ലോകകപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യന്‍ ടീമിനെ ഞെട്ടിച്ചുകൊണ്ടായിരുന്നു സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ പരിക്ക്. മുതുകിനേറ്റ പരിക്ക് കാരണം ആറ് മാസത്തോളം താരത്തിന് റെസ്റ്റ് എടുക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ആദ്യ ടി-20ക്ക് മുമ്പ് നടത്തിയ പരിശീലനത്തിനിടയിലാണ് അദ്ദേഹത്തിന് പരിക്ക് പറ്റിയത്. ഇക്കാരണംകൊണ്ട് ബുംറക്ക് ആദ്യ മത്സരം കളിക്കാന്‍ സാധിച്ചില്ലായിരുന്നു. ഇതിന് പിന്നാലെ ആറ് മാസത്തെ വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു.
പരിക്ക് കാരണം ഏഷ്യാ കപ്പിലും താരത്തിന് പങ്കെടുക്കാന്‍ സാധിച്ചില്ലായിരുന്നു. ഏഷ്യാ കപ്പില്‍ ബുംറയുടെ അഭാവത്തില്‍ സൂപ്പര്‍ ഫോറില്‍ തന്നെ പുറത്താകാനായിരുന്നു ഇന്ത്യയുടെ വിധി.
ഏഷ്യാ കപ്പിന് ശേഷം അരങ്ങേറിയ ഓസ്‌ട്രേലിയക്കെതിരെയുള്ള ട്വന്റി 20 പരമ്പരയില്‍ അവസാന രണ്ട് മത്സരത്തില്‍ അദ്ദേഹം കളിച്ചിരുന്നു. എന്നാല്‍ ബുംറയെ നേരിട്ട് ലോകകപ്പ് കളിപ്പിച്ചാല്‍ മതിയായിരുന്നു എന്ന് അഭിപ്രായപ്പെട്ടിരിക്കുയാണ് മുന്‍ പാകിസ്ഥാന്‍ താരമായ ഡാനിഷ് കനേരിയ.
ഹര്‍ഷല്‍ പട്ടേലിനെ പോലെ ബുംറക്ക് ഫോമിലെത്താന്‍ അധികം മത്സരങ്ങളൊന്നും വേണ്ട എന്നും അദ്ദേഹം പറഞ്ഞു.
‘ഐ.സി.സി ടി-20 ലോകകപ്പില്‍ അദ്ദേഹം നേരിട്ട് മടങ്ങിയെത്തിയാല്‍ മതിയായിരുന്നു. തന്റെ ഫോം വീണ്ടെടുക്കാന്‍ അദ്ദേഹത്തിന് ഒരു പരിശീലന മത്സരം കളിച്ചാല്‍ മാത്രം മതി. ഫോമിലെത്താന്‍ ഏറെ സമയം വേണ്ടിവരുന്ന ഹര്‍ഷല്‍ പട്ടേലിനെ പോലെയല്ല ബുംറ,’ ഡാനിഷ് കനേരിയ അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
ലോകകപ്പില്‍ ബുംറക്ക് പകരം ആരെ കളിപ്പിക്കുമെന്നാണ് ആരാധകര്‍ നോക്കുന്നത്. ബാക്കപ്പ് ടീമിലുള്ള മുഹമ്മദ് ഷമി, ദീപക് ചഹര്‍ എന്നിവരില്‍ ആരെയെങ്കിലും കളിപ്പിക്കുമോ അതോ മറ്റാരെയെങ്കിലും ഇന്ത്യ തെരഞ്ഞെടുക്കുമോ എന്ന് കണ്ടറിയണം.
നിലവില്‍ ദക്ഷിണാഫ്രിക്കക്കെതിരെയുള്ള പരമ്പരയില്‍ ബുംറക്ക് പകരം മുഹമ്മദ് സിറാജായിരിക്കും കളിക്കുക എന്ന് ബി.സി.സി.ഐ അറിയിച്ചിട്ടുണ്ട്.
BCCI confirms Siraj replaces Bumrah in the T20 series against South Africa.