'ക്രോസ് മസാജിങ് ഒരു നിയമവിരുദ്ധ പ്രവൃത്തിയല്ല' കോടതി വിധി ഓര്‍മിപ്പിച്ച് രാഹുല്‍ സനല്‍
Kerala
'ക്രോസ് മസാജിങ് ഒരു നിയമവിരുദ്ധ പ്രവൃത്തിയല്ല' കോടതി വിധി ഓര്‍മിപ്പിച്ച് രാഹുല്‍ സനല്‍
രാഗേന്ദു. പി.ആര്‍
Monday, 9th February 2026, 5:42 pm

തിരുവനന്തപുരം: ക്രോസ് മസാജിങ് അനുവദിക്കില്ലെന്ന തിരുവനന്തപുരം മേയര്‍ വി.വി. രാജേഷിന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി മാധ്യമപ്രവര്‍ത്തകൻ രാഹുല്‍ സനല്‍. ക്രോസ് മസാജിങ് നിയമവിരുദ്ധമായ പ്രവൃത്തിയല്ലെന്ന് രാഹുല്‍ ഫേസ്ബുക്കില്‍ എഴുതി. ഷൈബിന്‍ വൈസസ് സ്റ്റേറ്റ് ഓഫ് കേരള (Shaibin vs State of Kerala) എന്ന കേസ് ഉദ്ധരിച്ചാണ് രാഹുല്‍ സനലിന്റെ പ്രതികരണം.

ഷൈബിന്‍ കേസ് കേരളത്തിലെ മസാജ് സെന്ററുകളുടെയും സ്പാകളുടെയും പ്രവര്‍ത്തനത്തില്‍ വളരെ നിര്‍ണായകമായ ഒരു നിയമരേഖയാണെന്നും രാഹുല്‍ പറയുന്നു.

ഈ കേസിലെ വിധിയനുസരിച്ച്, ക്രോസ് മസാജിങ് കുറ്റകരമല്ല. ഇന്ത്യന്‍ ശിക്ഷാനിയമം അനുസരിച്ചോ നിലവിലുള്ള മറ്റ് നിയമങ്ങള്‍ പ്രകാരമോ ‘ക്രോസ് മസാജിങ്’ എന്നത് തനിയെ ഒരു കുറ്റകൃത്യമല്ല. ഒരു മസാജ് സെന്ററില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ (Immoral Activities) നടക്കുന്നുണ്ടെന്ന് കൃത്യമായ വിവരം ലഭിക്കാതെ അവിടെ റെയ്ഡ് നടത്താനോ ശല്യം ചെയ്യാനോ പൊലീസിന് അവകാശമില്ലെന്നും വിധിയില്‍ പറയുന്നു.

ഭരണഘടനയുടെ 19(1)(g) അനുസരിച്ച്, അന്തസോടെ തൊഴില്‍ ചെയ്യാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. ആയതിനാല്‍ യോഗ്യതയുള്ള സ്റ്റാഫിനെ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് തടയാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ജസ്റ്റിസ് വി.ജി. അരുണ്‍ ഉള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്.

മസാജ് സെന്ററുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് മറ്റു ചില നിര്‍ദേശങ്ങളും കോടതി പുറപ്പെടുവിച്ചിരുന്നു. മസാജിന്റെ മറവില്‍ വേശ്യാവൃത്തിയോ മറ്റ് നിയമവിരുദ്ധമായ കാര്യങ്ങളോ നടക്കുന്നുണ്ടെങ്കില്‍ പൊലീസിന് നിയമപരമായ നടപടികള്‍ സ്വീകരിക്കാം, മസാജ് ചെയ്യുന്ന മുറികളില്‍ അകത്ത് നിന്ന് പൂട്ടാന്‍ കഴിയുന്ന വാതില്‍ കുറ്റികള്‍ ഉണ്ടാകാന്‍ പാടില്ല, സ്ഥാപനത്തിന് കൃത്യമായ ലൈസന്‍സും മസാജ് ചെയ്യുന്നവര്‍ക്ക് നിശ്ചിത യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും ഉണ്ടായിരിക്കണം എന്നീ മാര്‍ഗനിര്‍ദേശങ്ങളാണ് കോടതി വിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

സുതാര്യത ഉറപ്പാക്കുന്നതിന് വേണ്ടിയാണ് മസാജിങ് റൂമുകളിലെ വാതില്‍ കുറ്റികള്‍ ഒഴിവാക്കാന്‍ നിര്‍ദേശിച്ചത്. ആയുര്‍വേദ മസാജ് സെന്ററിന്റെ ഉടമസ്ഥനായിരുന്നു ഹരജിക്കാരനായ ഷെബിന്‍. തന്റെ സ്ഥാപനത്തില്‍ പൊലീസ് നിരന്തരമായി റെയ്ഡ് നടത്തുവെന്നും ക്രോസ് മസാജിങ് അനുവദിക്കില്ലെന്നും കാണിച്ചായിരുന്നു അദ്ദേഹം കോടതിയെ സമീപിച്ചത്.

തന്റെ ബിസിനസ് തടസമില്ലാതെ നടത്താന്‍ പൊലീസ് സംരക്ഷണവും ഷൈബിന്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം തിരുവനന്തപുരത്ത് ക്രോസ് മസാജിങ് അനുവദിക്കില്ലെന്നും സ്ത്രീ പുരുഷനെയും പുരുഷന്‍ സ്ത്രീയെയും മസാജ് ചെയ്യുന്നത് മറ്റൊരു സംസ്‌കാരത്തിലേക്ക് പോകുമെന്നുമായിരുന്നു മേയര്‍ വി.വി. രാജേഷിന്റെ പ്രസ്താവന.

കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രവര്‍ത്തിച്ചിരുന്ന ‘സ്പര്‍ശന്‍’ സ്പാ നഗരസഭാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയെ തുടര്‍ന്ന് പൂട്ടിച്ചിരുന്നു. ലൈസന്‍സില്ലെന്ന കാരണത്താലാണ് സ്പാ കേന്ദ്രം പൂട്ടിച്ചത്. മേയര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്.

Content Highlight: ‘Cross massaging is not an illegal act’, Rahul Sanal reminds the court verdict

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.