ന്യൂദല്‍ഹി: 2026-27 കേന്ദ്ര ബഡ്ജറ്റിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റ്. റവന്യൂ വരുമാനത്തിലും അറ്റ നികുതി വരുമാനത്തിലും ഞെട്ടിപ്പിക്കും വിധത്തിലുള്ള വെട്ടികുറയ്ക്കലാണ് ഉണ്ടായിരിക്കുന്നതെന്ന് ശ്രീനേറ്റ് പറയുന്നു.
പുതുക്കിയ റവന്യൂ വരുമാനത്തില്‍ 78,086 കോടി രൂപയുടെ വെട്ടിക്കുറയ്ക്കലാണ് ഉണ്ടായിരിക്കുന്നത്. അറ്റ നികുതി വരുമാനത്തില്‍ 1,62,748 കോടി രൂപയും വെട്ടിക്കുറച്ചു.
മൊത്തം ചെലവില്‍ 1,00,503 കോടി രൂപ കുറഞ്ഞപ്പോള്‍, മൂലധന ചെലവില്‍ 1,44,376 കോടി രൂപയുടെ കുറവ് ഉണ്ടായിട്ടുണ്ടെന്നും ശ്രീനേറ്റ് പറയുന്നു. 2025-26 സാമ്പത്തിക വര്‍ഷത്തിലെ കണക്കുകളുമായി താരതമ്യപ്പെടുത്തിയാണ് സുപ്രിയ ശ്രീനേറ്റിന്റെ പ്രതികരണം.
ആരോഗ്യം (3686 കോടി രൂപ), വിദ്യാഭ്യാസം (6701 കോടി രൂപ), സാമൂഹികക്ഷേമം (9999 കോടി രൂപ), കൃഷി (6985 കോടി രൂപ), ഗ്രാമവികസനം (53067 കോടി രൂപ), വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനം (1436 കോടി രൂപ) എന്നീ മേഖലയ്ക്ക് വേണ്ടി വകയിരുത്തിയ തുകയിലും കുറവുണ്ടായി.
ഇതിനുപുറമെ വിള ഇന്‍ഷുറന്‍സ് പദ്ധതി, യൂറിയ സബ്‌സിഡി, പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന, വിമാനങ്ങളും എയ്റോ എഞ്ചിനുകളും അടങ്ങുന്ന പ്രതിരോധ മേഖല, നാവിക ഡോക്ക്യാര്‍ഡ് പദ്ധതികള്‍, വ്യോമസേനയുടെ പദ്ധതികള്‍, ദേശീയ സുരക്ഷയും സാങ്കേതികവിദ്യയും, ദരിദ്ര കുടുംബങ്ങളിലേക്കുള്ള എല്‍.പി.ജി കണക്ഷന്‍ എന്നീ പദ്ധതികള്‍ക്കുള്ള ഫണ്ടിലും കുറവുണ്ടായിട്ടുണ്ട്.
പട്ടികജാതി/പട്ടികവര്‍ഗ, ഒ.ബി.സി വിഭാഗങ്ങളുടെ വികസനത്തിനും ക്ഷേമത്തിനുമായി വകയിരുത്തിയ ഫണ്ടില്‍ അതിക്രൂരമായ വെട്ടികുറയ്ക്കലാണ് നടന്നിരിക്കുന്നതെന്നും സുപ്രിയ ശ്രീനേറ്റ് പറയുന്നു. പ്രധാനമന്ത്രി അനിസുചിത് ജാതി അഭ്യുദയ യോജനയില്‍ കഴിഞ്ഞ വര്‍ഷത്തേതിന് അപേക്ഷിച്ച് 890 കോടി രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.
ഒ.ബി.സി, ഇ.ബി.സി, ഡി.എന്‍.ടികള്‍ക്കുള്ള പി.എം യങ് അച്ചീവേഴ്സ് സ്‌കോളര്‍ഷിപ്പിന് 690 രൂപ കോടി വെട്ടിക്കുറച്ച ശേഷമാണ് ഫണ്ട് വകയിരുത്തിയത്. പട്ടികജാതിക്കാര്‍ക്കുള്ള പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പില്‍ 360 കോടി രൂപയും പട്ടികവര്‍ഗ വികസന പരിപാടികള്‍ക്കുള്ള തുകയില്‍ 1,559 കോടിയുമാണ് കുറവുണ്ടായിരിക്കുന്നതെന്നും സുപ്രിയ ശ്രീനേറ്റ് പറഞ്ഞു.
ബി.ജെ.പി ചരിത്രപരമെന്ന് വിശേഷിപ്പിക്കുന്ന പ്രധാനമന്ത്രി ആവാസ് യോജന, ജല്‍ ജീവന്‍ മിഷന്‍ എന്നീ പദ്ധതികള്‍ക്കുള്ള ഫണ്ടുകളില്‍ യഥാക്രമം 50,000 കോടി രൂപ, 3,200 കോടി രൂപയുടെയും കുറവുണ്ടായി.
രാജ്യത്ത് മലിനജലം കുടിച്ച് ആളുകള്‍ മരിക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രം ചെലവ് കുറച്ച് ലാഭം കൊയ്യാന്‍ ശ്രമിക്കുന്നതെന്ന് സുപ്രിയയുടെ എക്‌സ് പോസ്റ്റിന് താഴെ വിമര്‍ശനമുണ്ട്.
Content Highlight: ‘Cutting Budget’; Supriya Shrinate against the Centre and Nirmala Sitharaman