മെസി ആ ഗോട്ടിനെ പോലെ, മെസിക്ക് ചെയ്യാന്‍ പറ്റുന്ന പലതും റൊണാള്‍ഡോക്ക് സാധിക്കില്ല: ലോക മൂന്നാം നമ്പര്‍ താരം
Sports News
മെസി ആ ഗോട്ടിനെ പോലെ, മെസിക്ക് ചെയ്യാന്‍ പറ്റുന്ന പലതും റൊണാള്‍ഡോക്ക് സാധിക്കില്ല: ലോക മൂന്നാം നമ്പര്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 10th September 2023, 9:56 pm

 

മെസി – ക്രിസ്റ്റ്യാനോ ഡിബേറ്റില്‍ തന്റെ ഇഷ്ടതാരത്തെ തെരഞ്ഞെടുത്ത് യു.എസ്. ഓപ്പണ്‍ ഫൈനലിസ്റ്റും എ.ടി.പി റാങ്കിങ്ങില്‍ മൂന്നാമനുമായ ഡാനില്‍ മെദവ്‌ദേവ്. അര്‍ജന്റൈന്‍ നായകനും വേള്‍ഡ് കപ്പ് വിന്നറുമായ ലയണല്‍ മെസിയെ ആണ് മെദവ്‌ദേവ് തെരഞ്ഞെടുത്തിരിക്കുന്നത്.

ലയണല്‍ മെസി ഇതിഹാസ താരമായ റോജര്‍ ഫെഡററിനെ പോലെയാണെന്നും പന്തുകൊണ്ട് മെസി കാണിക്കുന്ന പലതും ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ചെയ്യാന്‍ സാധിക്കില്ലെന്നും മെദവ്‌ദേവ് പറഞ്ഞു.

 

തന്റെ ഇന്‍സ്റ്റഗ്രാം ലൈവിലൂടെയായിരുന്നു ഗോട്ട് ഡിബേറ്റില്‍ തന്റെ ഇഷ്ടതാരത്തെ തെരഞ്ഞെടുത്ത് മെദവ്‌ദേവെത്തിയത്.

‘ഞാന്‍ രണ്ട് പേരെയും ബഹുമാനിക്കുന്നു. പക്ഷേ ക്രിസ്റ്റ്യാനോക്ക് ചെയ്യാന്‍ സാധിക്കാത്ത പല കാര്യങ്ങളും മെസി പന്തുകൊണ്ട് ചെയ്യുന്നു. ഇതില്‍ മെസി (റോജര്‍) ഫെഡററിനെ പോലെയാണ്. അവരെങ്ങനെയാണ് അത് ചെയ്യുന്നതെന്ന് നമുക്കൊരിക്കലും മനസിലാകില്ല,’ മെദവ്‌ദേവ് പറഞ്ഞു.

മെസി vs റൊണാള്‍ഡോ ഡിബേറ്റില്‍ ഇതിഹാസ താരം റാഫേല്‍ നദാലും തന്റെ അഭിപ്രായം പങ്കുവെച്ചിരുന്നു. ‘മെസി ഓര്‍ റൊണാള്‍ഡോ’ എന്ന് ചോദ്യത്തിന് ‘മെസി. പക്ഷേ ഞാനൊരു റയല്‍ മാഡ്രിഡ് ആരാധകനാണ്,’ എന്നായിരുന്നു നദാലിന്റെ മറുപടി.

അതേസമയം, യു.എസ്. ഓപ്പണിന്റെ ഫൈനലില്‍ സെര്‍ബിയന്‍ താരം നൊവാക് ദ്യോക്കോവിച്ചാണ് റഷ്യന്‍ താരമായ മെദവ്‌ദേവിന്റെ എതിരാളികള്‍. എ.ടി.പി റാങ്കിങ്ങില്‍ രണ്ടാമനാണ് ദ്യോക്കോവിച്ച്.

 

യു.എസ് ഓപ്പണിന്റെ സെമി ഫൈനലില്‍ കാര്‍ലോസ് അല്‍ക്കാരസിനെ പരാജയപ്പെടുത്തിയാണ് മെദവ്‌ദേവ് ഫൈനലില്‍ പ്രവേശിച്ചത്.

സ്‌കോര്‍

അല്‍കാരസ് – 63 1 6 3
മെദവ്‌ദേവ് –   77 6 3 6

അമേരിക്കയുടെ ബെന്‍ ഷെല്‍ട്ടണായിരുന്നു സെമിയില്‍ ദ്യോക്കോവിച്ചിന്റെ എതിരാളി. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ദ്യോക്കോവിച്ചിന്റെ വിജയം

സ്‌കോര്‍

ബി. ഷെല്‍ട്ടണ്‍ –  3  2  64
ദ്യോക്കോവിച്ച് –  6  6  77

Content highlight: Daniil Medevdev picks Lionel Messi over Cristiano Ronaldo