തന്റെ പതിമൂന്നാം വയസ്സില്‍ മോഹന്‍ലാല്‍ നായകനായ കാസനോവയിലെ സഖിയേ എന്ന ഗാനത്തിലൂടെ സംഗീത രംഗത്തേക്ക് ചുവടുവെച്ച ഗായികയാണ് ഗൗരി ലക്ഷ്മി. മുറിവ് എന്ന പേരില്‍ പുറത്തിറക്കിയ ഗാനത്തിലെ വരികള്‍ കാരണം ഗൗരി ലക്ഷ്മി വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു.
എന്റെ പേര് പെണ്ണ് എന്ന് തുടങ്ങുന്ന വരികള്‍ക്ക് എതിരെ വലിയ രീതിയിലുള്ള സൈബര്‍ അറ്റാക്കാണ് ഗായികക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ നിന്നും ഉയര്‍ന്നത്. ഇപ്പോഴിതാ താരത്തിന്റെ ലൈവ് കണ്‍സേര്‍ട്ടുകളിലെ വസ്ത്ര ധാരണ രീതിയെയും പ്രവര്‍ത്തിയെയും വലിയ രീതിയില്‍ വിമര്‍ശിക്കുകയാണ് പല സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളും.
കഴിഞ്ഞ ദിവസം നടന്ന ഗൗരിയുടെ സംഗീത പരിപാടിയിലെ ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് പല സോഷ്യല്‍ മീഡിയ പേജുകളും ഗായികക്കെതിരെ ആക്ഷേപമുയര്‍ത്തുന്നത്. പാട്ട് പാടികൊണ്ടിരിക്കുന്നതിനിടയില്‍ തന്നെ വസ്ത്രം മാറുന്ന ഗൗരിയും നര്‍ത്തകരും ഗാനത്തിന്റെ ചടുലത നഷ്ടപ്പെടാതെ തന്നെ പെര്‍ഫോം ചെയ്യുന്നത് പരിപാടിയിലെ സ്ഥിരം കാഴ്ച്ചയാണ്.
താരം തന്റെ പരിപാടിയിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നതിന് മനപൂര്‍വ്വം നഗ്നതാ പ്രദര്‍ശനം നടത്തുകയാണെന്ന തരത്തിലാണ് താരത്തിനെതിരെ ഉയരുന്ന കമന്റുകള്‍. ഐഡന്റിറ്റി ഇല്ലാത്ത പല അക്കൗണ്ടുകളില്‍ നിന്നും ഉയരുന്ന കമന്റുകള്‍ പലതും താരത്തെ വ്യക്തിപരമായി ആക്ഷേപിക്കുന്നതും സ്ത്രീത്വത്തെ അപമാനിക്കുന്നതുമാണ്. ഇതിനടിയില്‍ വരുന്ന പല കമന്റുകളും താരത്തിന്റെ മുറിവ് എന്ന ഗാനത്തിലെ വരികളെ നേരിട്ട് പരിഹസിച്ചു കൊണ്ടുള്ളതണെന്നും വിഷയത്തിന്റെ തീവ്രത വര്‍ദ്ധിപ്പിക്കുന്നു.
രണ്ട് വര്‍ഷം മുമ്പ് താരത്തിന്റെ യൂട്യൂബ് ചാനല്‍ വഴി പുറത്തുവിട്ട ഗാനം പെണ്‍കുട്ടികള്‍ സമൂഹത്തില്‍ നേരിടേണ്ടി വരുന്ന ലൈംഗികാതിക്രമങ്ങളെ വിഷയമാക്കിയുള്ളതായിരുന്നു. പുരുഷന്മാരെ അവഹേളിക്കുന്നതാണ് ഗാനമെന്ന് ആരോപിച്ച് വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ക്ക് ഗാനം തുടക്കമിട്ടിരുന്നു. എന്നാല്‍ തന്റെ വരികള്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെയുള്ള ശക്തമായ ആയുധമാക്കിയ ഗൗരി തന്റെ എല്ലാ പരിപാടികളിലും ഗാനം ആലപിച്ചിരുന്നു.
അതേസമയം വിരളമെങ്കിലും താരത്തിന് അനുകൂലമായും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. കേരളത്തിലെ സംസ്‌കാരത്തിന്റെ പ്രശ്‌നമാണെന്നും ഇത്തരത്തിലുള്ള കാര്യങ്ങളെ അംഗീകരിക്കാന്‍ ഇനിയും സമയമെടുക്കുമെന്നാണ് ഒരു കമന്റ്. ആടു തോമ തുണിയഴിച്ചാല്‍ കൈയ്യടിക്കുന്നവര്‍ ഒരു സ്ത്രീ വസ്ത്രം മാറുമ്പോള്‍ തെറി വിളിക്കുകയാണെന്നാണ് മറ്റൊരു കമന്റ്.
മുറിവ് എന്ന ഗാനത്തിലെ വരികള്‍ രചിച്ചത് തന്റെ ജീവിതത്തിലെ അനുഭവത്തിന്റെ വെളിച്ചത്തിലാണെന്ന് ഗൗരി നേരത്തേ പറഞ്ഞിരുന്നു. തന്റെ ചെറിയ പ്രായത്തില്‍ അമ്മയോടൊപ്പം യാത്ര ചെയ്യവേ തന്റെ അച്ഛനെക്കാള്‍ പ്രായമുള്ളയാളുടെ അടുത്ത് നിന്ന് നേരിടേണ്ടി വന്ന അതിക്രമം താരം ഗാനത്തിലൂടെ പുറം ലോകത്തിന് മുന്നില്‍ എത്തിക്കുകയായിരുന്നു.
പ്രശാന്ത് പിള്ള സംഗീത സംവിധാനം നിര്‍വഹിച്ച ഏഴ് സുന്ദര രാത്രികളിലൂടെയാണ് താരം ആദ്യമായി പിന്നണി ഗായികയായി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് റെക്‌സ് വിജയനു കീഴില്‍ നോര്‍ത്ത് ലിവിങ്‌സ്റ്റണ്‍ ഏഴായിരം കണ്ടി സിനിമയില്‍ ആലപിച്ച താരത്തിന്റെ തലവര മാറ്റിയ ഗാനം ഗോദയിലെ ‘ആരോ നെഞ്ചില്‍’ ആയിരുന്നു.
Content Highlight: Cyber attack against Gauri Lekshmi for her glamourous stage show
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.