| Friday, 13th March 2026, 11:35 am

പാക് താരത്തിനെ ടീമിലെടുത്തു; സണ്‍റൈസേഴ്‌സിനെതിരെ സൈബര്‍ അറ്റാക്

ആദര്‍ശ് എം.കെ.

ഇംഗ്ലീഷ് ഫ്രാഞ്ചൈസി ലീഗായ ദി ഹണ്‍ഡ്രഡില്‍ പാക് താരം അബ്രാര്‍ അഹമ്മദിനെ സണ്‍റൈസേഴ്‌സ് ലീഡ്‌സ് സ്വന്തമാക്കിയതിന് പിന്നാലെ ടീമിനും സിസ്റ്റര്‍ ഫ്രാഞ്ചൈസിയായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനുമെതിരെ സൈബര്‍ അറ്റാക്ക്.

ഇന്ത്യയെ അപമാനിക്കാനാണ് അബ്രാര്‍ അഹമ്മദിനെ സണ്‍ ടി.വിയുടെ ഉടമസ്ഥതയിലുള്ള സണ്‍റൈസേഴ്‌സ് ലീഡ്‌സ് സ്വന്തമാക്കിയതെന്നാണ് ഇവരുടെ ആരോപണം.

190,000 പൗണ്ടിനാണ് സണ്‍റൈസേഴ്‌സ് ലീഡ്‌സ് അബ്രാര്‍ അഹമ്മദിനെ ടീമിലെത്തിച്ചത്. ദി ഹണ്‍ഡ്രഡില്‍ ഇതാദ്യമായാണ് സണ്‍റൈസേഴ്‌സ് കളിക്കുന്നത്.

പാക് താരത്തെ ടീമിലെത്തിച്ചതില്‍ വലിയ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഇന്ത്യയുടെ വികാരങ്ങള്‍ മാനിക്കാതെയാണ് കാവ്യ മാരനും സണ്‍ ടി.വിയും ഈ തീരുമാനമെടുത്തതെന്നാണ് വിമര്‍ശനം.

കടുത്ത പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ സണ്‍റൈസേഴ്‌സ് ലീഡ്‌സിന്റെ എക്‌സ് അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടു.

ഇംഗ്ലീഷ് താരം ആദില്‍ റഷീദിനെ സ്വന്തമാക്കുകയെന്നതായിരുന്നു തങ്ങളുടെ പ്രഥമ പരിഗണനയെന്നും, എന്നാല്‍ അദ്ദേഹത്തെ ലഭിക്കാത്ത സാഹചര്യത്തിലാണ് ഒരു വിദേശ സ്പിന്നര്‍ എന്ന നിലയില്‍ അബ്രാര്‍ അഹമ്മദിനെ ടീമിലെത്തിച്ചത് എന്നുമാണ് പരിശീലകന്‍ ഡാനിയല്‍ വെറ്റോറി നല്‍കുന്ന വിശദീകരണം.

ലേലത്തിന് മുന്‍പ് പാക് താരങ്ങളെ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ടീം മാനേജ്മെന്റില്‍ പ്രത്യേക ചര്‍ച്ചകളൊന്നും നടന്നിരുന്നില്ലെന്നും വെറ്റോറി വ്യക്തമാക്കി.

കഴിവിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് താരങ്ങളെ തിരഞ്ഞെടുത്തതെന്നും അബ്രാര്‍ അഹമ്മദിനൊപ്പം ഉസ്മാന്‍ താരിഖ്, റിഷാദ് ഹുസൈന്‍ എന്നിവരും ടീമിന്റെ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

കഴിഞ്ഞ വര്‍ഷമാണ് സണ്‍ ടി.വി നോര്‍ത്തേണ്‍ സൂപ്പര്‍ചാര്‍ജേഴ്‌സിന്റെ ഓഹരികള്‍ വാങ്ങി സണ്‍റൈസേഴ്‌സ് ലീഡ്സ് എന്ന് പേര് മാറ്റിയത്.

ഐ.പി.എല്ലിലെ നിരവധി സഹോദര ഫ്രാഞ്ചൈസികള്‍ ദി ഹണ്‍ഡ്രഡിന്റെ ഭാഗമാണ്. ഇവരൊന്നും തന്നെ പാക് താരങ്ങളെ ടീമിലെത്തിച്ചിട്ടില്ല.

അബ്രാര്‍ അഹമ്മദിനെ പുറമെ പാക് താരം ഉസ്മാന്‍ താരിഖും ലേലത്തില്‍ വില്‍ക്കപ്പെട്ടു. ബെര്‍മിങ്ഹം ഫീനിക്‌സാണ് താരത്തെ സ്വന്തമാക്കിയത്.

Content Highlight: Cyber attack against Sunrisers Hyderabad after Sunrisers Leeds sign Abrar Ahmed in The Hundred

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more