സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികളായിരുന്നെങ്കില്‍ മാധ്യമങ്ങള്‍ ഭൂമി കുലുക്കുമായിരുന്നില്ലേ; സി.ജെ. റോയിയുടെ മരണത്തില്‍ വിമര്‍ശനം
Kerala
സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികളായിരുന്നെങ്കില്‍ മാധ്യമങ്ങള്‍ ഭൂമി കുലുക്കുമായിരുന്നില്ലേ; സി.ജെ. റോയിയുടെ മരണത്തില്‍ വിമര്‍ശനം
ശ്രീലക്ഷ്മി എ.വി.
Saturday, 31st January 2026, 12:39 pm

തിരുവനന്തപുരം: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ റോയിയുടെ മരണത്തിൽ കേന്ദ്രസർക്കാരിനെയും കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ഏജൻസികളെയും വിമർശിക്കാത്ത മലയാള മാധ്യമങ്ങൾക്ക് വിമർശനം.

സി. ജെ റോയിയുടെ മരണത്തിൽ കേന്ദ്ര ഏജൻസികളുടെ പങ്കിനെകുറിച്ച് മലയാള മാധ്യമങ്ങൾ എത്ര സോഫ്റ്റായിട്ടാണ് റിപ്പോർട്ട് ചെയ്യുന്നതെന്ന് സാമൂഹിക നിരീക്ഷകൻ ബഷീർ വള്ളിക്കുന്ന് പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ഏതെങ്കിലും ഏജൻസികളുടെ വേട്ടയാടലിന്റെ ഫലമായിട്ടാണ് ഇത്തരമൊരു മരണം സംഭവിച്ചതെങ്കിൽ മാധ്യമങ്ങൾ ഭൂമികുലുക്കുമായിരുന്നെല്ലോയെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ ചോദിച്ചു.

മലയാള മാധ്യമരംഗത്ത് സി. ജെ റോയിയെ ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തിയ സ്ഥാപനം ഏഷ്യാനെറ്റാണെന്നും എന്നാൽ കേന്ദ്ര സർക്കാരിനെതിരെയോ ഏജൻസികൾക്കെതിരെയോ ഒരക്ഷരം പറയാൻ അവരുടെ നാക്ക് പൊങ്ങിയില്ലെന്നും അത്രയും സംഘപരിവാർ വിധേയത്വം ആ ചാനലിന് കാണാമെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഐഡിയ സ്റ്റാർ സിങറടക്കമുള്ള അവരുടെ എല്ലാ പ്രോഗ്രാമുകളുടേയും പ്രധാന സ്പോൺസറായിരുന്ന വ്യക്തിയാണ് റോയി. സ്റ്റാർ സിംഗറിന്റെ തുടക്കത്തിൽ 40 ലക്ഷം രൂപയുടെ ഫ്‌ളാറ്റാണ് വിജയിക്ക് റോയി കൊടുത്തത്. അക്കാലത്തൊക്കെ അത് സങ്കൽപ്പിക്കാൻ സാധിക്കുന്നതിലും അപ്പുറമുള്ള സ്പോണ്സറിങായിരുന്നു. ആ മനുഷ്യൻ കേന്ദ്ര ഏജൻസികളുടെ ക്രൂരമായ വേട്ടയാടലിന്റെ ഫലമായി ജീവനൊടുക്കിയപ്പോൾ ആ ഏജൻസികൾക്കെതിരെയോ കേന്ദ്ര സർക്കാരിനെതിരെയോ ഒരക്ഷരം പറയാൻ പറയാൻ നാക്ക് പൊങ്ങാത്ത വിധം സംഘപരിവാർ വിധേയത്വം ആ ചാനലിൽ നാം കാണുന്നു,’ ബഷീർ വള്ളിക്കുന്ന് പറഞ്ഞു.

ഐ.ടി ഉദ്യോഗസ്ഥന്മാർ പൊതുവെ വളരെ മാന്യമായി പെരുമാറുന്നവരാണ്, ആരെയും വേട്ടയാടുകയോ സമ്മർദത്തിലാക്കുകയോ ചെയ്യുന്ന പതിവ് അവർക്കില്ലെന്നൊക്കെ 24ന്യൂസിലെ ശ്രീകണ്ഠൻ നായർ പറയുന്നത് കേട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഹോ എന്തൊരു സോഫ്റ്റ്നെസ്സ്‌. കേന്ദ്ര ഏജൻസികളെ ഒരു തൂവൽ കൊണ്ട് പോലും നോവിക്കാത്ത വിധമുള്ള തലോടൽ. ശ്രീകണ്ഠൻ നായരുടെ മാധ്യമ ജീവിതത്തിൽ ഏറ്റവും കൂടുതൽ പിന്തുണ നല്കിയ ഒരു മനുഷ്യന്റെ ദാരുണമായ അന്ത്യത്തിന് കാരണമായ കേന്ദ ഏജൻസികളുടെ വേട്ടയാടലിനെപ്പോലും വെളുപ്പിക്കാനുള്ള ശ്രമം,’ ബഷീർ പറഞ്ഞു.

കേന്ദ്രസർക്കാറിന്റെയും സംഘപരിവാറിന്റെയും കാവൽപട്ടികളാണ് മലയാളത്തിലെ മാധ്യമങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സി.ജെ റോയിയുടെ മരണത്തിൽ സംഘപരിവാറിനെതിരെ സാമൂഹ്യമാധ്യമങ്ങളിൽ വിമർശനങ്ങൾ ഉയരുന്നതിനൊപ്പം മുഖ്യധാരാ മലയാള മാധ്യമങ്ങൾ സി.ജെ റോയിയുടെ മരണവാർത്ത റിപ്പോർട്ട് ചെയ്യുന്ന രീതികളെയും വിമർശിക്കുന്നുണ്ട്.

കേന്ദ്ര സർക്കാരിനെയോ സംഘപരിവാറിനെയോ വിമർശിക്കാതെ, തൊട്ട് തലോടികൊണ്ടാണ് വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതെന്നുമുള്ള വിമർശനം സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.

സി.കെ.റോയിയുടെ മരണത്തിൽ ഭയപ്പെടുത്തുന്ന ശാന്തതയോടെയാണ് ആദരാഞ്ജലികൾ പ്രവഹിക്കുന്നതെന്നുമുള്ള അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.

സുഹൃത്തുക്കളും പരിചയക്കാരും അടങ്ങിയ മാധ്യമ ലോകം സംഘികൾക്ക് കീഴടങ്ങിയാണ് ഇവിടെ തുടരുന്നത് എന്നാലോചിക്കുമ്പോൾ അപാരമായ ഭയം തോന്നുന്നുവെന്ന അഭിപ്രായങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പലരും പങ്കുവെക്കുന്നത്.

കഴിഞ്ഞ ദിവസമായിരുന്നു സി.ജെ. റോയ്‌യെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഓഫീസിൽ ഇൻകം ടാക്സ് ഡിപ്പാർട്മെന്റിന്റെ റെയ്ഡ് നടന്നതിനുപിന്നാലെയായിരുന്നു മരണം.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപനങ്ങളില്‍ ആദായനികുതി, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നീ കേന്ദ്ര ഏജൻസികൾ പരിശോധന നടത്തിവരികയാണ്. സമാനമായി ഇന്നലെയും (വെള്ളി) റെയ്ഡ് നടന്നിരുന്നു.

Content Highlight: Malayalam media criticized for not criticizing the central government and agencies under the central government in the death of Confident Group owner C.J. Roy

ശ്രീലക്ഷ്മി എ.വി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.