കറുത്ത വര്‍ഗക്കാരിയെ ഹെലന്‍ ഓഫ് സ്പാര്‍ട്ടയാക്കി, ട്രാന്‍സ് വ്യക്തിയെ ഗ്രീക്ക് പോരാളിയാക്കി, ഒഡീസിയില്‍ നോളനെ കുറ്റപ്പെടുത്തുന്നത് ന്യായമോ?
Trending
കറുത്ത വര്‍ഗക്കാരിയെ ഹെലന്‍ ഓഫ് സ്പാര്‍ട്ടയാക്കി, ട്രാന്‍സ് വ്യക്തിയെ ഗ്രീക്ക് പോരാളിയാക്കി, ഒഡീസിയില്‍ നോളനെ കുറ്റപ്പെടുത്തുന്നത് ന്യായമോ?
അമര്‍നാഥ് എം.
Friday, 3rd July 2026, 12:55 pm

ലോകത്തെ വിസ്മയിപ്പിച്ച ഇതിഹാസകാവ്യങ്ങളിലൊന്നാണ് ഹോമറിന്റെ ഒഡീസി. ഗ്രീക്ക് സംസ്‌കാരത്തില്‍ വേരൂന്നിക്കൊണ്ട് കഥ പറയുന്ന ഒഡീസി കാലങ്ങള്‍ക്കിപ്പുറവും ചര്‍ച്ചയാകുന്നു. കടല്‍ പോലെ പരന്നുകിടക്കുന്ന ഒഡീസിയെ ആസ്പദമാക്കി ഒരുപാട് ചലച്ചിത്രഭാഷ്യങ്ങള്‍ പല ഭാഷകളിലായി പിറന്നിട്ടുണ്ട്. അതില്‍ ഏറ്റവും ഒടുവിലത്തേതാണ് ക്രിസ്റ്റഫര്‍ നോളന്റെ ഒഡീസി.

നിലവില്‍ ലോകസിനിമയിലെ ഏറ്റവും മികച്ച സംവിധായകരിലൊരാളായ നോളന്‍ ലോകം കണ്ട ഏറ്റവും മികച്ച ഇതിഹാസം സിനിമയാക്കുന്നു എന്ന് അറിഞ്ഞപ്പോള്‍ സിനിമാപ്രേമികള്‍ ആഹ്‌ളാദിച്ചു. ലോകത്ത് ആദ്യമായി പൂര്‍ണമായും ഐമാക്‌സ് ക്യാമറയില്‍ ചിത്രീകരിക്കുന്ന സിനിമയാണ് ഒഡീസി എന്ന് അറിഞ്ഞപ്പോള്‍ ആവേശവും ആകാംക്ഷയും ഇരട്ടിയായി.

എന്നാല്‍ ആദ്യ ടീസര്‍ പുറത്തുവിട്ടതുമുതല്‍ സമാനതകളില്ലാത്ത തിരിച്ചടിയാണ് ഒഡീസി നേരിടുന്നത്. ചിത്രത്തിന്റെ കാസ്റ്റിങ്ങാണ് ഭൂരിഭാഗം ആളുകളെയും ചൊടിപ്പിച്ചത്. ഇത്താകയുടെ രാജാവായി മാറ്റ് ഡാമനും രാജകുമാരനായി ടോം ഹോളണ്ടും വേഷമിടുന്നതില്‍ എതിര്‍പ്പുണ്ടായില്ല. എന്നാല്‍ കറുത്ത വര്‍ഗ്ഗക്കാരിയായ ലുപിത ന്യോങ്’ഓ, ട്രാന്‍സ് വ്യക്തിയായ എലിയറ്റ് പേജ് എന്നിവര്‍ ഒഡീസിയുടെ ഭാഗമാണെന്ന് അറിഞ്ഞതോടെയാണ് ഒഡീസിക്കെതിരായ സൈബര്‍ ആക്രമണം രൂക്ഷമായത്.

ഹെലന്‍ ഓഫ് ട്രോയ് (ഹെലന്‍ ഓഫ് സ്പാര്‍ട്ട) എന്ന കഥാപാത്രത്തെയാണ് ലുപിത അവതരിപ്പിക്കുന്നത്. ഗ്രീക്ക് ഇതിഹാസത്തില്‍ ഏറ്റവും സുന്ദരിയായ സ്ത്രീയെന്നാണ് ഹെലന്‍ ഓഫ് സ്പാര്‍ട്ടയെ വിശേഷിപ്പിക്കുന്നത്. ആയിരത്തിലേറെ കപ്പലുകളെ ഇറക്കി പത്തു വര്‍ഷത്തോളം നീണ്ടുനിന്ന ട്രോജന്‍ യുദ്ധം ഹെലന്‍ ഓഫ് സ്പാര്‍ട്ടയെ സ്വന്തമാക്കാനായിരുന്നു നടന്നത് എന്നാണ് ഒഡീസിയിലുള്ളത്.

ലുപിത ന്യോങ്’ഓ Photo: Screen grab/ Universal Pictures

അത്തരത്തിലുള്ള കഥാപാത്രമായി കറുത്ത വര്‍ഗക്കാരിയെ കാസ്റ്റ് ചെയ്തത് നോളന് നേരെയുള്ള ഹേറ്റ് ക്യാമ്പയിന് വഴിവെച്ചു. ഹോളിവുഡില്‍ പിടിമുറുക്കിയ ‘വോക്ക്’ സംസ്‌കാരത്തില്‍ നോളനും പെട്ടോ എന്നാണ് പലരും ചോദിക്കുന്നത്.

ട്രോജന്‍ യുദ്ധത്തിലും പിന്നീട് അങ്ങോട്ടും ഒഡീസിയസിനൊപ്പം നിന്ന യോദ്ധാവാണ് സിനോണ്‍. ഈ കഥാപാത്രമായി എലിയറ്റ് പേജിനെ കാസ്റ്റ് ചെയ്തതും പലര്‍ക്കും ദഹിച്ചില്ല. സര്‍ജറി ചെയ്ത് പുരുഷനായി മാറുകയും താന്‍ നോണ്‍ ബൈനറിയാണെന്ന് അറിയിക്കുകയും ചെയ്ത താരമാണ് എലിയറ്റ് പേജ്. ട്രാന്‍സ് കമ്മ്യൂണിറ്റിയില്‍ നിന്നുള്ള ഒരാളെ ഗ്രീക്ക് യോദ്ധാവായി കണക്കാകാനാകില്ലെന്ന് പലരും അഭിപ്രായപ്പെടുന്നു.

എലിയറ്റ് പേജ് Photo: Screen grab/ Universal Pictures

ഇതിന് പുറമെ ചിത്രത്തിന്റെ ട്രെയ്‌ലറില്‍ പ്രധാന കഥാപാത്രങ്ങള്‍ തമ്മില്‍ സംസാരിക്കുന്ന രീതിയും ട്രോളിന് വിധേയമായി. ബി.സി പന്ത്രണ്ടാം നൂറ്റാണ്ടിലെ കഥാപാത്രങ്ങള്‍ ന്യൂ യോര്‍ക്കിലെ പയ്യന്മാരുടെ ശൈലിയില്‍ സംസാരിക്കുന്നതെല്ലാം ട്രോള്‍ മെറ്റീരിയലായി മാറി.

ഒഡീസി Photo: Reddit

കഴിഞ്ഞദിവസം പുറത്തുവിട്ട കൗണ്ട്ഡൗണ്‍ ട്രെയ്‌ലറിന് സമാനതകളില്ലാത്ത നെഗറ്റീവ് റെസ്‌പോണ്‍സാണ് ലഭിക്കുന്നത്. റിലീസ് ചെയ്ത് 24 മണിക്കൂറില്‍ ഒരു മില്യണിലേറെ കാഴ്ചക്കാരെ സ്വന്തമാക്കിയ ട്രെയ്‌ലറില്‍ 87000ലധികം ഡിസ്‌ലൈക്കുകളാണ് സ്വന്തമാക്കിയത്.

ഹോളിവുഡ് പേജുകള്‍ മുതല്‍ മലയാളത്തിലെ സിനിമാപേജുകള്‍ വരെ നോളനെ നിഖശിഖാന്തം വിമര്‍ശിക്കുകയാണ്. ലോകത്തെ ഏറ്റവും സൗന്ദര്യമുള്ള സ്ത്രീയായി കറുത്ത വര്‍ഗ്ഗക്കാരി വരുന്നതും ഗ്രീക്ക് യോദ്ധാവായി ട്രാന്‍സ് കമ്മ്യൂണിറ്റിയില്‍ പെട്ടയാള്‍ വരുന്നതും ആര്‍ക്കും ദഹിച്ചിട്ടില്ലെന്നാണ് ഇതെല്ലാം ചൂണ്ടിക്കാണിക്കുന്നത്.

ഒഡീസി Photo: Screen grab/ Universal

റിവേഴ്‌സ് ജെന്‍ഡറിങ്ങും റേസ് സ്വാപ്പിങ്ങും ഹോളിവുഡില്‍ അടുത്തിടെയാണ് കൂടുതലായി ശ്രദ്ധ നേടിയത്. ഒരുവിഭാഗം ആളുകള്‍ ഇതിനെ അനുകൂലിച്ചപ്പോള്‍ മറ്റൊരു വലിയ വിഭാഗം ഇതിനെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു. വോക്ക് പൊളിറ്റിക്‌സിന്റെ അമിതമായ ഉപയോഗം ഡിസ്‌നി- മാര്‍വല്‍ ഫ്രാഞ്ചൈസിയെ വലിയ രീതിയില്‍ ബാധിച്ചു.

ഒഡീസി Photo: Reddit

ഇപ്പോഴിതാ, ക്രിസ്റ്റഫര്‍ നോളനും വോക്കിന്റെ പിടിയിലായെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എന്നാല്‍ നോളനെ അനുകൂലിച്ചും ചിലര്‍ രംഗത്തെത്തുന്നുണ്ട്. കറുത്ത വര്‍ഗത്തില്‍ പെട്ടവരെ സുന്ദരിയാകാന്‍ പാടില്ലേയെന്നാണ് ചോദ്യങ്ങള്‍. എലിയറ്റ് പേജിനെ യോദ്ധാവായി കാണിക്കുന്നതില്‍ എന്താണ് തെറ്റെന്നും ചോദ്യങ്ങളുണ്ട്. ഇത്രയും വലിയ ഹേറ്റ് ക്യാമ്പയിനെ അതിജീവിച്ച് ഒഡീസി ബോക്‌സ് ഓഫീസില്‍ വിസ്മയങ്ങള്‍ തീര്‍ക്കുമോ എന്നറിയാന്‍ ജൂലൈ 17 വരെ കാത്തിരിക്കണം.

Content Highlight: Criticisms on Reverse Gendering and Race swapping in Odyssey movie

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം