| Tuesday, 15th February 2022, 2:28 pm

ആ മത്സരം കാണാന്‍ ഞാന്‍ ഉണ്ടാവില്ല, എനിക്ക് ആ മാച്ച് കാണണ്ട; വെളിപ്പെടുത്തലുമായി ഡേവിഡ് ബെക്കാം

സ്പോര്‍ട്സ് ഡെസ്‌ക്

ഫെബ്രുവരി 15ന് നടക്കാനിരിക്കുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗിലെ പി.എസ്.ജി-റയല്‍ മാഡ്രിഡ് മത്സരത്തില്‍ ഒരു ടീമിനൊപ്പം നില്‍ക്കാന്‍ സാധിക്കില്ലെന്ന് ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസം ഡേവിഡ് ബെക്കാം. അവര്‍ തമ്മിലുള്ള മത്സരം കാണാന്‍ ഒരിക്കലും സ്‌റ്റേഡിയത്തില്‍ പോവില്ലെന്നും അദ്ദേഹം പറഞ്ഞു.

‘സ്റ്റേഡിയത്തില്‍ ഇല്ലാതിരിക്കുക എന്നതാണ് ഇപ്പോള്‍ എന്നെ സംബന്ധിച്ച് ഏറ്റവും സന്തോഷകരം. എന്റെ കരിയറിന്റെ പല കാലങ്ങളില്‍ കളിച്ച ടീമുകള്‍ ഇപ്പോള്‍ പരസ്പരം ഏറ്റുമുട്ടുന്നു. വീട്ടിലിരുന്നു ടി.വിയില്‍ കളി കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അങ്ങനെയെങ്കില്‍ ആര് തന്നെ ഗോള്‍ സ്‌കോര്‍ ചെയ്താലും എനിക്ക് എല്ലാ ഗോളുകളും ആഘോഷിക്കാന്‍ സാധിക്കും,’ ബെക്കാം പറയുന്നു.

ഇരു ടീമുകളുടെയും ചരിത്രവും കളിക്കാരെയും പരിശോധിക്കുകയാണെങ്കിലും ഇരു നഗരങ്ങളും ഒരു പോലെ നല്‍കുന്ന ഈ ആവേശം ഏതൊരാരാധകന്റെയും സ്വപ്‌നസാക്ഷാത്കാരത്തിന് തുല്യമാണെന്നും അദ്ദേഹം പറയുന്നു.

‘ഇന്ന് ആക്രമണത്തിലൂന്നിയുള്ള മത്സരമായിരിക്കാം. രണ്ട് മികച്ച ടീമുകള്‍ പരസ്പരം ഏറ്റുമുട്ടുന്നു. ഇപ്പോഴുള്ളതില്‍ മികച്ച രണ്ട് ടീം തന്നെയാണവര്‍. അവരാണ് ലീഗുകളെ മുന്നോട്ട് കൊണ്ടു പോകുന്നത്. മികച്ച കളിക്കാരും ലോകോത്തര പരിശീലകരുമാണ് അവര്‍ക്കൊപ്പമുള്ളത്,’ ബെക്കാം കൂട്ടിച്ചേര്‍ത്തു.

എട്ട് വര്‍ഷം മാഞ്ചസ്റ്ററിനൊപ്പം കളിച്ച ശേഷം 2003ലാണ് ബെക്കാം റയലിനൊപ്പം ചേരുന്നത്. 2007ല്‍ എല്‍.എ ഗാലക്‌സിയിലേക്ക് ചേക്കേറുന്നതിന് മുന്‍പായി 159 മത്സരങ്ങളിലാണ് ബെക്കാം റയലിന് വേണ്ടി ബൂട്ടണിഞ്ഞത്.

2013ല്‍ ആറുമാസക്കാലമാണ് ബെക്കാം പി.എസ്.ജിക്കൊപ്പം പന്ത് തട്ടിയത്. ഈ ആറ് മാസക്കാലയളവില്‍ 14 മത്സരങ്ങളിലാണ് ബെക്കാം പാരീസിന്റെ രാജാക്കന്‍മാര്‍ക്കായി കളത്തിലിറങ്ങിയത്.

Content highlight:  David Beckham says hard to support just one over the other in PSG vs Real Madrid clash

We use cookies to give you the best possible experience. Learn more