പൊതുകിണറിലെ വെള്ളമെടുക്കാന്‍ വിലക്ക്, സമരത്തിനിറങ്ങി ദളിത് കുടുംബങ്ങള്‍
അന്ന കീർത്തി ജോർജ്

നിങ്ങള്‍ കുടിവെള്ളത്തിനും മറ്റാവശ്യങ്ങള്‍ക്കുമായി ഉപയോഗിച്ചിരുന്ന പൊതുകിണറന്മേല്‍ ഒരു കൂട്ടം ആള്‍ക്കാള്‍ അവകാശവാദവുമായി പെട്ടെന്ന് ഒരു ദിവസം രംഗത്തെത്തുന്നു. ഇത് അവരുടെ കിണറാണെന്നും ഇനി കിണറില്‍ നിന്നും വെള്ളമെടുക്കരുതെന്ന് പറയുന്നു. കിണറിനുമേല്‍ ഇരുമ്പുവല വിരിക്കുന്നു. നിങ്ങള്‍ വെള്ളമെടുക്കുന്നുണ്ടോയെന്നറിയാനായി സി.സി.ടി.വി സ്ഥാപിക്കുന്നു. വെള്ളമെടുത്താല്‍ അവരുടെ സ്വകാര്യഭൂമിന്മേലുള്ള കയ്യേറ്റമാണെന്ന് പറയുന്നു. ഒരിറ്റു കുടിവെള്ളത്തിനുപോലും വഴിയില്ലാതായാല്‍ പിന്നെ നിങ്ങള്‍ എന്തു ചെയ്യും…ജീവിക്കാനായി നിങ്ങള്‍ക്ക് സമരത്തിനിറങ്ങേണ്ടി വരും.

കോഴിക്കോട് വേളൂരിലെ അഞ്ചോളം ദളിത് കുടുംബങ്ങള്‍ ഇന്ന് ജീവജലത്തിനായി സമരത്തിലാണ്.

വേളൂര്‍ വെസ്റ്റ് പ്രദേശത്തെ അഞ്ചോളം കുടുംബങ്ങള്‍ പതിനഞ്ച് വര്‍ഷത്തോളമായി കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്ന പൊതുകിണറിനുമേല്‍ അവകാശവാദവുമായി സ്വകാര്യ വ്യക്തി കടന്നുവരുന്നത് ഇക്കഴിഞ്ഞ ഒക്ടോബറിലാണ്. ഒക്ടോബര്‍ രണ്ടിന് ചിലരെത്തി കിണര്‍ വൃത്തിയാക്കുന്നത് കണ്ടപ്പോള്‍ വര്‍ഷാവര്‍ഷം തങ്ങള്‍ ചെയ്യുന്ന ജോലി നാട്ടുകാരില്‍ ചിലര്‍ ചെയ്യുന്നു എന്നേ ഇവര്‍ കരുതിയുള്ളു. തൊട്ടടുത്ത ദിവസമാണ് തങ്ങളുടെ കുടിവെള്ളത്തിനാണ് അവര്‍ താഴിട്ടുപൂട്ടിയതെന്ന് ഇവര്‍ അറിയുന്നത്.

കടുത്ത കുടിവെള്ളക്ഷാമം നേരിടുന്ന ഈ പ്രദേശത്ത് 1982-83 കാലഘട്ടത്തിലാണ് സ്ഥലത്തെ പ്രധാന സാമൂഹ്യ-സാംസ്‌ക്കാരിക കൂട്ടായ്മയായ റൈപ്പേരിയന്‍ ക്ലബിന്റെ നേതൃത്വത്തില്‍ സ്വകാര്യ വ്യക്തി വിട്ടുനല്‍കിയ സ്ഥലത്ത്, ജനങ്ങളുടെ ശ്രമദാനത്തിലൂടെ കിണര്‍ കുഴിക്കുന്നത്. ഈ കിണറിനെയായിരുന്നു പിന്നീട് പ്രദേശവാസികളില്‍ ഒട്ടുമിക്കവരും ആശ്രയിച്ചിരുന്നത്.

ഇപ്പോള്‍ 37 വര്‍ഷത്തിനുശേഷമാണ് പൊതുകിണറിനുമേല്‍ അവകാശവാദവുമായി മുന്‍പ് സ്ഥലം വിട്ടുനല്‍കിയ വ്യക്തിയുടെ ബന്ധു രംഗത്തെത്തിയിരിക്കുന്നത്. കിണറിനെ ആശ്രയിച്ചിരുന്ന കുടുംബങ്ങളുടെ മോട്ടോര്‍ എടുത്തുമാറ്റിയ ഇയാള്‍ വെള്ളം കോരിയെടുത്തു കൊണ്ടുപോകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

വീടുകളില്‍ കിണറുണ്ടെങ്കിലും അയണിന്റെ അളവ് കൂടിയതിനാല്‍ ഇത് കുടിക്കാനോ മറ്റാവശ്യങ്ങള്‍ക്കോ ഇവര്‍ക്ക് ഉപയോഗിക്കാനാവില്ല. കിണറുകള്‍ നന്നാക്കിയെടുക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. നിലവില്‍ ദൂരെയുള്ള ബന്ധുവീടുകളില്‍ നിന്നും വാഹനങ്ങളില്‍ വെള്ളം എത്തിച്ചാണ് ഇവര്‍ ഉപയോഗിക്കുന്നത്. പക്ഷെ ഇത്തരത്തില്‍ എത്രനാള്‍ തുടരാനാകുമെന്ന ഈ കുടുംബങ്ങള്‍ ചോദിക്കുന്നു.

അധികൃതരോട് പല തവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകത്തതിനെ തുടര്‍ന്ന് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ കുടിവെള്ളത്തിനായി സമരം നടത്തുകയാണ് ഈ കുടുംബങ്ങള്‍. ‘മണിമാളികയോ പണമോ മറ്റു സൗകര്യങ്ങളോ ഒന്നുമല്ല ചോദിക്കുന്നത്, കുടിവെള്ളം മാത്രമാണ്. ഒന്നുകില്‍ ഈ പൊതുകിണറില്‍ നിന്നും പഴയതുപോലെ വെള്ളമെടുക്കാന്‍ സംവിധാനമുണ്ടാക്കണം. അല്ലെങ്കില്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തണം. അതുവരെയും സമരം തുടരാന്‍ തന്നെയാണ് തീരുമാനം. അതല്ലാതെ ഞങ്ങള്‍ക്ക് മുന്‍പില്‍ മറ്റു മാര്‍ഗങ്ങളില്ല.’ പ്രദേശവാസിയായ രമ്യ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Dalit families denied access to common well starts protest in Kozhikode

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.