മലയാളത്തിലെ വെബ് സീരീസുകള്‍ക്കിടയിലെ പുതിയ എന്‍ട്രിയാണ് സീക്രട്ട് സ്റ്റോറീസ്: റോസ്‌ലിന്‍. സുമേഷ് നന്ദകുമാര്‍ സംവിധാനം ചെയ്ത സീരീസിന്റെ സ്‌ക്രിപ്റ്റ് തയാറാക്കിയത് ഗാനരചയിതാവായ വിനായക് ശശികുമാറാണ്. മിസ്റ്ററി ത്രില്ലര്‍ ഴോണറിലൊരുങ്ങിയ റോസ്‌ലിന്റെ ഷോ റണ്ണര്‍ ജീത്തു ജോസഫാണ്. മീന, വിനീത്, സഞ്ജന ദീപു എന്നിവരാണ് സീരീസിലെ പ്രധാന താരങ്ങള്‍.
ആറ് എപ്പിസോഡുകളുള്ള റോസ്‌ലിന്‍ സ്ലോ പേസിലാണ് കഥ പറയുന്നത്. ഹൈ റേഞ്ചിലെ ഒരു കുടുംബത്തിന്റെയും അവിടത്തെ അംഗമായ റോസ്‌ലിന്‍ എന്ന പെണ്‍കുട്ടിയെയും ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. പതിയെ പോകുന്ന സീരീസിന്റെ അവസാന എപ്പിസോഡിലെ ട്വിസ്റ്റാണ് സീരീസിനെ ഗംഭീരമാക്കിയതെന്ന് പലരും അഭിപ്രായപ്പെടുന്നു.
എന്നാല്‍ പോസിറ്റീവ് റിവ്യൂകള്‍ക്കിടയിലും സീരീസിനെക്കുറിച്ച് ചില വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ഒരേ തരത്തിലുള്ള സീനുകളുടെ ആവര്‍ത്തനമാണ് പ്രധാന പോരായ്മയെന്നാണ് ചില പോസ്റ്റുകള്‍. മൂന്ന് മണിക്കൂറുള്ള സീരീസില്‍ ഒന്നര മണിക്കൂറോളം ഡൈനിങ് ടേബിള്‍ സീനുകളാണ്. പ്രധാന കഥാപാത്രങ്ങളായ റോസ്‌ലിന്‍, ശോഭ, ജോണ്‍, ജെറി എന്നിവര്‍ ഓരോ ദിവസവും ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നതും ഡിന്നര്‍ കഴിക്കുന്നതുമായ സീനുകളാണ് പകുതിമുക്കാലും.
ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ് ശേഷം ഏറ്റവുമധികം ഡൈനിങ് ടേബിള്‍ സീനുകള്‍ കണ്ടത് ഈ സീരീസിലാണെന്നും ചില പോസ്റ്റുകളുണ്ട്. ഭക്ഷണം കഴിക്കലും സ്വപ്‌നം കാണലുമാണ് സീരീസിന്റെ 80 ശതമാനം സീനുകളെന്നും ക്ലൈമാക്‌സ് ട്വിസ്റ്റുണ്ടായതുകൊണ്ടു മാത്രം മികച്ച അനുഭവമായി മാറിയെന്നും ചിലര്‍ കമന്റ് പങ്കുവെച്ചു.
എന്നാല്‍ റോസ്‌ലിനിലെ ട്വിസ്റ്റ് ഗംഭീരമായി തോന്നിയില്ലെന്നും ചില പോസ്റ്റുകളിലുണ്ട്. പല സിനിമകളിലും കണ്ടുമടുത്ത അതേ കാര്യമായിരുന്നു ഗംഭീര ട്വിസ്റ്റായി അവതരിപ്പിച്ചതെന്നും തീരെ ഇംപാക്ടുണ്ടായില്ലെന്നുമാണ് ഇത്തരം പോസ്റ്റുകളില്‍. ഹക്കിം ഷാ, മീന, സഞ്ജന ദീപു എന്നിവരുടെ പ്രകടനമായിരുന്നു സീരീസില്‍ മികച്ചതായി തോന്നിയതെന്നും കമന്റുകളുണ്ട്.