ശ്രീവല്ലിയുടെ പിന്നാലെ തോളും ചെരിച്ച് വാര്‍ണര്‍, സാമി സാമി വേണമെന്ന് ആരാധകര്‍; വീഡിയോ
DSport
ശ്രീവല്ലിയുടെ പിന്നാലെ തോളും ചെരിച്ച് വാര്‍ണര്‍, സാമി സാമി വേണമെന്ന് ആരാധകര്‍; വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 21st January 2022, 4:36 pm

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരമാണെങ്കിലും ഇന്ത്യക്കാര്‍ക്കും പ്രിയങ്കരനാണ് ഡേവിഡ് വാര്‍ണര്‍. എന്നാലത് ക്രിക്കറ്റ് കളി കൊണ്ട് മാത്രമല്ല. അദ്ദേഹത്തിന്റെ ടിക്-ടോക് വീഡിയോ കൊണ്ടും കൂടിയാണ്. ഇന്ത്യന്‍ സിനിമ പാട്ടുകള്‍ക്ക് ചുവട് വെച്ചു കൊണ്ട് പലപ്പോഴും കുടുംബസമേതം ടിക് ടോക് വീഡിയോയിലെത്താറുണ്ട്.

അല്ലു അര്‍ജുന്‍ ചിത്രമായ ‘അലാ വൈകുണ്ഡപുരം’ എന്ന ചിത്രത്തിലെ ‘ബുട്ട ബൊമ്മ’ എന്നു തുടങ്ങുന്ന പാട്ടിന് ചുവടുവെച്ച വാര്‍ണറിന്റെ ടിക് ടോക്ക് വീഡിയോയ്ക്കും ആരാധകര്‍ ഏറെയാണ്.

എന്നാല്‍ ഇപ്പോഴിതാ പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് വാര്‍ണര്‍. അല്ലു അര്‍ജുന്‍ നായകനായ പുഷ്പ എന്ന ചിത്രത്തിലെ ശ്രീവല്ലി എന്ന ഗാനത്തിനാണ് ഇത്തവണ വാര്‍ണര്‍ ചുവടു വെച്ചിരിക്കുന്നത്. അടുത്തതെന്ത് എന്ന് കുറിച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഗാനരംഗത്തില്‍ ചെരുപ്പൂരി പോകുന്നതും, താടി തടവുന്നതുമുള്‍പ്പെടെയുള്ള അല്ലുവിന്റെ പ്രത്യേക ആക്ഷനുകളും വാര്‍ണര്‍ അനുകരിച്ചിട്ടുണ്ട്.

വീഡിയോയ്ക്ക് പിന്നാലെ നിരവധി ആരാധകരാണ് കമന്റുകളുമായി എത്തുന്നത്. ഒ ആണ്ടവയും, സാമി സാമി പാട്ടും വേണമെന്നാണ് ആരാധകര്‍ കമന്റ് ചെയ്യുന്നത്.

കഴിഞ്ഞ ഐ.പി.എല്‍ സീസണ്‍ വരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമായിരുന്നു വാര്‍ണര്‍.


2014 മുതല്‍ ടീമിന്റെ ഭാഗമായിരുന്നു വാര്‍ണര്‍. നാല് സീസണുകളില്‍ ടീമിനെ നയിച്ച താരം ഒരിക്കല്‍ ടീമിന് കിരീടവും നേടിക്കൊടുത്തിരുന്നു. മറ്റൊരു സീസണില്‍ ടീമിനെ ഫൈനലിലെത്തിക്കാനും വാര്‍ണറിന് സാധിച്ചിരുന്നു.

എന്നാല്‍ മോശം ഫോമിനെ തുടര്‍ന്ന് വാര്‍ണറെ എസ്.ആര്‍.എച്ച് കഴിഞ്ഞ സീസണില്‍ മാറ്റി നിര്‍ത്തിയിരുന്നു. ഇതിനുപിന്നാലെ രൂക്ഷവിമര്‍ശനമായിരുന്നു ടീമിന് നേരിടേണ്ടി വന്നത്. താന്‍ ഇനി സണ്‍റൈസേഴ്സിലേക്കില്ല എന്ന് വാര്‍ണര്‍ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ടീമിന്റെയും തന്റെയും മോശം പ്രകടനങ്ങള്‍ക്ക് പിന്നാലെ വരുന്ന സീസണില്‍ തന്നെ ഫ്രാഞ്ചൈസി നിലനിര്‍ത്തിയേക്കില്ലെന്ന് വാര്‍ണര്‍ നേരത്തെ സൂചിപ്പിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: david warner new pushpa video