ഐ.സി.സി ഏകദിന റാങ്കിങ്ങില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം രോഹിത് ശര്‍മയെ മറികടന്ന് ന്യൂസിലാന്‍ഡ് താരം ഡാരല്‍ മിച്ചല്‍. 782 പോയിന്റുമായാണ് താരം മുന്നിലെത്തിയത്. 781 പോയിന്റുള്ള മുന്‍ ഇന്ത്യന്‍ നായകന്‍ രണ്ടാം സ്ഥാനത്തേക്ക് വീണു. ഇതോടെ രോഹിത്തിന് തന്റെ ഒന്നാം സ്ഥാനം വെറും 22 ദിവസങ്ങള്‍ക്ക് ശേഷം കൈവിടേണ്ടി വന്നു.
വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള പരമ്പരയിലെ പ്രകടനമാണ് മിച്ചലിന് ഈ നേട്ടം സമ്മാനിച്ചത്. വിന്‍ഡീസിനെതിരായ ഒന്നാം മത്സരത്തില്‍ കിവി താരം സെഞ്ച്വറി നേടിയിരുന്നു. താരം 118 പന്തില്‍ 119 റണ്‍സാണ് എടുത്തത്.
താരത്തിന്റെ ഈ പ്രകടനം ഒന്നാം ഏകദിനത്തില്‍ ന്യൂസിലാന്‍ഡിന്റെ വിജയത്തില്‍ നിര്‍ണായകമായിരുന്നു. ഒപ്പം താരം മത്സരത്തിലെ പ്ലെയര്‍ ഓഫ് ദി മാച്ചാവുകയും ചെയ്തു.
ഒന്നാം മത്സരത്തിലെ സെഞ്ച്വറി കരുത്തില്‍ ഏകദിന റാങ്കിങ്ങില്‍ ഒന്നാമതെത്തിയതോടെ മറ്റൊരു നേട്ടവും മിച്ചല്‍ സ്വന്തം പേരില്‍ കുറിച്ചു. 46 വര്‍ഷങ്ങള്‍ക്ക് ശേഷം ഏകദിന റാങ്കിങ്ങില്‍ തലപ്പത്ത് എത്തുന്ന ന്യൂസിലാന്‍ഡ് താരം എന്ന നേട്ടമാണ് 34കാരന്‍ സ്വന്തമാക്കിയത്.
ഇതിന് മുമ്പ് 1979ല്‍ ഗ്ലെന്‍ ടര്‍നര്‍ ഏകദിന റാങ്കില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. അതിന് ശേഷം മറ്റൊരു താരത്തിനും ഈ നേട്ടത്തില്‍ കരസ്ഥമാക്കാനായിരുന്നില്ല.
നേരത്തെ, ഓസ്ട്രേലിയക്കെതിരെയുള്ള ഏകദിന പരമ്പരയിലെ മികച്ച പ്രകടനങ്ങളുടെ മികവിലാണ് രോഹിത് ശര്‍മ ഒന്നാം സ്ഥാനത്തെത്തിയത്. ആ പരമ്പരയില്‍ താരം ഒരു സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയും വീതം അടിച്ചിരുന്നു.
ആ പ്രകടനങ്ങള്‍ താരത്തെ ഏകദിന റാങ്കിങ്ങില്‍ ഒന്നാമത് എത്തുന്ന ഏറ്റവും പ്രായം കൂടിയ താരമായി മാറ്റിയിരുന്നു. ഈ നേട്ടത്തിനാണ് ഇപ്പോള്‍ മിച്ചല്‍ അന്ത്യം കുറിച്ചിരിക്കുന്നത്.