ശ്രേയസ് അയ്യരിനേക്കാള്‍ എന്തുകൊണ്ടും ഭേദം അയാളാണ്; അവന് ഈ പ്രായത്തിലും അവസരങ്ങള്‍ ലഭിച്ചില്ലെങ്കില്‍ അത് അനീതിയാണ്; ഇന്ത്യന്‍ ബാറ്ററെ പിന്തുണച്ച് മുന്‍ പാക് താരം
Cricket
ശ്രേയസ് അയ്യരിനേക്കാള്‍ എന്തുകൊണ്ടും ഭേദം അയാളാണ്; അവന് ഈ പ്രായത്തിലും അവസരങ്ങള്‍ ലഭിച്ചില്ലെങ്കില്‍ അത് അനീതിയാണ്; ഇന്ത്യന്‍ ബാറ്ററെ പിന്തുണച്ച് മുന്‍ പാക് താരം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 25th June 2022, 1:33 pm

 

ഇന്ത്യ-അയര്‍ലന്‍ഡ് പരമ്പര അടുത്ത ദിവസമാണ് ആരംഭിക്കുന്നത്. സീനിയര്‍ ടീം ഇംഗ്ലണ്ടില്‍ പര്യടനത്തിന് പോയ സാഹചര്യത്തില്‍ ബി ടീമുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ബി ടീം ആണെങ്കിലും മികച്ച താരനിര തന്നെയാണ് ഇന്ത്യയുടേത്.

ഐ.പി.എല്ലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഒരുപാട് താരങ്ങള്‍ക്ക് അയര്‍ലന്‍ഡ് പരമ്പരക്കുള്ള ടീമില്‍ ഇടം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ആരൊക്കെ കളിക്കുമെന്നുറപ്പായിട്ടില്ല. ഐ.പി.എല്ലില്‍ പരിക്കേറ്റ് പുറത്തായ മുംബൈ ഇന്ത്യന്‍സിന്റെ സൂപ്പര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവ് തിരിച്ചുവരുന്നതാണ് പരമ്പരയിലെ മറ്റൊരു ആകര്‍ഷണം.

കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരെ അരങ്ങേറിയപ്പോള്‍ മുതല്‍ ഇന്ത്യന്‍ ടീമിലെ സ്ഥിരാംഗമാണ് സൂര്യ. എന്നാല്‍ ഈ ഐ.പി.എല്ലിന് ശേഷം നടന്ന ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ പരിക്ക് കാരണം താരത്തിന് ഇറങ്ങാന്‍ സാധിച്ചിരുന്നില്ല.

മുന്‍ പാകിസ്ഥാന്‍ താരം ദാനിഷ് കനേരിയയുടെ അഭിപ്രായത്തില്‍ സൂര്യകുമാറിന് അദ്ദേഹം അര്‍ഹിക്കുന്ന അവസരങ്ങള്‍ ഇന്ത്യന്‍ ടീമില്‍ ലഭിച്ചിട്ടില്ലയെന്നാണ്. ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ശ്രേയസ് അയ്യരായിരുന്നു സൂര്യക്ക് പകരം ടീമില്‍ ഇടം നേടിയത്. എന്നാല്‍ സൂര്യ തന്നെ ആ സ്ഥാനത്ത് കളിക്കണമെന്നാണ കനേരിയയുടെ അഭിപ്രായം.

സൂര്യയെക്കാള്‍ ആ പൊസിഷനില്‍ അയ്യരാണ് മികച്ചതെന്ന് ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡിന് അഭിപ്രായം ഉള്ളതായി റിപ്പോട്ടുകളുണ്ട്. എന്നാല്‍ താന്‍ അതിനെ എതിര്‍ക്കുന്നു എന്ന് കനേരിയ പറഞ്ഞു.

‘സൂര്യകുമാര്‍ യാദവിനേക്കാള്‍ പക്വതയുള്ളയാളാണ് ശ്രേയസ് അയ്യര്‍ എന്ന് രാഹുല്‍ ദ്രാവിഡ് കരുതുന്നു. പക്ഷേ ദ്രാവിഡിന്റെ വീക്ഷണത്തോട് ഞാന്‍ വിയോജിക്കുന്നു. സൂര്യകുമാര്‍ യാദവിന് തന്റെ പ്രായത്തില്‍ വേണ്ടത്ര അവസരങ്ങള്‍ ലഭിച്ചില്ലെങ്കില്‍ അത് അസമത്വമാകും. ടീമില്‍ സ്ഥാനം നിലനിര്‍ത്തണമെങ്കില്‍ അയ്യര്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തേണ്ടതുണ്ട്,’ കനേരിയ പറഞ്ഞു.

സൂര്യകുമാറിന് പുറമേ മലയാളി താരം സഞ്ജു സാസംണ്‍, രാഹുല്‍ ത്രിപാഠി എന്നിവരും അയര്‍ലന്‍ഡ് പരമ്പരയില്‍ അവസരം കാത്തു നില്‍പ്പുണ്ട്. ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ ഓരോ താരങ്ങളും മത്സരത്തിലാണ്.

ഞായാറാഴ്ചയാണ് അയര്‍ലന്‍ഡിനെതിരേയുള്ള ഇന്ത്യയുടെ ട്വന്റി-20 പരമ്പര ആരംഭിക്കുന്നത്. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഹര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിക്കുന്നത്.

Content Highlights: Danish Kaneria thinks Suryakumar Yadav should be given more chances