ഇന്ത്യന്‍ സിനിമയെ ഒന്നാകെ ആവേശത്തിലാക്കിയ അനൗണ്‍സ്‌മെന്റ് വീഡിയോയാണ് കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. പുരാണകാവ്യമായ രാമായണം സിനിമാരൂപത്തിലെത്തുകയാണെന്ന വാര്‍ത്ത വളരെ മുമ്പ് തന്നെ പുറത്തുവിട്ടെങ്കിലും കഴിഞ്ഞദിവസം റിലീസ് ചെയ്ത ഗ്ലിംപ്‌സ് അക്ഷരാര്‍ത്ഥത്തില്‍ സിനിമാലോകത്തെ ഞെട്ടിച്ചു.
ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രമായാണ് രാമായണം ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 820 കോടി ബജറ്റില്‍ രണ്ട് ഭാഗമായാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട വിവരം. രാമനായി വേഷമിടുന്നത് രണ്‍ബീര്‍ കപൂറാണ്. കെ.ജി.എഫ്. സീരീസിലൂടെ പാന്‍ ഇന്ത്യന്‍ സ്റ്റാറായി മാറിയ യഷ് രാവണനായി വേഷമിടുമ്പോള്‍ സായ് പല്ലവിയാണ് സീതയെ അവതരിപ്പിക്കുന്നത്.
മികച്ച അഭിനേത്രിയാണെന്ന് പലകുറി തെളിയിച്ച സായ് പല്ലവിയെ സീതയായി കാസ്റ്റ് ചെയ്തതിന് പിന്നാലെ പല തരത്തിലുള്ള വിദ്വേഷ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. സായ് പല്ലവിക്ക് സീതയാകാനുള്ള ‘ലുക്ക്’ പോരെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. വേറെ ഏതെങ്കിലും നടിയെ ഈ വേഷത്തിലേക്ക് കാസ്റ്റ് ചെയ്യാമായിരുന്നുവെന്നാണ് ഇത്തരക്കാര്‍ അവകാശപ്പെടുന്നത്.
താരത്തിന്റെ മുന്‍ ചിത്രമായ അമരനിലെ മലയാളം ഡയലോഗ് ഡെലിവറിയാണ് ഇക്കൂട്ടര്‍ എടുത്തു കാണിക്കുന്ന മറ്റൊരു വാദം. ഇന്ദു എന്ന കഥാപാത്രമായി ഗംഭീര പെര്‍ഫോമന്‍സ് കാഴ്ചവെക്കാന്‍ സായ് പല്ലവിക്ക് സാധിച്ചിരുന്നു. രാഷ്ട്രീയ റൈഫിള്‍സിലെ മേജര്‍ മുകുന്ദ് വരദരാജന്റെ കഥ പറഞ്ഞ ചിത്രമായിരുന്നു അമരന്‍.
സായ് പല്ലവിക്ക് ചരിത്രവേഷം ചെയ്യാന്‍ സാധിക്കില്ലെന്ന് പറയുന്നവര്‍ ശ്യാം സിംഘ റോയ് എന്ന സിനിമ കണ്ടാല്‍ മതിയാകുമെന്ന് പറഞ്ഞുകൊണ്ട് താരത്തെ അനുകൂലിച്ചും പോസ്റ്റുകള്‍ വരുന്നുണ്ട്. ഗ്ലിംപ്‌സില്‍ ഒരിടത്തുപോലും സായ് പല്ലവിയെ കാണിച്ചിട്ടില്ലെന്നും സിനിമയിറങ്ങിയിട്ട് വിമര്‍ശിച്ചാല്‍ പോരെയെന്നും ഇക്കൂട്ടര്‍ ചോദിക്കുന്നു.
മുമ്പും സായ് പല്ലവിക്കും നായകായ രണ്‍ബീര്‍ കപൂറിനും നേരെ സൈബര്‍ അറ്റാക്ക് നടന്നിരുന്നു. തീവ്രവലതുപക്ഷ പേജുകളില്‍ നിന്നായിരുന്നു കൂടുതല്‍ സൈബര്‍ അറ്റാക്ക് നടന്നത്. രണ്‍ബീര്‍ ബീഫ് കഴിക്കുന്ന ആളായതിനാല്‍ അയാള്‍ക്ക് രാമനായി അഭിനയിക്കാന്‍ അര്‍ഹതയില്ലെന്ന് പറഞ്ഞായിരുന്നു വിദ്വേഷ പോസ്റ്റുകള്‍. സായ് പല്ലവിയെ ഇന്ത്യാ വിരോധിയാക്കാനും അവര്‍ ശ്രമിച്ചിരുന്നു.
ദംഗല്‍, ചിച്ചോരെ എന്നീ ഹിറ്റുകള്‍ക്ക് ശേഷം നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രമാണ് രാമായണ. ലോകസിനിമയിലെ ഇതിഹാസ സംഗീതഞ്ജരായ ഹാന്‍സ് സിമ്മറും എ.ആര്‍. റഹ്‌മാനുമാണ് ചിത്രത്തിന്റെ സംഗീതം. ചിത്രത്തിന്റെ ആദ്യഭാഗം 2026 ദീപാവലിക്കും രണ്ടാം ഭാഗം 2027 ദീപാവലിക്കും റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.
Content Highlight: Cyber bullying against Sai Pallavi after Ramayana first glimpse release