അനൗണ്‍സ്‌മെന്റ് മുതല്‍ സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായ ചിത്രമായിരുന്നു അതിരടി. ബേസില്‍ ജോസഫ് ആദ്യമായി നിര്‍മാതാവിന്റെ കുപ്പായമണിയുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും പ്രതീക്ഷ നല്‍കുന്നവയായിരുന്നു. ബേസിലിനൊപ്പം ടൊവിനോ, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ കൂടി ചേര്‍ന്നതോടെ ഹൈപ്പ് ഇരട്ടിയായി.
സിനിമയുടെ മൂഡ് പോലെ ഫണ്ണായിട്ടുള്ള പ്രൊമോഷന്‍ ഇന്റര്‍വ്യൂകളും ശ്രദ്ധ നേടിയിരുന്നു. പെയ്ഡ് പ്രീമിയറടക്കം ചാര്‍ട്ട് ചെയ്ത ചിത്രത്തിന് മികച്ച വരവേല്പാണ് ലഭിക്കുന്നത്. യൂത്ത് ഓഡിയന്‍സിന്റെ പള്‍സ് അറിഞ്ഞുകൊണ്ട് ഒരുക്കിയ ചിത്രം ഈ വര്‍ഷത്തെ അടുത്ത സൂപ്പര്‍ഹിറ്റാകുമെന്നാണ് ട്രാക്കര്‍മാര്‍ കണക്കുകൂട്ടുന്നത്.
അതിരടി Photo: Screen grab/ Saregama Malayalam
മികച്ച അഭിപ്രായം ലഭിക്കുമ്പോഴും ചിത്രത്തിലെ ചില കാര്യങ്ങള്‍ വിമര്‍ശിക്കപ്പെടുകയാണ്. അതിലൊന്നാണ് ബേസിലിന്റെ കാസ്റ്റിങ്. സാം കുട്ടി എന്ന കോളേജ് വിദ്യാര്‍ത്ഥിയായാണ് ബേസില്‍ അതിരടിയില്‍ വേഷമിടുന്നത്. ചിത്രത്തിനായി ശരീരഭാരം കുറച്ച ബേസിലിന്റെ ഗെറ്റപ്പ് ഒരുപാട് ചര്‍ച്ചയായിരുന്നു. എന്നാല്‍ സിനിമയിലേക്കെത്തുമ്പോള്‍ കോളേജ് വിദ്യാര്‍ത്ഥിയാകാന്‍ ബേസില്‍ പാടുപെടുന്നുണ്ടെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
36 വയസുള്ള ബേസിലിനെ കാണുമ്പോള്‍ 21 വയസുള്ള കോളേജ് വിദ്യാര്‍ത്ഥിയായി തോന്നുന്നില്ലെന്നാണ് പ്രധാന വിമര്‍ശനം. ബേസിലിന്റെ പ്രായം കുറച്ചുകാണിക്കാന്‍ വേണ്ടി സാം കുട്ടിയുടെ കൂടെയുള്ള കഥാപാത്രങ്ങളായി തെരഞ്ഞെടുത്തതും അത്യാവശ്യം പ്രായമുള്ളവരെയാണെന്നും വിമര്‍ശനങ്ങളുണ്ട്. മലയാളത്തില്‍ കോളേജ് വിദ്യാര്‍ത്ഥിയായി അഭിനയിക്കാന്‍ വേറെ നടന്മാരില്ലേ എന്നും ചിലര്‍ ചോദിക്കുന്നു.
ബേസിലിന് പകരം നസ്‌ലെനോ സന്ദീപ് പ്രദീപോ ചെയ്തിരുന്നെങ്കില്‍ അതിരടി കുറച്ചുകൂടി നന്നായേനെയെന്നും കമന്റുകളുണ്ട്. ഇപ്പോഴുള്ളതിനെക്കാള്‍ കുറച്ചുകൂടി കണ്‍വിന്‍സായേനെയെന്നും ചിലര്‍ അഭിപ്രായം പങ്കുവെച്ചു. കോമഡി രംഗങ്ങള്‍ അനായാസം ചെയ്തിരുന്ന ബേസിലിന്റെ പല തമാശകളും അതിരടിയില്‍ വര്‍ക്കായിട്ടില്ലെന്നും കമന്റുകളുണ്ട്.
എന്നാല്‍ തന്നാലാകും വിധം സാം കുട്ടിയെ ഗംഭീരമാക്കാന്‍ ബേസിലിന് സാധിച്ചിട്ടുണ്ടെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. കഥാപാത്രത്തിന്റെ പൂര്‍ണതക്ക് വേണ്ടി ശരീരഭാരമെല്ലാം കുറച്ചത് അഭിനന്ദനാര്‍ഹമാണെന്നും കമന്റുകള്‍ കാണാനാകും. ദൃശ്യം 3യുടെ മുന്നില്‍ അതിരടിക്ക് പിടിച്ചുനില്‍ക്കാനാകുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്.
കോളേജില്‍ മുടങ്ങിക്കിടക്കുന്ന ആരോഹണ്‍ ഫെസ്റ്റ് എന്ന പരിപാടി നടത്താന്‍ സാം കുട്ടി മുന്നിട്ടിറങ്ങുന്നതും അതിനിടയില്‍ വെള്ളയാണി ശ്രീക്കുട്ടന്‍ എന്ന ഗുണ്ടയുമായി സാം ഉടക്കുന്നതുമാണ് ചിത്രത്തിന്റെ കഥ. മിന്നല്‍ മുരളിയുടെ സഹസംവിധായകനായ അരുണ്‍ അനിരുദ്ധനാണ് ചിത്രം അണിയിച്ചൊരുക്കിയത്.
Content Highlight: Criticisms on Basil’s casting in Athiradi movie