വിമര്‍ശിക്കുന്നവരോട് പോകാന്‍ പറ, ഞാന്‍ ഇങ്ങനെയേ പടം ചെയ്യൂ എന്ന് വാശിയാ; ദൃശ്യം 3 റിലീസിന് ശേഷമുള്ള ഇന്റര്‍വ്യൂവിന് പിന്നാലെ ജീത്തുവിന് ട്രോള്‍
Malayalam Cinema
വിമര്‍ശിക്കുന്നവരോട് പോകാന്‍ പറ, ഞാന്‍ ഇങ്ങനെയേ പടം ചെയ്യൂ എന്ന് വാശിയാ; ദൃശ്യം 3 റിലീസിന് ശേഷമുള്ള ഇന്റര്‍വ്യൂവിന് പിന്നാലെ ജീത്തുവിന് ട്രോള്‍
അമര്‍നാഥ് എം.
Thursday, 4th June 2026, 8:11 pm

മലയാളത്തില്‍ ഏറ്റവും മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകരിലൊരാളാണ് ജീത്തു ജോസഫ്. ആദ്യചിത്രം പരാജയമായെങ്കിലും പിന്നീട് എണ്ണം പറഞ്ഞ മികച്ച സിനിമകള്‍ ചെയ്തുകൊണ്ട് ഇന്‍ഡസ്ട്രിയില്‍ തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ ജീത്തുവിന് സാധിച്ചു. ഇമോഷണല്‍, ത്രില്ലര്‍, കോമഡി ഴോണറുകളില്‍ ജീത്തു സിനിമകള്‍ ചെയ്തിട്ടുണ്ട്.

ജീത്തു ജോസഫ് Photo: Screen grab/ Reporter films

ഇന്ത്യന്‍ സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ദൃശ്യം 3 കളക്ഷന്‍ റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിടുമ്പോള്‍ 220 കോടിയിലേറെയാണ് ചിത്രം നേടിയത്. ഗംഭീര കളക്ഷനിടയിലും ദൃശ്യം 3 ഒരുപാട് വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ട്. ജീത്തുവിന്റെ സ്ഥിരം ശൈലിയായ അലസമായ മേക്കിങ്ങാണ് അതിലൊന്ന്.

ലൂപ്‌ഹോളുകളാല്‍ നിറഞ്ഞ തിരക്കഥക്കെതിരെയും വിമര്‍ശനങ്ങളുണ്ട്. എന്നാല്‍ വിമര്‍ശനങ്ങളെ ജീത്തു ജോസഫ് നേരിടുന്ന രീതിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. കഴിഞ്ഞദിവസം റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തിനിടെ ജീത്തു പറഞ്ഞ വാക്കുകള്‍ പലരുടെയും ശ്രദ്ധ നേടി. ദൃശ്യം 3യില്‍ ഏറ്റവുമധികം വിമര്‍ശനം കേട്ട സഹദേവന്റെ കണ്ണിലെ ചുവപ്പിനെയും വീണ നന്ദകുമാറിന്റെ കഥാപാത്രത്തെയും കുറിച്ച് അവതാരക ചോദ്യം ചോദിച്ചിരുന്നു. ഇതിന് ജീത്തു നല്‍കിയ മറുപടി അലസമായിരുന്നെന്ന് പലരും അഭിപ്രായപ്പെടുന്നു.

‘സഹദേവന്റെ കണ്ണിന് കൊടുത്ത ചുവപ്പ് കൂടിപ്പോയെന്ന് ചിലര്‍ വിമര്‍ശിച്ചു. അത് ഞങ്ങള്‍ക്കും തോന്നിയ കാര്യമാണ്. സോഷ്യല്‍ മീഡിയയില്‍ ആര്‍ക്കും എന്തും പറയാലോ. അവര് പറഞ്ഞോട്ടെ’ എന്നായിരുന്നു ജീത്തുവിന്റെ വാക്കുകള്‍. ഒരു സിനിമക്ക് ലഭിക്കുന്ന വിമര്‍ശനത്തെ വിലക്കെടുക്കാത്ത സംവിധായകനാണ് ജീത്തു ജോസഫെന്ന് പലരും അഭിപ്രായപ്പെടുന്നു.

വീണ നന്ദകുമാര്‍ അവതരിപ്പിച്ച കഥാപാത്രത്തിന് നേരെ വരുന്ന ബക്കറ്റ് സ്റ്റാര്‍ ട്രോളുകളെക്കുറിച്ചും ജീത്തു സംസാരിച്ചിരുന്നു. ബക്കറ്റുമായി വരുന്ന സീനിന് ട്രോള്‍ ലഭിക്കുമെന്ന് ആദ്യമേ അറിയാമായിരുന്നു എന്നാണ് സംവിധായകന്‍ പറഞ്ഞത്. വിമര്‍ശനങ്ങളെ നിസാരമായി കാണുന്ന ജീത്തുവിന്റെ രീതി മാറ്റണമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

ജീത്തു ജോസഫ് Photo: Screen grab/ TNIE Kerala

എത്ര നല്ല സ്‌ക്രിപ്റ്റാണെങ്കിലും അതിന്റെ മേക്കിങ് വളരെ മോശമാകുമെന്നത് ജീത്തുവിന്റെ സ്ഥിരം രീതിയെന്നാണ് കമന്റുകള്‍. ദൃശ്യം 3യില്‍ റിപ്പീറ്റായി വരുന്ന ബ്രോക്കറിന്റെ സീനുകളും കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പരസ്യം കുത്തിക്കയറ്റിയതുമെല്ലാം വളരെ മോശമായെന്ന് കമന്റുകളുണ്ടായിരുന്നു. ദൃശ്യത്തിന്റ അടുത്ത ഭാഗത്തില്‍ ഇത്തരം വിമര്‍ശനങ്ങള്‍ക്ക് ജീത്തു മറുപടി നല്‍കുമെന്നാണ് പ്രതീക്ഷയെന്ന് സിനിമാപ്രേമികള്‍ അഭിപ്രായപ്പെടുന്നുണ്ട്.

Content Highlight: Criticisms for Jeethu Joseph’s interview after Drishyam 3 release

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം