ഹോളണ്ട് പടക്ക് ചെക്ക് റിപ്പബ്ലിക്കിന്റെ 'ചെക്ക്'
Euro Cup
ഹോളണ്ട് പടക്ക് ചെക്ക് റിപ്പബ്ലിക്കിന്റെ 'ചെക്ക്'
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 28th June 2021, 12:21 am

ബുഡാപെസ്റ്റ്: ചെക്ക് റിപ്പബ്ലിക്ക് യൂറോ കപ്പിന്റെ ക്വാര്‍ട്ടറില്‍. 10 പേരായി ചുരുങ്ങിയ നെതര്‍ലന്‍ഡ്സിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് അട്ടിമറിച്ചാണ്
ചെക്ക് ടീമിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം. തോമസ് ഹോള്‍സ്, പാട്രിക് ഷിക്ക് എന്നിവരാണ് ചെക്ക് റിപ്പബ്ലിക്കിനായി വല കുലുക്കിയത്.

ഫെറെങ്ക് പുഷ്‌കാസ് സ്റ്റേഡിയത്തില്‍ 55ാം മിനിറ്റില്‍ പ്രതിരോധ നിര താരം ഡിലൈറ്റ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതോടെ ഹോളണ്ട് കളി കൈവിടുകയായിരുന്നു. 68, 80 മിനിട്ടുകളിലായിരുന്നു ചെക്ക് ടീമിന്റെ വിജയ ഗോളുകള്‍ പിറന്നത്.

ഇത്തവണ ഗ്രൂപ്പ് ഘട്ടത്തില്‍ 3 കളിയില്‍ 8 ഗോളുകള്‍ അടിച്ചുകൂട്ടി പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ച ഹോളണ്ടിന് തോല്‍വിയോടെ ഒരു കിരീട മോഹം കൂടി വഴിമുടക്കി. 2016 യൂറോയ്ക്കും 2018 ലോകകപ്പിനും ഹോളണ്ട് യോഗ്യത നേടിയിരുന്നില്ല.

ലോകഫുട്‌ബോളില്‍ എക്കാലത്തും മികച്ച ടീമുകളിലൊന്നായിട്ടും അവരുടെ ഒരേയൊരു മേജര്‍ കിരീടം 1988ലെ യൂറോ കപ്പ് മാത്രമാണ്.

അതേസമയം, യൂറോ കപ്പില്‍ എന്നും മികച്ച അട്ടമറി പ്രകടനം കാഴ്ചവച്ചവരാണ് ചെക്ക് റിപ്പബ്ലിക്. 1996ല്‍ ഫൈനലിലെത്തിയ അവര്‍ 2004ല്‍ സെമിഫൈനലും 2012ല്‍ ക്വാര്‍ട്ടര്‍ ഫൈനലും കളിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGTS :  Czech Republic Beat 10-Man Netherlands 2-0