എന്തുകൊണ്ട് റെയ്‌നയെ ടീമിലെടുത്തില്ല; വിശദീകരണവുമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സി.ഇ.ഒ
IPL
എന്തുകൊണ്ട് റെയ്‌നയെ ടീമിലെടുത്തില്ല; വിശദീകരണവുമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സി.ഇ.ഒ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 15th February 2022, 10:40 am

ഐ.പി.എല്ലിന്റെ പുതിയ സീസണിനോടനുബന്ധിച്ചുള്ള മെഗാലേലം ആവേശപൂര്‍വം അവസാനിച്ചിരിക്കുകയാണ്. എല്ലാ ടീമുകളും തങ്ങളുടെ സ്‌ക്വാഡിനെ ഗംഭീരമായി തന്നെ അണിനിരത്തിയപ്പോള്‍ പല താരങ്ങളും ടീമില്‍ ഇടം പിടിക്കാതെ പോവുകയായിരുന്നു.

മിസ്റ്റര്‍ ഐ.പി.എല്‍ എന്നറിയപ്പെടുന്ന സുരേഷ് റെയ്‌ന ഇത്തരത്തില്‍ ഒരു ടീമിലും ഇടം പിടിക്കാതെ പോയതാണ് ക്രിക്കറ്റ് ആരാധകരെ ഒന്നാകെ നിരാശപ്പെടുത്തുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തങ്ങളുടെ മിക്ക താരങ്ങളെയും തിരികെ ടീമിലേക്കെത്തിച്ചപ്പോല്‍ തങ്ങളുടെ ‘ചിന്നത്തല’യെ തഴഞ്ഞതിന്റെ സങ്കടത്തിലാണ് സി.എസ്.കെ ആരാധകര്‍.

എന്നാലിപ്പോള്‍ എന്തുകൊണ്ട് റെയ്‌നയെ ടീമിലെടുത്തില്ല എന്നതിന് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സി.ഇ.ഒ കാശി വിശ്വനാഥന്‍. സി.എസ്.കെയുടെ യൂ ട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് ഇദ്ദേഹം ഇക്കാര്യം പറയുന്നത്.

‘കഴിഞ്ഞ 12 വര്‍ഷത്തോളമായി സി.എസ്.കെയുടെ ഏറ്റവും സ്ഥിരതയുള്ള താരങ്ങളിലൊരാളായിരുന്നു റെയ്‌ന. അവനെ ടീമില്‍ നിന്നും മാറ്റിനിര്‍ത്തുകയെന്നത് ഞങ്ങളെ സംബന്ധിച്ച് വളരെ പ്രയാസമുള്ള തീരുമാനം തന്നെയാണ്.

എന്നാല്‍ അതേ സമയം തന്നെ ടീമിന്റെ ഘടനയും താരങ്ങളുടെ ഫോമും പരിശോധിക്കുമ്പോള്‍ റെയ്‌ന ടീമിന്റെ ഭാഗമായി ഒരിക്കലും ചേര്‍ന്നു പോവുന്നില്ല. ഇത്തവണ റെയ്‌നയെ ടീമിലെടുക്കാത്തതിന്റെ പ്രധാന കാരണങ്ങളിലൊന്ന് അതാണ്.

റെയ്‌നയെ തീര്‍ച്ചയായും മിസ് ചെയ്യും. ഡുപ്ലെസിസിനെയും ടീം മിസ് ചെയ്യുന്നുണ്ട്. എന്നാല്‍ ഇതൊക്കെ ലേലത്തിന്റെ ഭാഗമാണ്,’ കാശി വിശ്വനാഥന്‍ പറയുന്നു.

Beyond Horrible' – Raina Suggests Tragedy Was Reason For IPL Exit

ഐ.പി.എല്ലിലെ സ്ഥിരതയാര്‍ന്ന പ്രകടനവും ടീമിനായി എല്ലാ മേഖലയിലും ഒരുപോലെ തിളങ്ങുന്നതുകൊണ്ടാണ് ആരാധകര്‍ റെയ്‌നയെ മിസ്റ്റര്‍ ഐ.പി.എല്‍ വിശേഷിപ്പിക്കുന്നത്.

ഐ.പി.എല്ലില്‍ ഏറ്റവുമധികം റണ്‍സ് അടിച്ചെടുത്ത താരമാണ് സുരേഷ് റെയ്‌ന. 205 ഐ.പി.എല്‍ മത്സരത്തില്‍ നിന്നുമായി 5528 റണ്‍സാണ് താരം തന്റെ പേരിലാക്കിയിരിക്കുന്നത്.

39 ഫിഫ്റ്റിയടക്കം 32.5 ശരാശരിയില്‍ 136.7 എന്ന സ്‌ട്രൈക്ക് റേറ്റോടെയാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്.

എന്നാല്‍, കഴിഞ്ഞ സീസണ്‍ റെയ്‌നയെ സംബന്ധിച്ച് അത്ര മികച്ചതായിരുന്നില്ല. ചെന്നൈയുടെ ഏതാനും ചില കളികളില്‍ മാത്രമാണ് താരത്തിന് മൈതാനത്തിറങ്ങാന്‍ സാധിച്ചത്.

ആകെ കളിച്ച 12 മത്സരത്തില്‍ നിന്നും ഒരൊറ്റ ഫിഫ്റ്റിയടക്കം  160 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. ഇതോടെയാണ് ടീമിന് പുറത്തേക്കുള്ള വഴി തുറന്നതും.

 

Content highlight: CSK CEO Kasi Viswanathan says why they don’t opt Suresh Raina in the team