| Thursday, 30th April 2026, 3:27 pm

പാത്രങ്ങളും വെള്ളവും കൊണ്ടുവരണം; അമ്പലത്തില്‍ കയറരുത്: ഗുജറാത്തില്‍ ദളിതര്‍ക്ക് വിവേചനം

നിഷാന. വി.വി

ജുനഗഡ്: ഗുജറാത്തിലെ ജുനഗഡില്‍ ക്ഷേത്ര ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ദളിത് വിഭാഗത്തില്‍പ്പെട്ടവരോട് സ്വന്തമായി പ്ലേറ്റും വെള്ളവും കൊണ്ടുവരാന്‍ നിര്‍ദേശം.

ഗ്രാമത്തിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ നടന്ന മഹാ പ്രസാദം എന്ന പരിപാടിയിലായിരുന്നു ജാതി വിവേചനം. സംഭവം ഇതിനോടകം തന്നെ വലിയ വിവാദമായിട്ടുണ്ട്.

‘ഞങ്ങളോട് സ്വന്തം പ്ലേറ്റുകളും ഗ്ലാസുകളും കൊണ്ടുവരാനും മറ്റുള്ളവര്‍ ഭക്ഷണം കഴിച്ചതിന് ശേഷം പ്രത്യേകം തയ്യാറാക്കിയ ഭക്ഷണം കഴിക്കാനും ആവശ്യപ്പെട്ടു,’ 25 കാരനായ അജയ് ചതുര്‍ ബോറിച്ച പറഞ്ഞു.

ജാതി വിവേചനത്തിനെതിരെ പരാതി നല്‍കിയതായും അദ്ദേഹം പറഞ്ഞു.

ദളിതരായ പത്ത് പേരെ ചടങ്ങിലേക്ക് ക്ഷണിച്ചതായും എന്നാല്‍ മറ്റുള്ളവര്‍ കഴിച്ച് പോയതിന് ശേഷം എത്തിയാല്‍ മതിയെന്ന് നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുണ്ട്.

അമ്പലത്തില്‍ കയറരുതെന്നും നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ ദളിത് സമൂഹം നിബന്ധനകള്‍ അംഗീകരിക്കാന്‍ വിസമ്മതിച്ചതോടെ സമൂഹ അന്നദാനം റദ്ദാക്കുകയും ചെയ്തു.

ഈ നടപടി ഭരണഘടന നിരോധിച്ച അയിത്തം ആചരിക്കുന്നതിന് തുല്യമാണെന്നും എല്ലാവര്‍ക്കും അവകാശപ്പെട്ട പൊതു ഇടങ്ങളില്‍ ഇത്തരം വേര്‍തിരിവ് കാണിക്കുന്നത് അപമാനകരമാണെന്നും ദളിത പ്രവര്‍ത്തകര്‍ പറഞ്ഞു.

സംഭവം വിവാദമായതോടെ സാമൂഹിക പ്രവര്‍ത്തകര്‍ ഗാന്ധി നഗര്‍ ജില്ലാ കളക്ടര്‍ക്കും പൊലീസ് സുപ്രണ്ടിനും പരാതിനല്‍കിയിട്ടുണ്ട്.

ബാബു ഉക്ക ഹപാനി, നരേന്ദ്ര ഭാന്‍ജി സിറോയ, രാംനിക് സാംജി സൊറാത്തിയ, അതുല്‍ ഭിഖ സിറോയ, ഫൂല പോപത് സിറോയ എന്നിവര്‍ക്കെതിരെ കേസെടുത്തതായും അന്വേഷണം ആരംഭിച്ചതായുമാണ് റിപ്പോര്‍ട്ട്.

Content Highlight: Dalits face discrimination in Gujarat, must bring utensils and water; not enter temple

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more