു. പ്രൊഡ്യൂസറായിരുന്ന ആള്‍ മരിച്ചു. അദ്ദേഹത്തിന്റെ മക്കളായിരുന്നു എന്നോട് സംസാരിച്ചത്. ഈ കഥയൊക്കെ അവര്‍ക്ക് വിഷമമുണ്ടാക്കുന്നുണ്ട്. കഥയുണ്ടാക്കിയവര്‍ക്ക് അതൊന്നും അറിയണ്ടല്ലോ.
പ്രിയത്തിന് ശേഷം ഞാന്‍ വേറെ സിനിമ ചെയ്യാത്തതിന് മറ്റൊരു കാരണമാണ്. പഠനത്തിലായിരുന്നു ഞാന്‍ പിന്നീട് ശ്രദ്ധ കൊടുത്തത്. അതിന് ശേഷം സിനിമയില്‍ ട്രൈ ചെയ്യാന്‍ നോക്കിയെങ്കിലും എന്നെ തേടിയെത്തിയ കഥയിലൊന്നും താത്പര്യം തോന്നിയില്ല,’ ദീപ നായര്‍ പറയുന്നു.
ഹോളിവുഡ് ചിത്രമായ ഹൗസ്‌ബോട്ട്, ഹിന്ദി ചിത്രം ഹം ഹേ രഹാ ഹേ പ്യാര്‍ കേ എന്നീ സിനിമകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടായിരുന്നു സനല്‍ പ്രിയം ഒരുക്കിയത്. റോം കോം ഴോണറിലൊരുങ്ങിയ പ്രിയത്തിലെ ഗാനങ്ങള്‍ ഇന്നും പലരുടെയും പ്ലേലിസ്റ്റ് ഭരിക്കുന്നുണ്ട്. ചിത്രത്തെക്കുറിച്ചുള്ള ഇല്ലാക്കഥ പൊളിഞ്ഞതാണ് ഇപ്പോള്‍ സിനിമാപേജുകളിലെ ചര്‍ച്ച.
Content Highlight: Deepa Nair saying the stories spreading in Social media about Priyam movie is fake