മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട അഭിനേത്രിയാണ് ഉര്‍വശി. ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരം മലയാളത്തിന് പുറമെ തമിഴ് സിനിമയിലും തന്റെതായ സ്ഥാനം കണ്ടെത്തിയിരുന്നു. അഞ്ചുപതിറ്റാണ്ടോളമായി സിനിമയില്‍ സജീവമായ താരം 2024ല്‍ പുറത്തിറങ്ങിയ ഉള്ളൊഴുക്ക് എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും ദേശീയ അവാര്‍ഡും സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ തമിഴില്‍ ജയറാമും ഉര്‍വശിയും പ്രധാനവേഷത്തിയ പരിമള ആന്‍ഡ് കോ ജൂണ്‍ അഞ്ചിന് തിയേറ്ററുകളിലേക്കെത്തുകയാണ്.
എന്നാല്‍ ജയറാമും ഉര്‍വശിയും ഒന്നിച്ചഭിനയിച്ച് 2006ല്‍ പുറത്തിറങ്ങിയ ചിത്രമായ മധുചന്ദ്രലേഖയെക്കുറിച്ച് ഉര്‍വശി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. മധുചന്ദ്രലേഖ എന്ന ചിത്രം തനിക്ക് ഇഷ്ടപ്പെട്ടിരുന്നില്ലെന്നും അതിന്റെ പ്രമേയത്തോടേ് ഉള്ള വിയോജിപ്പാണ് ഇതിന് കാരണമെന്നും ഉര്‍വശി അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ജയറാമും പാര്‍വതിയും നിര്‍ബന്ധിച്ചതുകൊണ്ടാണ് ചിത്രത്തില്‍ അഭിനയിച്ചതെന്നും എന്നാല്‍ ഈ ചിത്രം തനിക്ക് അഞ്ചാമത്തെ സംസ്ഥാന അവാര്‍ഡ് നേടി നല്‍കിയെന്നും താരം പറഞ്ഞിരുന്നു.
ഇപ്പോഴിതാ പ്രതികരണത്തില്‍ താരത്തിന് വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയയിലെ സിനിമാ പേജുകള്‍. ചിത്രം ഇഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ അതില്‍ അഭിനയിക്കാന്‍ പാടില്ലായിരുന്നുവെന്നും കുറഞ്ഞ പക്ഷം ചിത്രത്തിലെ പ്രകടനത്തിന് അവാര്‍ഡ് കിട്ടിയപ്പോള്‍ അത് നിരസിക്കണമായിരുന്നെന്നും പറയുകയാണ് സിനിമാ പേജുകള്‍. ഇന്ന് ഇങ്ങനെ പറഞ്ഞത് കൊണ്ട് ആര്‍ക്കാണ് നേട്ടമുളളതെന്നും ഇവര്‍ ചോദിക്കുന്നു. ചിത്രത്തിലെ ഉര്‍വശിയുടെ പ്രകടനം അവാര്‍ഡിന് അര്‍ഹമല്ലായിരുന്നുവെന്നും അന്ന താരത്തോടൊപ്പം മത്സരത്തിനുണ്ടായിരുന്ന പത്മപ്രിയ പുരസ്‌കാരം അര്‍ഹിച്ചിരുന്നുവെന്നും കമന്റുകളുണ്ട്. മമ്മൂട്ടി നായകനായി അതേ വര്‍ഷം പുറത്തിറങ്ങിയ കറുത്ത പക്ഷികള്‍ എന്ന ചിത്രത്തില്‍ പൂങ്കൊടി എന്ന കഥാപാത്രമായിരുന്നു പത്മപ്രിയ അവതരിപ്പിച്ചിരുന്നത്.
അതേസമയം രാജസേനന്‍ സംവിധാനം ചെയ്ത മധുചന്ദ്രലേഖ എന്ന ചിത്രം തന്നെ അരോചകരമായിരുന്നുവെന്നും പലരും അഭിപ്രായമറിയിക്കുന്നുണ്ട്. രാജസേനനും ജയറാമും ഒന്നിച്ചെത്തിയ പതിനഞ്ചാമത്തെ ചിത്രമായ മധുചന്ദ്രലേഖയില്‍ മാധവന്‍ എന്ന പിന്നണിഗായകനായാണ് ജയറാം വേഷമിട്ടത്. മാധവന്റെ ഭാര്യയായി വേഷമിട്ട ഉര്‍വശിയുടെ കഥാപാത്രമായ ചന്ദ്രമതിയുടെയും ഭര്‍ത്താവിന്റെയും ഇടയിലേക്ക് മറ്റൊരു സ്ത്രീ കടന്നുവരുന്നതും തുടര്‍ന്നുണ്ടാകുന്ന വിഷയങ്ങളുമായിരുന്നു കഥാപശ്ചാത്തലം.
Content Highlight: Criticism to Urvashi for her remarks about Maduchandaralekha Movie
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.