ലോക ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു പേരാണ് ലാമിന്‍ യമാല്‍. ബാഴ്സലോണയുടെ സ്പാനിഷ് താരം കറ്റാലന്‍ ക്ലബ്ബിന്റെ അക്കാദമിയായ ലാ മാസിയയിലൂടെയാണ് വളര്‍ന്നുവന്നത്. കളിക്കളത്തില്‍ മാസ്മരിക പ്രകടനങ്ങള്‍ കാഴ്ചവെക്കുന്ന കൗമാര താരം ഇന്ന് ഏറെ മൂല്യമുള്ള ടോപ് ഗണ്‍ ഫുട്‌ബോളറാണ്.
17ാം വയസില്‍ തന്നെ യുവേഫ ചാമ്പ്യന്‍സ് ട്രോഫിയിലും ലാലിഗയിലുമടക്കം യമാല്‍ ഇതിനോടകം തന്നെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഇതിഹാസ താരമായ ലയണല്‍ മെസിക്കൊപ്പമാണ് താരത്തിനെ ഇന്ന് പലരും താരതമ്യപ്പെടുത്തുന്നത്. ഇപ്പോള്‍ താരത്തെക്കുറിച്ച് സംസാരിക്കുകയാണ് ബാഴ്‌സലോണയുടെ ഡയറക്ടര്‍ ഡീക്കോ.
ബാഴ്‌സയുടെ പെഡ്രി, ഡെംബാലെ, വിറ്റിഞ്ഞ എന്നിവരെ പോലെ ബാലന്‍ഡി ഓറിന് സ്വന്തമാക്കാന്‍ ലാമിനും ഒരു അവസരമുണ്ടെന്നാണ് ഡീക്കോ പറഞ്ഞത്. മാത്രമല്ല അവാര്‍ഡുകള്‍ക്കായുള്ള മത്സരയോട്ടത്തില്‍ ബാഴ്സ തിരിച്ചുവരുന്നത് കാണുക എന്നതാണ് ഏറ്റവും വലിയ കാര്യമെന്നും ഡീക്കോ പറഞ്ഞു.
‘പെഡ്രി, ഡെംബാലെ, വിറ്റിഞ്ഞ എന്നിവരെ പോലെ ബാലന്‍ഡി ഓറിന് ലാമിനും ഒരു അവസരമുണ്ട്. അവാര്‍ഡുകള്‍ക്കായുള്ള മത്സരയോട്ടത്തില്‍ ബാഴ്സ തിരിച്ചുവരുന്നത് കാണുക എന്നതാണ് ഏറ്റവും വലിയ കാര്യം. മാത്രമല്ല ലാമിന്‍ ലാമിന്‍ ആണ്, ലിയോ ലിയോ ആണ്.
ഈ ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനായിരുന്നു ലിയോ, അവന്‍ എനിക്ക് ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ്. അതേസമയം ലാമിന്‍ ഫുട്‌ബോള്‍ കളിക്കുന്നത് പ്രത്യേക ശൈലിയിലാണ്. അവന്‍ പ്രത്യേകതയുള്ളവനാണ്,’ ഡീക്കോ പറഞ്ഞു.