റിലയന്‍സ് കേരളം ഭരിക്കാന്‍ വന്നാലും നിങ്ങള്‍ കയ്യടിക്കുമോ, ട്വന്റി 20ക്ക് പിന്നിലെ അപകടങ്ങള്‍
Kerala Local Body Election 2020
റിലയന്‍സ് കേരളം ഭരിക്കാന്‍ വന്നാലും നിങ്ങള്‍ കയ്യടിക്കുമോ, ട്വന്റി 20ക്ക് പിന്നിലെ അപകടങ്ങള്‍
ശ്രിന്‍ഷ രാമകൃഷ്ണന്‍
Sunday, 20th December 2020, 12:58 pm

”നാളെ റിലയന്‍സിന്റെ ഗ്രൂപ്പിന്റെ മുകേഷ് അംബാനി കേരളത്തിലെ ഒരു പഞ്ചായത്ത് ദത്തെടുക്കുന്നു. അവര്‍ക്ക് നിര്‍ബന്ധിതമായി ചെയ്യേണ്ട സി.എസ്.ആര്‍ ഫണ്ട് കേരളത്തിലെ അവര്‍ തെരഞ്ഞടുത്ത പഞ്ചായത്തിലെ ജനങ്ങള്‍ക്ക് വേണ്ടി ചിലവിടുന്നു. അവിടെ റിലയന്‍സിന്റെ മാര്‍ക്കറ്റ് തുടങ്ങുന്നു.റിലയന്‍സ് അനകൂലികള്‍ക്കെല്ലാം കുറഞ്ഞ് വിലയില്‍ സാധനങ്ങള്‍ നല്‍കുന്നു.

അവര്‍ക്ക് ആട് കോഴി, തുടങ്ങിയവയെ വാങ്ങാന്‍ സഹായിക്കുന്നു. വീട് വെക്കാന്‍ പണം നല്‍കുന്നു. ജോലി നല്‍കുന്നു. സാവധാനം റിലയന്‍സ് തങ്ങളുടെ പ്രതിനിധികളെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നു. ജയിച്ച അവരുടെ പ്രതിനിധികള്‍ക്കെല്ലാം മാസ ശമ്പളം നല്‍കുന്നു. അവരോട് എതിര്‍ക്കുന്ന നാട്ടുകാരെയെല്ലാം ഒറ്റപ്പെടുത്തുന്നു.

അവരെ അനുകൂലിക്കാത്തവരെയൊക്കെ പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ നിന്നൊഴിവാക്കുന്നു. സാവകാശം ആ പഞ്ചായത്ത് മുഴുവന്‍ പിടിച്ചെടുക്കുന്നു. സാവകാശം അവിടെ നിന്നും റിലയന്‍സ് അടുത്ത പഞ്ചായത്തിലേക്കും മുന്‍സിപ്പാലിറ്റിയിലേക്കും നിയമസഭയിലേക്കും എത്തുന്നു. ഇത് സംഭവിക്കുമോ, സംഭവിക്കാം എന്ന് തന്നെയാണ് കേരളം പറഞ്ഞുവെക്കുന്നത്”.


ട്വന്റി 20 2015 ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയിലെ കിഴക്കമ്പലം ഗ്രാമപഞ്ചായത്തില്‍ നിന്ന് ആരംഭിച്ച് 2020ല്‍ കുന്നത്തുനാട്, മഴുവന്നൂര്‍, ഐക്കരനാട് എന്നിവിടങ്ങളില്‍ എത്തിനില്‍ക്കുന്ന കേരള രാഷ്ട്രീയ ചരിത്രത്തിലെ പുതിയൊരധ്യായം. ട്വന്റി 20യെ വലിയ രീതിയില്‍ പ്രകീര്‍ത്തിക്കുന്നവരും ട്വന്റി 20യെ ഭയാശങ്കയോടെ നോക്കി കാണുന്നവരുമുണ്ട്.

കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തില്‍ ഒരു കോര്‍പ്പറേറ്റ് ഇത്ര കണ്ട് ആധിപത്യം ഉറപ്പിച്ചു എന്നതാണ് ട്വന്റി 20യെ വിമര്‍ശനപരമായി സമീപിക്കുന്നവര്‍ ഉന്നയിക്കുന്ന പ്രധാന പ്രശ്‌നം. ട്വന്റി 20 ജനങ്ങള്‍ക്ക് നല്‍കുന്ന വിധത്തില്‍ ഉപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ ഇവിടെ ഏത് രാഷ്ട്രീയ പാര്‍ട്ടിയാണ് നല്‍കുന്നതെന്ന് ട്വന്റി 20 അനൂകൂലികളും ചോദിക്കുന്നു.

ഇതെല്ലാം പറയുമ്പോഴും എന്താണ് ട്വന്റി 20 എന്നും അതെങ്ങനെ കിഴക്കമ്പലത്തിലും ഇപ്പോള്‍ സമീപ പ്രദേശങ്ങളിലെ പഞ്ചായത്തുകളിലും ആധിപത്യം ഉറപ്പിച്ചുവെന്നത് ഇപ്പോഴെങ്കിലും പരിശോധിക്കപ്പെടേണ്ടതുണ്ട്.

എന്താണ് ട്വന്റി 20

കിഴക്കമ്പലം പഞ്ചായത്തില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന കിറ്റക്സ് എന്ന വ്യവസായ ഗ്രൂപ്പാണ് ട്വന്റി 20 ക്ക് രൂപം നല്‍കിയത്. കൃത്യമായ ആസൂത്രണത്തിലാണ് ട്വന്റി 20യുടെ ഓരോ ഘട്ടങ്ങളും ഉണ്ടാകുന്നത്. 2013ലാണ് അന്ന കിറ്റക്‌സ് ഗ്രൂപ്പിന്റെ ട്വന്റി 20 എന്ന ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകൃതമാകുന്നത്. ഈ വര്‍ഷത്തിനും ഒരു പ്രത്യേകതയുണ്ട്. എല്ലായ്‌പ്പോഴുമല്ലെങ്കിലും ഇടയ്‌ക്കൊക്കെ നമ്മള്‍ ട്വന്റി 20 യെക്കുറിച്ച് കേള്‍ക്കുമ്പോള്‍ സി.എസ്.ആര്‍ എന്നു കൂടി കേള്‍ക്കാറുണ്ട്.

എന്താണ് സി.എസ്.ആര്‍, ഈ സി.എസ് ആറും കിറ്റക്‌സും ട്വന്റി 20യും തമ്മിലെന്ത്. ഇപ്പോഴും പലര്‍ക്കും ഇതിനെക്കുറിച്ച് കൃത്യമായ ധാരണകളില്ല.

നമ്മള്‍ പറഞ്ഞു, ട്വിന്റി 20 രൂപീകൃതമാകുന്നത് 2013ലാണ്. ഇതേ വര്‍ഷം തന്നെ ഇന്ത്യയില്‍ കമ്പനീസ് ആക്ട് 2013 വരുന്നുണ്ട്. ഈ കമ്പനീസ് ആക്ടിന് ഒരു പ്രത്യേകതയുണ്ട്. സി.എസ്.ആര്‍ അഥവാ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി നിര്‍ബന്ധിതമാക്കുന്നത് 2013ലെ ഈ കമ്പനീസ് ആക്ട് പ്രകാരമാണ്.

ഇതുപ്രകാരം ആയിരം കോടി ടേണ്‍ ഓവറുള്ളതോ അഞ്ഞൂറ് കോടിക്കുമേല്‍ ആസ്തിയുള്ളതോ, അഞ്ച് കോടിയില്‍ കൂടുതല്‍ ലാഭമുണ്ടാക്കുന്നതോ ആയ എല്ലാ കമ്പനികളും തങ്ങളുടെ ലാഭത്തിന്റെ രണ്ട് ശതമാനമെങ്കിലും സി.എസ്.ആറിനായി മാറ്റിവെക്കണം. കിറ്റക്‌സിനും ഇത് ബാധകകമാണ്.

എന്താണ് സി.എസ്.ആര്‍ 

ഏറ്റവും ചുരുക്കി പറഞ്ഞാല്‍ കമ്പനികളുടെ അല്ലെങ്കില്‍ കോര്‍പ്പറേറ്റുകളുടെ സാമൂഹിക പ്രതിബന്ധത എന്നും പറയം. സമൂഹത്തിന്റെയും പരിസ്ഥിതിയുടെയുമെല്ലാം മൂലധനങ്ങള്‍ ഉപയോഗിച്ച് വന്‍ ലാഭമുണ്ടാക്കുന്ന കമ്പനികള്‍ തങ്ങളുടെ ലാഭത്തിന്റ ഒരു വിഹിതം സമൂഹത്തിനോ പരിസ്ഥിതിക്കോ ആയി തന്നെ ചിലവിടുന്നു എന്ന് സിമ്പിള്‍ ആയി പറയാം.

കമ്പനികള്‍ തങ്ങളുടെ ആകെ മൂലധനത്തിന്റെ ഒരോഹരി സാമൂഹിക പ്രതിബദ്ധതയ്ക്ക് വേണ്ടി മാറ്റിവെക്കുക, അതുവഴി സമൂഹത്തോടുള്ള തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റുക എന്നതാണ് കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി കൊണ്ട് ഉദ്ദേശിക്കുന്നത്.

21ാം നൂറ്റാണ്ടില്‍ കോര്‍പ്പറേറ്റുകളുടെ ബിസിനസ് വളരുന്നതിനോടൊപ്പം തന്നെ സി.എസ്.ആര്‍ എന്ന ആശയവും വികസിക്കുകയായിരുന്നു. പലരാജ്യങ്ങളും ഉള്ളവനും ഇല്ലാത്തവനും എന്ന പ്രശ്നത്തിന് പരിഹാരമെന്ന നിലയ്ക്കാണ് നിര്‍ബന്ധിത സി.എസ്.ആര്‍ നയങ്ങള്‍ സ്വീകരിച്ചത് തന്നെ. ഇത് ഒരു കമ്പനിക്ക് ഇഷ്ടമുള്ള വിധത്തില്‍ ചില നിബന്ധനകളോടെ ചെയ്യാം. ഇത് കൃത്യമായ ഘടനയുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

ഇത്തരത്തില്‍ കിറ്റക്സ് ഗ്രൂപ്പിന്റെ സി.എസ്.ആര്‍ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ 2013ല്‍ രൂപീകരിച്ചതാണ് ട്വന്റി 20. 2013 എന്ന വര്‍ഷത്തിന് ഇവിടെ പ്രസക്തിയുണ്ട് നിര്‍ബന്ധിത സി.എസ്.ആര്‍ വന്ന അതേ വര്‍ഷമാണ് കിറ്റക്‌സ് ട്രാവന്‍കൂര്‍ കൊച്ചി ലിറ്റററിയില്‍ രജിസ്റ്റര്‍ ചെയ്ത് ടിന്റി 20 ചാരിറ്റബിള്‍ സൊസൈറ്റിയാകുന്നത്. കിറ്റക്സ് കമ്പനിയുടെ ചെയര്‍മാന്‍ സാബു എം ജേക്കബ് ആണ് ട്വന്റി 20 നിയന്ത്രിക്കുന്നത്.

അതായത് ട്വന്റി കിഴക്കമ്പലം പഞ്ചായത്തില്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങളില്‍ ഭൂരിഭാഗവും അവരുടെ സി.എസ്.ആറിന്റെ ഭാഗമായാണ്. അഥവാ അത് അവര്‍ നിര്‍ബന്ധമായി ചെയ്യേണ്ടതാണ്. ചെയ്തില്ലെങ്കില്‍ അവര്‍ക്കെതിരെ നിയമനടപടിയുമുണ്ടാകും. പക്ഷേ ഇവിടെ സി.എസ്.ആര്‍ പ്രവര്‍ത്തനങ്ങള്‍ കിഴക്കമ്പലത്ത് തന്നെ ചെയ്യാമെന്നത് ട്വന്റി 20 യുട തീരുമാനമാണ്. അതവര്‍ക്ക് കിഴക്കമ്പലത്ത് തന്നെ ചെയ്യണമെന്നില്ല എവിടെ വേണമെങ്കിലും ആകാം.

പക്ഷേ തങ്ങളുടെ സി.എസ്.ആര്‍ പ്രവര്‍ത്തനങ്ങള്‍ കിഴക്കമ്പലത്ത് നടത്തിയതുകൊണ്ട് ട്വന്റി 20ക്ക് വലിയ നഷ്ടമൊന്നുമുണ്ടായിട്ടില്ല. 2013ല്‍ സി.എസ്.ആറിനായി ട്വന്റി 20 രൂപീകരിച്ച കിറ്റ്ക്‌സ് 2015ലെ തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും ആ പഞ്ചായത്ത് തന്നെ ഭരിക്കുന്ന തലത്തിലേക്ക് ഉയര്‍ന്നു. തങ്ങളുടെ സി.എസ്.ആര്‍ പ്രവര്‍ത്തനങ്ങളിലൂടെ തന്നെയാണ് ട്വന്റി 20 അവിടുത്തെ ജനങ്ങള്‍ക്കിടയിലേക്ക് എത്തിച്ചേര്‍ന്നത് എന്നതില്‍
തര്‍ക്കമില്ല. കമ്പനി നിലനില്‍ക്കുന്ന സ്ഥലത്ത് തന്നെ പഞ്ചായത്തിന്റെ ഭരണം കിറ്റക്‌സിന് തന്നെ ലഭിക്കുന്നത് പ്രത്യക്ഷത്തില്‍ തന്നെ അവര്‍ക്ക് ഒരുപാട് ഗുണം ചെയ്യുന്നതുമാണ്.

ഇതില്‍ കിറ്റക്‌സ് തങ്ങളുടെ സോഷ്യല്‍ റെസ്‌പോണ്‍സിബിറ്റി പ്രൊജക്ടുകളായി പ്രധാമായും ഉയര്‍ത്തിക്കാണിക്കുന്നത്

കാര്‍ഷിക മേഖല
കുടിവെള്ള പദ്ധതി
വിദ്യാഭ്യാസം
ഫുഡ് സെക്യൂരിറ്റി
ഹെല്‍ത്ത് കെയര്‍
ഹൗസിങ്ങ്
ഹെല്‍ത്ത്
എംപ്ലോയിമെന്റ് തുടങ്ങിയവയാണ്.

ഇതില്‍ തന്നെ ട്വന്റി 20 മാര്‍ക്കറ്റിന്റെ പേരിലാണ് അവര്‍ ഏറ്റവും കൂടുതല്‍ അംഗീകരിക്കപ്പെടുന്നതും. ഒരുപാട് കാര്യങ്ങള്‍ കിഴക്കമ്പലത്ത് ട്വന്റി 20 ചെയ്യുന്നു എന്നതാണ് അവരെ സപ്പോര്‍ട്ട് ചെയ്യാന്‍ പ്രധാനമായും ആളുകള്‍ ഉയര്‍ത്തിക്കാട്ടുന്ന ഒരു വിഷയം.

കിറ്റക്‌സ് ഗ്രൂപ്പ് കോടികള്‍ വിവിധ പദ്ധതികളിലൂടെ കിഴക്കമ്പലത്തിന് വേണ്ടി ചെലവഴിച്ചു എന്നതാണ് വലിയ രീതിയില്‍ ഉയര്‍ത്തിക്കാണിക്കുന്നത്. പക്ഷേ ഇത് അവര്‍ നിര്‍ബന്ധമായും ചെയ്തിരിക്കേണ്ട കാര്യമാണ്. അത് കിഴക്കമ്പലത്തിന് വേണ്ടി തന്നെ ചെയ്യണോ വേണ്ടയോ എന്നത് തീരുമാനിക്കാനുള്ള അവകാശം അവര്‍ക്കുണ്ട്. നാളെ കിഴക്കമ്പലത്തെ ജനങ്ങള്‍ ട്വന്റി 20ക്ക് വോട്ട് ചെയ്യില്ല എന്ന തീരുമാനിച്ചാല്‍ ഈ തുക അവര്‍ കിഴക്കമ്പലത്തിന് വേണ്ടി തന്നെ ചിലവിടുമോ എന്ന് ആലോചിക്കാവുന്നത്.

സ്വാഭാവികമായും ഒരു വന്‍കിട കോര്‍പ്പറേറ്റിനെ തട്ടിച്ചു നോക്കുമ്പോള്‍ സ്ഥലത്തെ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇത്തരത്തിലുള്ള ഭീമന്‍ പദ്ധതികള്‍ താങ്ങാനുള്ള ശേഷിയുണ്ടാകില്ല. പക്ഷേ അത് കൊണ്ട് നിങ്ങള്‍ ഒരു ദിവസം ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികളെ എല്ലാം തള്ളിക്കളഞ്ഞ് അംബാനിക്കോ അദാനിക്കോ വോട്ട് ചെയ്യാം എന്ന് തീരുമാനിക്കുമോ? ഇത് സി.എസ്.ആര്‍ വഴി ഒരു സമൂഹത്തിന്റെ രാഷ്ട്രീയ മേഖലയിലേക്കുള്ള കടന്നു കയറ്റമാണ്.

ട്വന്റി 20യുടെ രാഷ്ട്രീയ പ്രവേശനം

2015ലെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ ട്വന്റി 20 ഒരു രാഷ്ട്രീയ എതിരാളിയായി വരുമെന്ന് അന്നത്തെ മുഖ്യധാര പാര്‍ട്ടികള്‍ ഉള്‍പ്പെടെ കരുതിയിരുന്നതല്ല. ഒരു പ്രസ് കോണ്‍ഫറന്‍സിലൂടെ കിഴക്കമ്പലത്തിന്റെ വികസനത്തിനെ പ്രതിനിധാനം ചെയ്ത് ട്വന്റി 20 മത്സരിക്കുകയാണെന്ന് സാബു.എം. ജേക്കബ് പ്രഖ്യാപിച്ചതോടെയാണ് തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ മുറുകുന്നത്.

2015ലെ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 19 വാര്‍ഡുകളില്‍ 17ലും വിജയിച്ച് മൃഗീയമായ ഭൂരിപക്ഷത്തിലാണ് ട്വന്റി 20 കിഴക്കമ്പലം പഞ്ചായത്തിന്റെ ഭരണമേറ്റെടുക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

എന്നാല്‍ കമ്പനി നിലനില്‍ക്കുന്ന രണ്ട് വാര്‍ഡുകളില്‍ ട്വന്റി 20 പരാജയപ്പെടുകയും ചെയ്തു. ചേലക്കുളം, കാവുങ്ങപറമ്പ് എന്നീ വാര്‍ഡുകളിലായിരുന്നു കിറ്റക്സിന്റെ സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടത്. ഇവിടെ കോണ്‍ഗ്രസിന്റെയും എസ്.ഡി.പി.ഐയുടേയും സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. ഇത്തവണ കാവുങ്ങപ്പറമ്പും ട്വിന്റി 20ക്ക് ഒപ്പം നിന്നു. അതേസമയം ചേലക്കുളം ട്വിന്റി 20യെ തള്ളി.

പതിനഞ്ച് സീറ്റുകള്‍ ഉണ്ടായിരുന്നിടത്തു നിന്ന് കോണ്‍ഗ്രസ് ഒരു സീറ്റിലേക്കും സി.പി.ഐ.എം ചിത്രത്തിലില്ലാതെ ആവുകയുമായിരുന്നു. ഇത്തവണയും ഇത് തന്നെയാണ് സംഭവിച്ചത്. കേരളം പോലൊരു സ്ഥലത്ത് തികച്ചും അവിശ്വസനീയമായ രാഷ്ട്രീയ അട്ടിമറിയായിരുന്നു ഇത്.

ട്വന്റി 20 രൂപീകരിച്ച ഉടന്‍ കിഴക്കമ്പലത്തിന്റെ രാഷ്ട്രീയ മേഖലയിലേക്ക് നടന്നുകയറുകയായിരുന്നില്ല കിറ്റക്‌സ് ചെയ്തത്. രാഷ്ട്രീയത്തിലേക്കില്ല എന്ന നിലപാട് സ്വീകരിച്ച ട്വന്റി 20 എന്നാല്‍ സാവകാശം മുഖ്യധാര പാര്‍ട്ടികളെ ഉള്‍പ്പെടെ മലര്‍ത്തിയടിക്കുകയായിരുന്നു. ഇക്കുറിയത് സമീപ പ്രദേശത്തെ മറ്റ് രണ്ട് പഞ്ചായത്തുകളിലേക്ക് കൂടി വ്യാപിച്ചിരിക്കുന്നു.

കിറ്റക്‌സ് നടപ്പിലാക്കിയ ചില വ്യത്യസ്തമായ അല്ലെങ്കില്‍ വിചിത്രമായ രീതികളുമുണ്ട്.

ഉദാഹരണത്തിന് ട്വന്റി 20യുടെ മെമ്പര്‍മാരായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കെല്ലാം കിറ്റക്‌സ് മാസ ശമ്പളം നല്‍കുന്നുണ്ട്. സര്‍ക്കാര്‍ ഓണണേറിയത്തിന് പുറമേയാണിത്. ട്വന്റി 20യുടെ തെരഞ്ഞടുക്കപ്പെട്ട എല്ലാ മെമ്പര്‍മാര്‍ക്കും 15000 രൂപയും പ്രസിഡന്റിന് 25000 രൂപയും വൈസ് പ്രസിഡന്റിന് 20000 രൂപയുമാണ് നല്‍കുന്നത്.

ഇതിനു പുറമേ അലവന്‍സുകളും കമ്പനി നല്‍കുന്നുണ്ട്. ഇവിടെയാണ് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് കമ്പനിയോടാണോ അതോ ജനങ്ങളോടാണോ കൂറുണ്ടാവുക എന്ന ചോദ്യം പ്രസക്തമാകുന്നത്.

ഓരോ പഞ്ചായത്തിലും എം.എസ്.ഡബ്ല്യു എക്‌സിക്യൂട്ടീവ്മാരെയും കമ്പനി നിയോഗിച്ചിട്ടുണ്ട്. ഇവര്‍ക്കും മാസ ശമ്പളം ഉണ്ട്. എക്‌സിക്യൂട്ടിവുമാര്‍ക്ക് ഓരോ വാര്‍ഡിന്റെയും ചുമതലയാണുള്ളത്. സത്യത്തില്‍ കമ്പനിയുടെ പ്രതിനിധികളായാണ് ഇവര്‍ ഓരോ വീടുകളിലുമെത്തുന്നത്.

പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ വരെ കമ്പനിക്ക് കൃത്യമായ മേല്‍നോട്ടമുണ്ടെന്നാണ് ട്വന്റിയുടെ ഭാഗമായി പിന്നീട് രാജിവെച്ച പ്രസിഡന്റ് കെ.വി ജേക്കബ് പറയുന്നത്. എല്ലാ ആനുകൂല്യങ്ങളും ട്വന്റി 20 അനുഭാവികള്‍ക്ക് മാത്രമാണ് ഉള്ളത്. ഇനി ഏതെങ്കിലും ഘട്ടത്തില്‍ ഇവര്‍ക്ക് ട്വന്റി 20 യോട് എതിര്‍പ്പുണ്ടായാല്‍ കടുത്ത വിവേചനത്തിലൂടെയാണ് കടന്നു പോകേണ്ടി വരുകയെന്നും പറയുന്നുണ്ട്.

സ്വേച്ഛാധിപത്യ പ്രവര്‍ത്തനങ്ങളാണ് കമ്പനി നടത്തുന്നതെന്ന് ആരോപിച്ചാണ് കിഴക്കമ്പലം പഞ്ചായത്തില്‍ ട്വന്റി 20യുടെ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന കെ.വി ജേക്കബ് രാജിവെച്ചത്. കമ്പനി കേന്ദ്രീകരിച്ചുള്ള വികസന പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ട്വന്റി 20 നടത്തിയതെന്നായിരുന്നു മറ്റൊരു ആരോപണം.

റോഡ് വികസനമുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ കിറ്റക്സ് കമ്പനിയേയും സ്വന്തം പ്രോപ്പര്‍ട്ടിയേയും മാത്രം അടിസ്ഥാനമാക്കിയാണ് സാബു. എം ജേക്കബ് നടത്തിയതെന്ന് കെ.വി ജേക്കബ് ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ കിഴക്കമ്പലം പഞ്ചായത്ത് വികസനകുതിപ്പിലാണെന്ന് ആര്‍ക്കും അവകാശപ്പെടാന്‍ കഴിയില്ല. പല പദ്ധതികളും സമയത്ത് പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതുകൊണ്ട് പ്ലാന്‍ ഫണ്ടില്‍ ലഭിച്ച ആറ് കോടി രൂപയോളം ലാപ്സ് ആയിപോയിരിക്കുകയാണ്.

വരുമാനമുള്ള പഞ്ചായത്ത് ആയതുകൊണ്ടാണ് ട്വന്റി 20യുടെ ഭരണത്തിന്റെ പല തിക്ത ഫലങ്ങളും ഇപ്പോള്‍ അനുഭവപ്പെടാത്തത് എന്നും കെ.വി ജേക്കബ് പറഞ്ഞിരുന്നു.

സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ട് ലാപ്‌സ് ആയി പോയിട്ടുണ്ടെന്ന ആരോപണം ട്വന്റി 20യുടെ പഞ്ചായത്ത് പ്രസിഡന്റും അംഗീകരിക്കുന്നുണ്ട്. പക്ഷേ വികസനപ്രവര്‍ത്തനങ്ങള്‍ ട്വിന്റി 20 യുടെ ഫണ്ട് ഉപയോഗിച്ച് പൂര്‍ത്തീകരിച്ചുവെന്ന വിചിത്ര വാദമാണ് അവര്‍ മുന്നോട്ട് വെക്കുന്നത്.

നോക്കൂ ഒരു സര്‍ക്കാര്‍ പഞ്ചായത്തിന് നല്‍കിയ ഫണ്ട്, അവിടുത്തെ ജനങ്ങള്‍ക്ക് വേണ്ടി കൂടി അനുവദിച്ച ഫണ്ട്, അത് കൃത്യസമയത്ത് പദ്ധതികള്‍ നടപ്പിലാക്കാത്തതുകൊണ്ട് ലാപ്‌സ് ആയി പോകുന്നു. കേരളത്തിലെ മറ്റേത് രാഷ്ട്രീയ പാര്‍ട്ടിയായിരുന്നെങ്കിലും വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നേനെ ഈ പ്രശ്‌നത്തിന്.

ഇപ്പോള്‍ ട്വന്റി 20 കിഴക്കമ്പലത്തിന് പുറത്തേക്ക് കൂടി വികസിച്ചിരിക്കുകയാണ്. എങ്ങിനെയാണ് കമ്പനികള്‍ നിര്‍ബന്ധിത സി.എസ്.ആര്‍ എന്ന നിയമം രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നത് എന്നതിന്റെ പ്രത്യക്ഷ ഉദാഹരമാണ് കിഴക്കമ്പലത്തെ ട്വന്റി 20 യുടെ വിജയം.

സി.പി.ഐ.എമ്മും കോണ്‍ഗ്രസും മാറി മാറി ഭരിച്ച പഞ്ചായത്തിലാണ് കിറ്റക്‌സ് സി.എസ്.ആറിന്റെ ചുവടുപിടിച്ച് കേരളത്തിന് മുന്‍പരിചയമില്ലാത്ത ഭരണ സംവിധാനങ്ങളും രീതികളും മുന്നോട്ട് വെച്ചത്. കോര്‍പ്പറേറ്റുകള്‍ തങ്ങളുടെ ഭാവി രാഷ്ട്രീയത്തിന്റെ പരീക്ഷണമാക്കിയേക്കാവുന്ന വിളനിലമായി ട്വിന്റി 20 മാറുമെന്ന നിരീക്ഷണങ്ങള്‍ പ്രസക്തമാണെന്ന് തന്നെയാണ് ട്വിന്റി 20 2020ലെ തെരഞ്ഞെടുപ്പിലൂടെയും പറഞ്ഞു വെക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Dangers behind Kizhakkambalam Twenty 20