തുടരും എന്ന ചിത്രത്തില്‍ സി.പി.ഒ സുധീഷ് എന്ന കഥാപാത്രത്തെ മികവുറ്റതാക്കാന്‍ നടന്‍ ഫര്‍ഹാന്‍ ഫാസിലിന് സാധിച്ചിരുന്നു. ചിത്രത്തില്‍ മോഹന്‍ലാലുമൊത്ത് നിരവധി കോമ്പിനേഷന്‍ സീനുകള്‍ ഫര്‍ഹാന് ലഭിച്ചിരുന്നു.
സുധീഷും ഷണ്മുഖവുമായുള്ള ചില രംഗങ്ങളെ കുറിച്ചും കണ്ണിന്റെ ക്ലോസപ്പ് ഷോട്ടുകള്‍ ചിത്രീകരിച്ചതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഫര്‍ഹാന്‍ ഫാസില്‍.
തന്റെ കണ്ണ് കണ്ടിട്ടാണ് ഈ ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്തതെന്ന് തരുണ്‍ പറയുമായിരുന്നെന്നും ഫഹദിന്റെ കണ്ണാണ് തനിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ കമന്റെന്നും ഫര്‍ഹാന്‍ പറയുന്നു.
‘ഷണ്മുഖം സുധീഷിന്റെ വിരല്‍ ഒടിക്കുമ്പോള്‍ സുധീഷിന്റെ കണ്ണിന്റെ ഒരു ക്ലോസ് ഉണ്ട്. ലാലേട്ടന്റെ കണ്ണിന്റെ ക്ലോസും എന്റെ കണ്ണിന്റെ ക്ലോസും.
ഞാന്‍ നിന്റെ കണ്ണു കണ്ടിട്ടാണ് കാസ്റ്റ് ചെയ്തത് എന്ന് തരുണ്‍ പറയുമായിരുന്നു.ഫഹദിന്റെ കണ്ണാണ് നിനക്ക് എന്നായിരുന്നു പറഞ്ഞത്.
ഫഹദിന്റെ കണ്ണ് മാത്രമേയുള്ളൂ. കഴിവില്ല അത് ഓര്‍ത്തോണം എന്ന് ഞാനും പറയും. തരുണാണ് അത് എക്‌സ്ട്രാക്ട് ചെയ്ത് എടുത്തത്.
പിന്നെ ഫഹദിന്റെ കണ്ണിന്റെ ഡിസ്‌കഷന്‍ എപ്പോഴും വരാറുള്ള ഒന്നാണല്ലോ. അവിടെ പിന്നെ കഴിവ് കൂടുതലുള്ളതുകൊണ്ട് കംപാരിസന്‍ ചെയ്യേണ്ട പ്രശ്‌നമൊന്നും വരുന്നില്ല.
പക്ഷേ കണ്ണിന് സിമിലാരിറ്റിയുണ്ടെന്ന് ചിലര്‍ പറയാറുണ്ട്. ചിലപ്പോള്‍ കളറിന്റെയോ മറ്റോ ആയിരിക്കും. ഫഹദിന്റെ വോയ്‌സുമായി സാമ്യമുണ്ടെന്ന് റിയല്‍ ലൈഫില്‍ ആരും പറഞ്ഞിട്ടില്ല.
മുന്‍പ് ഒരു ഇന്റര്‍വ്യൂ ചെയ്തപ്പോള്‍ കണ്ണടച്ച് കേട്ടാല്‍ ഫഹദിന്റെ ശബ്ദം പോലുണ്ട് എന്ന് കമന്റ് കണ്ടിരുന്നു. എനിക്ക് അറിയില്ല. അത് മൈക്ക് വരുമ്പോഴുള്ള മാറ്റമാണോ എന്നറിയില്ല.
റിയല്‍ ലൈഫില്‍ സിമിലാരിറ്റി തോന്നിയിട്ടില്ല. ചിലപ്പോള്‍ രണ്ടുപേരുടേയും സംസാര രീതി ഒന്നായിരിക്കാം. റിയല്‍ ലൈഫില്‍ ആരും ശബ്ദത്തിന്റെ സാമ്യത പറഞ്ഞിട്ടില്ല. ഓണ്‍ സ്‌ക്രീനില്‍ പറഞ്ഞിട്ടുണ്ട്,’ ഫര്‍ഹാന്‍ പറയുന്നു.
Content highlight: Actor Farhaan Faasil about his eye similarity with Fahadh faasil