| Monday, 9th March 2026, 7:47 pm

മൂന്ന് മണിക്കൂര്‍ സിരീസില്‍ ഒന്നര മണിക്കൂറും എല്ലാവരും ഡൈനിങ് ടേബിളില്‍, റോസ്‌ലിന്‍ സീരീസിനെക്കുറിച്ചുള്ള പോസ്റ്റ് വൈറല്‍

അമര്‍നാഥ് എം.

മലയാളത്തിലെ വെബ് സീരീസുകള്‍ക്കിടയിലെ പുതിയ എന്‍ട്രിയാണ് സീക്രട്ട് സ്റ്റോറീസ്: റോസ്‌ലിന്‍. സുമേഷ് നന്ദകുമാര്‍ സംവിധാനം ചെയ്ത സീരീസിന്റെ സ്‌ക്രിപ്റ്റ് തയാറാക്കിയത് ഗാനരചയിതാവായ വിനായക് ശശികുമാറാണ്. മിസ്റ്ററി ത്രില്ലര്‍ ഴോണറിലൊരുങ്ങിയ റോസ്‌ലിന്റെ ഷോ റണ്ണര്‍ ജീത്തു ജോസഫാണ്. മീന, വിനീത്, സഞ്ജന ദീപു എന്നിവരാണ് സീരീസിലെ പ്രധാന താരങ്ങള്‍.

ആറ് എപ്പിസോഡുകളുള്ള റോസ്‌ലിന്‍ സ്ലോ പേസിലാണ് കഥ പറയുന്നത്. ഹൈ റേഞ്ചിലെ ഒരു കുടുംബത്തിന്റെയും അവിടത്തെ അംഗമായ റോസ്‌ലിന്‍ എന്ന പെണ്‍കുട്ടിയെയും ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. പതിയെ പോകുന്ന സീരീസിന്റെ അവസാന എപ്പിസോഡിലെ ട്വിസ്റ്റാണ് സീരീസിനെ ഗംഭീരമാക്കിയതെന്ന് പലരും അഭിപ്രായപ്പെടുന്നു.

എന്നാല്‍ പോസിറ്റീവ് റിവ്യൂകള്‍ക്കിടയിലും സീരീസിനെക്കുറിച്ച് ചില വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ഒരേ തരത്തിലുള്ള സീനുകളുടെ ആവര്‍ത്തനമാണ് പ്രധാന പോരായ്മയെന്നാണ് ചില പോസ്റ്റുകള്‍. മൂന്ന് മണിക്കൂറുള്ള സീരീസില്‍ ഒന്നര മണിക്കൂറോളം ഡൈനിങ് ടേബിള്‍ സീനുകളാണ്. പ്രധാന കഥാപാത്രങ്ങളായ റോസ്‌ലിന്‍, ശോഭ, ജോണ്‍, ജെറി എന്നിവര്‍ ഓരോ ദിവസവും ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നതും ഡിന്നര്‍ കഴിക്കുന്നതുമായ സീനുകളാണ് പകുതിമുക്കാലും.

ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ് ശേഷം ഏറ്റവുമധികം ഡൈനിങ് ടേബിള്‍ സീനുകള്‍ കണ്ടത് ഈ സീരീസിലാണെന്നും ചില പോസ്റ്റുകളുണ്ട്. ഭക്ഷണം കഴിക്കലും സ്വപ്‌നം കാണലുമാണ് സീരീസിന്റെ 80 ശതമാനം സീനുകളെന്നും ക്ലൈമാക്‌സ് ട്വിസ്റ്റുണ്ടായതുകൊണ്ടു മാത്രം മികച്ച അനുഭവമായി മാറിയെന്നും ചിലര്‍ കമന്റ് പങ്കുവെച്ചു.

എന്നാല്‍ റോസ്‌ലിനിലെ ട്വിസ്റ്റ് ഗംഭീരമായി തോന്നിയില്ലെന്നും ചില പോസ്റ്റുകളിലുണ്ട്. പല സിനിമകളിലും കണ്ടുമടുത്ത അതേ കാര്യമായിരുന്നു ഗംഭീര ട്വിസ്റ്റായി അവതരിപ്പിച്ചതെന്നും തീരെ ഇംപാക്ടുണ്ടായില്ലെന്നുമാണ് ഇത്തരം പോസ്റ്റുകളില്‍. ഹക്കിം ഷാ, മീന, സഞ്ജന ദീപു എന്നിവരുടെ പ്രകടനമായിരുന്നു സീരീസില്‍ മികച്ചതായി തോന്നിയതെന്നും കമന്റുകളുണ്ട്.

ജിയോ ഹോട്‌സ്റ്റാറിലാണ് റോസ്‌ലിന്‍ സ്ട്രീം ചെയ്യുന്നത്. കഴിഞ്ഞയാഴ്ച സ്ട്രീമിങ് ആരംഭിച്ച റോസ്‌ലിന്‍ ഇതിനോടകം നിരവധിയാളുകള്‍ കണ്ടുകഴിഞ്ഞു. ജീത്തു ജോസഫിന്റെ സഹായിയായിരുന്ന സുമേഷിന്റെ ആദ്യ സംവിധാന സംരംഭമാണിത്. മേക്കിങ്ങിലെല്ലാം ജീത്തു ജോസഫിന്റെ ടച്ച് കാണാന്‍ സാധിച്ചെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

Content Highlight: Criticism post about Secret Stories Roslin series viral

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more