സ്പോര്‍ട്സ് ഡെസ്‌ക്
സ്പോര്‍ട്സ് ഡെസ്‌ക്
ISL
‘എന്നെ പരിശീലകനാക്കിയതിനെതിരെ പലയിടത്തു നിന്നും ചോദ്യങ്ങളുണ്ടായി’; ചുമതലയേറ്റപ്പോള്‍ നേരിടേണ്ടി വന്നതെന്തൊക്കെയെന്ന് തുറന്ന് പറഞ്ഞ് ജെയിംസേട്ടന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday 23rd February 2018 4:54pm

കൊച്ചി: റെനെ മ്യൂലന്‍സ്റ്റീന്‍ എന്ന പരിശീലകനു കീഴില്‍ ഐ.എസ്.എല്‍ നാലാം സീസണിനിറങ്ങിയ കേരളാ ബ്ലാസ്റ്റേഴ്‌സിനു കിരീട സ്വപ്‌നത്തിലേക്കുള്ള യാത്രയില്‍ കാലിടറിയപ്പോഴായിരുന്നു ഡേവിഡ് ജെയിംസ് എന്ന ജെയിംസേട്ടന്‍ ടീമിനൊപ്പം ചേര്‍ന്നതും പരിശീലക പദവി ഏറ്റെടുത്തതും. ജെയിംസിനു കീഴില്‍ ആദ്യ മത്സരത്തില്‍ തന്നെ തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ബ്ലാസ്റ്റേഴ്‌സ് ഇപ്പോള്‍ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തിയിരിക്കുകയാണ്.

എന്നാല്‍ പരീശീലക പദവി ഏറ്റെടുത്ത സമയത്ത് തനിക്ക് പലചോദ്യങ്ങളും നേരിടേണ്ടി വന്നിരുന്നെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഡേവിഡ് ജെയിംസ്. പ്രത്യേക സാഹചര്യത്തിലാണ് താന്‍ ടീമിനൊപ്പം ചേര്‍ന്നതെന്നും താരങ്ങളെ പലരെയും എനിക്കറിയില്ലായിരുന്നെന്നുമാണ് ജെയിംസ് പറയുന്നത്.

‘പ്രത്യേക സാഹചര്യത്തിലാണ് ടീമിനൊപ്പം ചേര്‍ന്നത്. കളിക്കാരില്‍ പലരെയും എനിക്കറിയില്ലായിരുന്നു. അവരില്‍ ഭൂരിഭാഗം പേര്‍ക്കും എന്നെയും. അതുകൊണ്ടുതന്നെ എന്നെ പരിശീലകനാക്കിതിനെതിരെ പലയിടത്തു നിന്നും ചോദ്യങ്ങളുണ്ടായി. എന്നാല്‍ എനിക്കൊപ്പമുള്ള പ്രതിഭാധനരുടെ സംഘം എന്നെ എന്റെ ജോലി ചെയ്യാന്‍ അനുവദിച്ചു. അത് ടീമിന്റെ സമീപനത്തിലും മാറ്റം വരുത്തി.’ ജെയിംസ് പറയുന്നു.

ഇന്നത്തെ മത്സരത്തില്‍ ജയത്തില്‍ കുറഞ്ഞതൊന്നും താന്‍ പ്രതീക്ഷിക്കുന്നില്ലെന്നും ടൂര്‍ണമെന്റില്‍ ടീമുകളെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതെന്നും ഡേവിഡ് ജെയിംസ് പറഞ്ഞു. പോയിന്റ് പട്ടികയിലെ സ്ഥാനത്തിനു വലിയ പ്രസക്തിയില്ലെന്നും മഞ്ഞപ്പടയുടെ കപ്പിത്താന്‍ കൂട്ടിച്ചേര്‍ത്തു.

സൂപ്പര്‍ താരം ബെര്‍ബറ്റോവ് ഏത് പൊസിഷനില്‍ കളിക്കുന്നു എന്നതിലല്ല കാര്യമെന്നും അദ്ദേഹത്തിന്റെ സാന്നിധ്യം ടീമിന് നല്‍കുന്ന ഊര്‍ജ്ജത്തിനാണ് പ്രധാന്യമെന്നും ജെയിംസ് കൂട്ടിച്ചേര്‍ത്തു. കോച്ചിംഗ് ലൈസന്‍സുള്ള ബെര്‍ബ ടീമിലെ യുവതാരങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ടെന്നും ജെയിംസ് പറഞ്ഞു

Advertisement