മരുന്നില്ല വെളിച്ചമില്ല; ഓങ്കോളജി മുതൽ വൃക്ക രോഗികൾ വരെ പ്രതിസന്ധിയിൽ; യു.എസ് ഉപരോധത്തിൽ തകർന്ന് ക്യൂബൻ ആരോഗ്യമേഖല
World
മരുന്നില്ല വെളിച്ചമില്ല; ഓങ്കോളജി മുതൽ വൃക്ക രോഗികൾ വരെ പ്രതിസന്ധിയിൽ; യു.എസ് ഉപരോധത്തിൽ തകർന്ന് ക്യൂബൻ ആരോഗ്യമേഖല
മുഹമ്മദ് നബീല്‍
Saturday, 21st February 2026, 5:15 pm

ഹവാന: ക്യൂബയ്ക്കുമേലുള്ള അമേരിക്കൻ ഉപരോധത്തിൽ തകിടം മറിഞ്ഞ് രാജ്യത്തെ ആരോഗ്യ രംഗം.

ആഴ്ചകളായി തുടരുന്ന അമേരിക്കൻ ഉപരോധത്തിൽ ക്യൂബയിലെ എണ്ണയുടെയും അവശ്യവസ്തുക്കളുടെയും ലഭ്യത ഗണ്യമായി കുറഞ്ഞിരുന്നു. ഇപ്പോഴിതാ രാജ്യത്തെ ആരോഗ്യ രംഗവും പ്രതിസന്ധിയിലാണ്.

യു.എസ് ഉപരോധത്തിൽ ക്യൂബയുടെ സമ്പദ്‌വ്യവസ്ഥ മാത്രമല്ല അടിസ്ഥാന മനുഷ്യ സുരക്ഷയും പ്രതിസന്ധിയിലാണെന്ന് ക്യൂബൻ ആരോഗ്യ മന്ത്രി ജോസ് ഏഞ്ചൽ പോർട്ടൽ മിറാൻഡ ദി അസോസിയേറ്റഡ് പ്രസ്സിനുനൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘ഒരു രാജ്യത്തെ ജനങ്ങളെ ബാധിക്കാതെ ആ രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ തകർക്കാനാകില്ല, അവർ അടിസ്ഥാന മനുഷ്യ സുരക്ഷയെയാണ് വെല്ലുവിളിക്കുന്നത്,’ അദ്ദേഹം പറഞ്ഞു

ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം ക്യൂബയിൽ അഞ്ച് മില്യൺ സ്ഥിരരോഗികളാണുള്ളത്. അതിൽതന്നെ 16000 പേർ റേഡിയോ തെറാപ്പിയെയും 12400 പേർ കീമോ തെറാപ്പിയെയും ആശ്രയിച്ച് കഴിയുന്നവരാണ്.

കാർഡിയോവസ്ക്യൂലർ കെയർ, ഓർത്തോപീഡിക്‌സ്, ഓങ്കോളജി തുടങ്ങിയ വൈദ്യുതി ആവശ്യമുള്ള ചികിത്സകളാണ് ഏറ്റവും പ്രതിസന്ധിയിലുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്തെ വൃക്ക ചികിത്സയും ആംബുലൻസ് സർവീസും പ്രതിസന്ധിയിലാണ്.

വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ തട്ടിക്കൊണ്ടുപോയതിനുശേഷം ക്യൂബയിലേക്കുള്ള വെനസ്വേലൻ എണ്ണ തടഞ്ഞുവച്ചാണ് അമേരിക്ക ഉപരോധം തീർത്തത്.

ഊർജ്ജത്തിന് പെട്രോളിയം ഇന്ധനങ്ങൾ മാത്രം ആശ്രയിക്കുന്ന, ആഭ്യന്തര ഉപഭോഗത്തിനുള്ള എണ്ണയുടെ 40 ശതമാനം മാത്രം തദ്ദേശീയമായി നിർമിക്കുന്ന ക്യൂബയ്ക്ക് അമേരിക്കൻ ഉപരോധം വലിയ തിരിച്ചടിയാണ്.

ക്യൂബയെ സഹായിക്കാൻ മുതിരുന്ന രാജ്യങ്ങൾക്കുമേൽ പ്രതികാര ചുങ്കം ചുമത്തുമെന്ന് പറഞ്ഞ ട്രംപ് താൻ ക്യൂബൻ ഭരണകൂടത്തെ
അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്നും തുറന്നുപറഞ്ഞിരുന്നു.

Content Highlight: Cuba’s health care system pushed to brink by US fuel blockade, minister says

മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം