| Wednesday, 18th June 2025, 11:03 am

ആ സംവിധായകനെ വിശ്വസിച്ച് അഭിനയിക്കാന്‍ പോയി; എന്നിട്ടദ്ദേഹം എന്നെ തിരുപതിയില്‍ നടുറോട്ടില്‍ ഭിക്ഷക്കിരുത്തുകയാണ് ചെയ്തത്: ധനുഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തെലുങ്കിലെ മികച്ച സംവിധായകരിലൊരാളായ ശേഖര്‍ കമ്മൂലയോടൊപ്പം ധനുഷ് കൈകോര്‍ക്കുന്ന ചിത്രമാണ് കുബേര. ഇതുവരെ ചെയ്തതില്‍ വ്യത്യസ്തമായ കഥാപാത്രത്തെയാണ് ധനുഷ് കുബേരയില്‍ അവതരിപ്പിക്കുന്നത്. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. നാഗാര്‍ജുനയും കുബേരയില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ഇപ്പോള്‍ കുബേരയുടെ സംവിധായകന്‍ ശേഖര്‍ കമ്മൂലയെ കുറിച്ച് സംസാരിക്കുകയാണ് ധനുഷ്. ശേഖര്‍ കമ്മൂല എത്രവലിയ ആളാണെന്ന് അറിയാതെയാണ് അദ്ദേഹത്തിന്റെ സിനിമയില്‍ താന്‍ അഭിനയിക്കാന്‍ പോയതെന്ന് ധനുഷ് പറയുന്നു. കുബേരയുടെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കൊവിഡ് സമയത്ത് ഞാന്‍ ഗ്രേ മാന്‍ എന്ന സിനിമയുടെ ഷൂട്ടിങ്ങില്‍ ഇരിക്കുമ്പോഴാണ് ശേഖര്‍ കമ്മൂല സാര്‍ എന്നെ വിളിക്കുന്നത്. ഒരു വീഡിയോ കോളില്‍ വന്ന് ഇരുപത് മിനിറ്റുകൊണ്ട് എനിക്ക് കുബേരയുടെ കഥ പറഞ്ഞുതന്നു. കഥ വളരെ നന്നായി എനിക്ക് ഇഷ്ടപ്പെട്ടു. ശരി സാര്‍ നമുക്ക് ഈ സിനിമ ചെയ്യാമെന്ന് ഞാന്‍ പറഞ്ഞു.

എന്നാല്‍ ഒരു രണ്ട് വര്‍ഷത്തേക്ക് സാറിനെ പിന്നെ ഞാന്‍ കണ്ടിട്ടില്ല. രണ്ടുവര്‍ഷമായും തിരക്കഥ എഴുതിക്കൊണ്ടേ ഇരിക്കുകയായിരുന്നു. പിന്നെയും പിന്നെയും എഴുതും. അങ്ങനെ രണ്ട് വര്‍ഷം കഴിഞ്ഞ് എന്റെ അടുത്ത് വീണ്ടും വന്ന് കഥ പറഞ്ഞു. അതും എക്സ്ട്രാഓര്‍ഡിനറി ആയിരുന്നു.

പക്ഷെ ഇത്രയും വലിയ സ്‌കെയിലുള്ള ചിത്രം ഇദ്ദേഹം എങ്ങനെ ചെയ്യുമെന്ന് എനിക്ക് ഒരു ഐഡിയയും ഇല്ലായിരുന്നു. കാരണം എനിക്ക് അദ്ദേഹത്തെ കുറിച്ച് ഒരു മുന്‍പരിചയവും ഇല്ല. അങ്ങനെ ശേഖര്‍ കമ്മൂല ആരാണെന്ന് ഞാന്‍ ഓരോരുത്തരുടെ അടുത്തും പോയി ചോദിച്ചപ്പോള്‍, ശേഖര്‍ കമ്മൂല അടിപൊളിയാണ് എന്നാണ് എല്ലാവരും പറഞ്ഞത്. ഭയങ്കര ബില്‍ഡപ്പ് ആയിരുന്നു.

അങ്ങനെ കഥ നല്ലതാണ്, സൂപ്പര്‍ ഡയറക്ടര്‍ ആണെന്ന് വിശ്വസിച്ച് ഞാന്‍ പോയതിന് തിരുപതി അടിവാരത്തില്‍, നടുറോട്ടില്‍, കത്തുന്ന വെയിലത്ത്, നിലത്തിരുത്തി അമ്മാ…തായേ എന്ന് പറഞ്ഞ് എന്നെകൊണ്ട് പിച്ചയെടുപ്പിച്ചു,’ ധനുഷ് പറയുന്നു.

Content Highlight: Danush Talks About Sekhar Kammula

We use cookies to give you the best possible experience. Learn more