പഞ്ചാബ് കോണ്‍ഗ്രസില്‍ 'ദളിത് അവഗണന'; ആഭ്യന്തര പ്രശ്‌നങ്ങള്‍ പരസ്യമാക്കരുതെന്ന മുന്നറിയിപ്പുമായി നേതൃത്വം
India
പഞ്ചാബ് കോണ്‍ഗ്രസില്‍ 'ദളിത് അവഗണന'; ആഭ്യന്തര പ്രശ്‌നങ്ങള്‍ പരസ്യമാക്കരുതെന്ന മുന്നറിയിപ്പുമായി നേതൃത്വം
നിഷാന. വി.വി
Friday, 23rd January 2026, 3:27 pm

ഛണ്ഡീഗഡ്: പാര്‍ട്ടിയില്‍ ദളിതരെ അവഗണിക്കുന്നുവെന്ന പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിയുടെ പരാമര്‍ശത്തെ തുടര്‍ന്ന് നേതാക്കള്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി കോണ്‍ഗ്രസ് നേതൃത്വം.

ആഭ്യന്തര പ്രശ്‌നങ്ങള്‍ പൊതു ഇടങ്ങളില്‍ ചര്‍ച്ചയാക്കുന്നത് നിര്‍ത്തണമെന്നും വിഭാഗീയത വളര്‍ത്തരുതെന്നും ഹൈക്കമാന്‍ഡ് മുന്നറിയിപ്പ് നല്‍കി.

2027 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുന്നത് ഉറപ്പാക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും പാര്‍ട്ടി നേതാക്കളോട് ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ന്യൂദല്‍ഹിയിലെ വസതിയില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് മുന്നറിയിപ്പ്. യോഗത്തില്‍ രാാഹുല്‍ ഗാന്ധിയും പങ്കെടുത്തു.

പരസ്പരം പ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്നും പരസ്യ പ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്നും വിട്ട് നില്‍ക്കണമെന്നും യോഗം നിര്‍ദേശിച്ചു.

പഞ്ചാബ് കോണ്‍ഗ്രസില്‍ ആഭ്യന്തര കലഹം രൂക്ഷമാവുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ദല്‍ഹിയില്‍ യോഗം ചേര്‍ന്നത്.

സംസ്ഥാന നേതൃത്വത്തില്‍ ഉടനടി മാറ്റമൊന്നും ഉണ്ടാകില്ലെന്ന് ഹൈക്കമാന്‍ഡ് പാര്‍ട്ടി നേതാക്കള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. അതേ സമയം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും പ്രചാരണ തന്ത്രത്തിലും ഹൈക്കമാന്‍ഡ് യഥാസമയം തീരുമാനമെടുക്കുമെന്ന് അറിയിച്ചു.

ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും പഞ്ചാബിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തിയിട്ടുണ്ടെന്നും സംസ്ഥാന നേതാക്കളുടെ അഭിപ്രയങ്ങള്‍ കേട്ടതായും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു.

‘ഓരോരുത്തര്‍ക്കും അവരവരുടെതായ കാഴ്ച്ചപ്പാടുകളുണ്ടാവാം, പക്ഷേ അവ പാര്‍ട്ടി ഫോറങ്ങളില്‍ മാത്രമേ ഉന്നയിക്കാവൂ. മാധ്യമങ്ങളിലോ സാമൂഹിക മാധ്യമങ്ങളിലോ ഇത്തരം വിഷയങ്ങള്‍ പ്രചരിപ്പിക്കുന്നത് അനുവദിക്കില്ല’ വേണുഗോപാല്‍ പറഞ്ഞു.

നേതൃത്വം ഇതുമായി ബന്ധപ്പെട്ട് വ്യക്തമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ നേതാക്കളും ഇത് അംഗീകരിച്ചിട്ടുണ്ടെന്നും ചര്‍ച്ച ഫലപ്രദമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പഞ്ചാബ് ഉള്‍പ്പടെയുളള സംസ്ഥാനങ്ങളില്‍ പട്ടികജാതി, പട്ടികവര്‍ഗ, ഒ.ബി.സി, സാമ്പത്തികമായി ദുര്‍ബലമായ വിഭാഗങ്ങള്‍ എന്നിവരുടെ പ്രാതിനിധ്യം ഉറപ്പാക്കാന്‍ കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.

ദുര്‍ബല വിഭാഗങ്ങളുടെ പ്രാതിനിധ്യത്തെക്കുറിച്ചുള്ള ചന്നിയുടെ പരാമര്‍ശത്തെ തുടര്‍ന്നായിരുന്നു പ്രതികരണം.

സംസ്ഥാനത്ത് 35 ശതമാനത്തോളം വരുന്ന ദളിതര്‍ക്ക് അര്‍ഹമായ പ്രാതിനിത്യം ലഭിക്കുന്നില്ലെന്നും. ദളിതനായ തനിക്ക് പല തരത്തിലുള്ള അവഗണനകളും നേരിടേണ്ടി വന്നിട്ടുണ്ടെന്നുമുള്ള തരത്തില്‍ ചന്നി സംസാരിക്കുന്നതായുള്ള വീഡിയോ പ്രചരിച്ചിരുന്നു. ഇത് പാര്‍ട്ടിയില്‍ വലിയ തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കമാഡിന്റെ മുന്നറിയിപ്പ്.

ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, ജനറല്‍ സെക്രട്ടറി വേണുഗോപാല്‍, പഞ്ചാബ് ഇന്‍ചാര്‍ജ് ഭൂപേഷ് ബാഗേല്‍, മുതിര്‍ന്ന നേതാവ് അംബികാ സോണി, പഞ്ചാബ് നിയമസഭാ പ്രതിപക്ഷ നേതാവ് പ്രതാപ് സിംഗ് ബജ്വ, മുന്‍ മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചാന്നി, സുഖ്ജീന്ദര്‍ സിംഗ് രന്ധാവ തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.

Content Highlight: ‘Dalit neglect’ in Punjab Congress; Leadership warns against making internal issues public

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.