അവനെ കയ്യില്‍ കിട്ടിയാല്‍ രണ്ട് കഷ്ണമാക്കും; ലിറ്റില്‍ മെസിക്ക് താലിബാന്റെ വധഭീഷണി
Football
അവനെ കയ്യില്‍ കിട്ടിയാല്‍ രണ്ട് കഷ്ണമാക്കും; ലിറ്റില്‍ മെസിക്ക് താലിബാന്റെ വധഭീഷണി
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 6th December 2018, 11:03 pm

കാബൂള്‍: അഞ്ച് വയസ്സുകാരന്‍ മൊര്‍തസയെ ഫുട്‌ബോള്‍ ലോകം മറന്നുകാണാനിടയില്ല. മഞ്ഞുമൂടിയ കാബുള്‍ മലഞ്ചെരുവില്‍ അര്‍ജന്റീനയുടെ ജഴ്‌സിയണിഞ്ഞ് പന്ത് തട്ടുന്ന കുഞ്ഞു മൊര്‍തസ. അവന്‍ ഫുട്‌ബോളിനെ സ്വപ്‌നം കണ്ടു. ആ കുഞ്ഞു ബാലന്റെ ഏറ്റവും വലിയ ആഗ്രഹം ലയണല്‍ മെസിയെ നേരിട്ട് കാണണം എന്നതായിരുന്നു.

Afghan Lionel Messi fan Murtaza Ahmadi, 5, wears a plastic bag jersey as he plays football in Jaghori district of Ghazni province

ജഴ്‌സി വാങ്ങാന്‍ പണമില്ലാത്തതിനാല്‍ സഹോദരന്‍ ഹൂമയൂണ്‍ പ്ലാസ്റ്റിക് കവര്‍ കൊണ്ടൊരു ജഴ്‌സിയുണ്ടാക്കി അതില്‍ ലയണല്‍ മെസിയെന്നും എഴുതിക്കൊടുത്തു. അവന്‍ അതണിഞ്ഞാണ് കൂട്ടുകാര്‍ക്കൊപ്പം കളിച്ചത്. പ്ലാസ്റ്റിക് ജഴ്‌സിയില്‍ നിഷ്‌കളങ്കമായി ചിരിക്കുന്ന മൊര്‍താസയുടെ ചിത്രം പിന്നീട് സാമൂഹ്യ മാധ്യമങ്ങളില്‍ ഹിറ്റായതോടെ കുഞ്ഞു മൊര്‍താസയും ഫുട്‌ബോള്‍ ലോകത്തിന്റെ അരുമയായി.

Murtaza Ahmadi moved the world in 2016 with his love for Barcelona great Lionel Messi when pictures (above) emerged of him wearing a blue and white striped plastic bag, with the star

അഫ്ഗാന്‍ അധീനതയിലുള്ള ഗസ്‌നി പ്രവിശ്യയിലായിരുന്നു മൊര്‍താസയും കുടുംബവും ജീവിച്ചത്. അവന്റെ ആഗ്രഹം സോഷ്യല്‍ മീഡിയയും അഫ്ഗാന്‍ ഫുട്‌ബോള്‍ ഫെഡറേഷനും ഏറ്റെടുത്തു. ഒടുവില്‍ സ്വപ്‌ന സാക്ഷാല്‍കാരമെന്നോണം അവര്‍ ഖത്തറിലേക്ക് പറക്കുകയും മെസിയെ കാണുകയും ചെയ്തു.

Murtaza Ahmadi

പിന്നീട് മൊര്‍താസ വാര്‍ത്തകള്‍ നിറഞ്ഞില്ല. ലിറ്റില്‍ മെസിയെ പതിയെ നാം മറന്നു. അവന്‍ വീണ്ടും ഗസ്‌നിയിലെ കുന്നിന്‍ ചെരുവുകളിലേക്ക് ഫുട്‌ബോളുമായി ഓടിയകന്നു. പക്ഷെ രണ്ട് വര്‍ഷത്തിനപ്പുറം മൊര്‍താസയുടെ ജീവന് ഭീഷണിയാകുന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്.

ലോകം ലിറ്റില്‍ മെസിയെന്ന് വിളിച്ച മൊര്‍താസയെ കൊല്ലാന്‍ ഉത്തരവിട്ടിരിക്കുകയാണ് താലിബാന്‍. അല്‍ ജസീറയുടെ റിപ്പോര്‍ട്ട് പ്രകാരം നേരിട്ട് കണ്ടാല്‍ അവനെ രണ്ട് കഷ്ണമാക്കുമെന്ന് താലിബാന്‍ മുന്നറിയിപ്പ് നല്‍കിയതായി മൊര്‍താസയുടെ അമ്മ പറയുന്നു.

മകന്‍ പ്രശസ്തനായതോടെ താലിബാന്റെ വധഭീഷണി വന്നതെന്ന് മാതാവ് പറയുന്നു. ഇതേ തുടര്‍ന്ന് മൊര്‍താസയുടെ കുടുംബം ഗസ്‌നിയില്‍ നിന്ന് വീട് മാറി.ഞങ്ങള്‍ക്ക് വീട്ടുസാധനങ്ങള്‍ ഒന്നും എടുക്കാനായില്ല. ജീവനും കൊണ്ട് ഓടുകയായിരുന്നു.ഷാഫിഖ പറയുന്നു.

The family are among the thousands of similarly uprooted people struggling to get by in Kabul, and also living with the fear that the Taliban are hunting for their famous son (right)

ഇപ്പോള്‍ കാബൂളിലെ ഒറ്റമുറി വാടകവീട്ടിലാണ് മൊര്‍താസയുടെ കുടുംബം താമസിക്കുന്നത്. പലതവണ വീടിന്റെ പരിസരത്ത് വെടിയൊച്ച കേട്ടു. ഇതേ തുടര്‍ന്നാണ് നാട് വിട്ടതെന്ന് അമ്മ ഷാഫിഖ എ.എഫ്.പി യോട് പറഞ്ഞു.

Murtaza (pictured) and his family abandoned their home in southeastern Ghazni province in November

താലിബാന്‍ ഗസ്‌നി പ്രവിശ്യ മുഴുവനായും തന്റെ മകന് വേണ്ടി തിരഞ്ഞതായി അമ്മ ഓര്‍ത്തെടുത്തു. “”ഞങ്ങള്‍ അവനെ കണ്ടെത്തും കണ്ടെത്തിയാല്‍ അവനെ രണ്ട് കഷ്ണമാക്കും””. താലിബാന്‍ പറഞ്ഞ വാക്കുകള്‍ അല്‍ ജസീറ വാര്‍ത്ത സംഘത്തോട് പറയുമ്പോഴെല്ലാം അവരുടെ കണ്ണില്‍ ഭയം നിഴലിച്ചിരുന്നു.

മൊര്‍താസയെ പുറത്തേക്ക് വിടുമ്പോഴെല്ലാം മുഖം മറപ്പിച്ചാണ് അമ്മ ഷാഫിഖ പറഞ്ഞയക്കുന്നത്. നാട്ടില്‍ നിന്ന് രക്ഷപ്പെട്ട് വരുമ്പോള്‍ മകന് പ്രിയപ്പെട്ട മെസി ഒപ്പിട്ട ജഴ്‌സി എടുക്കാന്‍ പോലും സാധിച്ചില്ലെന്ന് അമ്മ പറയുന്നു.

The family lives under precarious conditions, with inadequate shelter, food, water or sanitation available to the refugees

ഞങ്ങളിപ്പോള്‍ കാബൂളിലാണ് പക്ഷെ ഇവിടേയും അവന്റെ ജീവന് ഭീഷണിയാണ്. സഹോദരന്‍ ഹൂമയൂണ്‍ പറയുന്നു. ഇതിനിടയില്‍ നാട്ടിലെ ചില പ്രമുഖര്‍ മെസി തന്ന പണം കൊടുത്താല്‍ മകനെ അവര്‍ വളര്‍ത്താമെന്ന വാഗ്ദാനവുമായി വന്നതായും അമ്മ പറയുന്നു.

Barcelona star Lionel Messi is hoping to arrange a meeting with Afghan fan Murtaza Ahmadi, 5, who shot to fame after pictures of him dressed in a striped pla...

ജഗോരിയില്‍ താലിബാനെ അഫ്ഗാന്‍ സൈന്യം കീഴടക്കിയത് ആശ്വാസകരമാണ്. പക്ഷെ തിരിച്ചുപോകുന്നില്ല. ശാഫിഖ പറഞ്ഞു. മകന്റെ ജീവന് നിലനിര്‍ത്താനുള്ള ഓട്ടത്തിലാണ് ആ കുടുംബം

എന്നാല്‍ എന്താണ് തനിക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് ഇപ്പോഴും മൊര്‍തസയ്ക്ക് അറിയില്ല. അവനിപ്പോഴും ഫുട്‌ബോളും മെസി തന്ന ജഴ്‌സിയും നഷ്ടപ്പെട്ടതിന്റെ വേദനയിലാണ്.

“”എനിക്ക് മെസിയെ ഒരുപാട് മിസ്സ് ചെയ്യുന്നു. എനിക്ക് ഇനിയും കളിക്കാന്‍ പോകണം. മൊര്‍താസ പറഞ്ഞതായി എ.എഫ്.പി. റിപ്പോര്‍ട്ട് ചെയ്യുന്നു

ചിത്രം കടപ്പാട് : ഡെയ്ലി മെയില്