ലക്നൗ: ജാതിയതിക്ഷേപത്തെ തുടർന്ന് സ്വയം തീകൊളുത്തി ദളിത് യുവാവ്. ഉത്തർ പ്രദേശിലെ മുസഫ്ഫർ നഗർ ജില്ലയിലാണ് കഴിഞ്ഞ വെള്ളിയാഴ്ച (ഏപ്രിൽ 17) സംഭവം നടന്നത്.
22 വയസ്സുള്ള ഹിമാൻഷു കൗർ എന്ന യുവാവ് സ്വയം പെട്രോൾ ഒഴിച്ച ശേഷം തീ കൊളുത്തുന്നത് സി.സി.ടി.വി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. ഖതൗലി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗംഗധാരി ഗ്രാമത്തിൽ രാത്രി 9 മണിയോടെയായിരുന്നു സംഭവം.
ഉടൻ തന്നെ പ്രാദേശിക ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി ഡോക്ടർമാർ ഡൽഹിയിലെ മികച്ച ആശുപത്രികളിലേക്ക് മാറ്റി. അദ്ദേഹം ഇപ്പോൾ ചികിത്സയിലാണെന്നും ആരോഗ്യ നില തൃപ്തികരമാണെന്നും ഖതൗലി പോലീസ് അറിയിച്ചു.
പ്രദേശത്തെ കർഷകനായ ഗൗരവ് എന്നയാൾ തന്റെ പാടത്തെ തൊഴിലാളിയായ ഹിമാൻഷുവിനോട് വണ്ടിയിൽ പൂക്കൾ കയറ്റാൻ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. ഹിമാൻഷു ഇത് വിസമ്മതിച്ചപ്പോൾ ഗൗരവ് ഹിമാൻഷുവിനെ മർദിക്കുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തു.
ഈ അധിക്ഷേപങ്ങൾ ഹിമാൻഷുവിനെ മാനസികമായി തളർത്തിയെന്നും ഇതാണ് ഇത്തരമൊരു കടുംകൈ ചെയ്യാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്നും സഹോദരൻ ബിട്ടു പറഞ്ഞു.
ശരീര ഭാഗത്തിന്റെ ഏകദേശം 30 മുതൽ 50 ശതമാനം വരെ പൊള്ളലേറ്റിട്ടുണ്ടെന്നും പ്രതികൾക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചുണ്ടെന്നും സീനിയർ സൂപ്രണ്ട് സഞ്ജയ് കുമാർ വർമ്മ പറഞ്ഞു.
Content Highlight: Dalit youth attempts suicide by setting himself on fire in UP after being beaten and insulted for refusing to carry flowers