നാണയത്തിലെ 'ഭാരതാംബയുടെ' കൈയ്യില്‍ എന്തിനാണ് ഹിന്ദുത്വയുടെ ഭഗവധ്വജം?
DISCOURSE
നാണയത്തിലെ 'ഭാരതാംബയുടെ' കൈയ്യില്‍ എന്തിനാണ് ഹിന്ദുത്വയുടെ ഭഗവധ്വജം?
അരുൺ എയ്ഞ്ചല
Friday, 3rd October 2025, 4:55 pm
ഇപ്പോളും, സംഘടനയുടെ നൂറാം വര്‍ഷത്തിലും, ദേശീയ പതാകയെ പ്രണമിക്കുന്ന സ്വയം സേവകന്‍ എന്നത് ഹിന്ദുത്വയ്ക്ക് സങ്കല്‍പ്പിക്കാനാവുന്നില്ല എന്നതാണ്. വേറെ നിവൃത്തിയില്ലാത്തതു കൊണ്ട് സ്വാതന്ത്ര്യദിനത്തിലും, റിപ്പബ്ലിക്ക് ദിനത്തിലും ഉയര്‍ത്തുന്ന പതാകയെ നിയമത്തെ ഭയന്ന് അവര്‍ ബഹുമാനിക്കുന്നതായി ഭാവിക്കുന്നുവെന്നേയുള്ളൂ. അത് കൊണ്ടാണ് ആര്‍.എസ്.എസിന്റെ ശതാബ്ദിയില്‍ ഹിന്ദുത്വ ഭരണകൂടം ഇറക്കിയ നാണയത്തില്‍ നിന്ന് ദേശീയ പതാക ഒഴിവാക്കപ്പെടുകയും ഹിന്ദുത്വയുടെ കോണകക്കൊടി കയറി വരികയും ചെയ്യുന്നത്.

ആര്‍.എസ്.എസ് നൂറാം വാര്‍ഷികം പ്രമാണിച്ചു പുറത്തിറക്കിയ നാണയത്തില്‍ കൊടിയേന്തിയ ഒരു സ്ത്രീയെയും അവരെ പ്രണമിയ്ക്കുന്ന സ്വയം സേവകരെയും ചിത്രീകരിച്ചിരിക്കുന്നു. ഹിന്ദുത്വ ഭരിക്കുമ്പോള്‍, സവര്‍ക്കര്‍ ഗാന്ധിജിയ്‌ക്കൊപ്പം പാര്‍ലമെന്റിന്റെ ചുമരില്‍ കയറുന്നതും, നവ നാസികളായ ആര്‍.എസ്.എസിനെ ആദരിക്കലും ഒക്കെ സ്വഭാവികമാണ്. പക്ഷെ ഇതില്‍ ശ്രദ്ധേയമായ ഒരു കാര്യം, ഈ കൊടിയേന്തിയ സ്ത്രീയുടെ കൈയ്യിലുള്ളത് ദേശീയ പതാക അല്ല എന്നുള്ളതാണ്. അത് ഹിന്ദുത്വയുടെ ഭഗ്വധ്വജമാണ്.

എന്ത് കൊണ്ടാണ് അവിടെ ദേശീയ പതാകയ്ക്ക് പകരം നടുവില്‍ കീറിയ ഹിന്ദുത്വയുടെ കൊടി വന്നത്?

‘ഇന്ത്യന്‍ നേതാക്കള്‍ നമ്മുടെ കൈകളില്‍ ത്രിവര്‍ണ പതാക നല്‍കാം, പക്ഷേ അതൊരിക്കലും ഹിന്ദുക്കളുടെ ബഹുമാനത്തിനു കാരണമാകില്ല. മൂന്ന് എന്ന വാക്ക് തന്നെ ഒരു തിന്മയാണ്, മൂന്ന് നിറങ്ങളുള്ള ഒരു പതാക തീര്‍ച്ചയായും വളരെ മോശമായ മാനസിക സ്വാധീനം ഉണ്ടാക്കും, അത് ഒരു രാജ്യത്തിന് ഹാനികരവുമാണ്.’

1947 ഓഗസ്റ്റ് 14 ന് ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറിലൂടെ പ്രഖാപിച്ച നിലപാടാണ് മുകളില്‍ പറഞ്ഞത്.

A coin issued on the occasion of 100th anniversary of RSS

ആര്‍.എസ്.എസിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ സ്റ്റാമ്പ്‌

ഹിന്ദുത്വ തീവ്രവാദി ഗോഡ്സെ ഗാന്ധിയെ കൊലപ്പെടുത്തിയതിനു ശേഷം രാജ്യത്ത് ആര്‍.എസ്.എസ് നിരോധിക്കപ്പെട്ടു. പിന്നീട്, രാജ്യത്തിന്റെ ഭരണഘടനയോട് കൂറ് പുലര്‍ത്താമെന്നും,ദേശീയ പതാകയേയും സ്പഷ്ടമായി അംഗീകരിക്കാമെന്നുമുള്ള വ്യവസ്ഥയിലാണ് നിരോധനം നീക്കിയത്.

ഇന്ന് ഭാരതമാതാ എന്ന ആശയം ഹിന്ദുത്വ ഉപയോഗിക്കുന്നത്, ഇന്ത്യ ഹിന്ദുക്കളുടെ പുണ്യഭൂമി എന്ന രീതിയിലാണ്.

ത്രിവര്‍ണ്ണ പതാകയെ അംഗീകരിക്കാന്‍ അന്ന് ആര്‍.എസ്.എസ് നിര്‍ബന്ധിതരാവുകയായിരുന്നു. തുടര്‍ന്ന് 1950 ജനുവരി 26 ന് നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്തു ദേശീയ പതാക ഉയര്‍ത്തി. 2001ല്‍ രാഷ്ട്രപ്രേമി യുവ ദള്‍ എന്ന ഒരു പ്രാദേശിക സംഘടനയുടെ ഭാഗമായ മൂന്ന് പേര്‍, ഹെഡ്‌ഗേവാറിന് ആദരവ് അര്‍പ്പിക്കാന്‍ എന്ന വ്യാജേന ആര്‍.എസ്.എസ് ആസ്ഥാന മന്ദിരത്തില്‍ കയറുകയും ദേശീയ പതാക ഉയര്‍ത്തുകയും ചെയ്തു. പിന്നീട് 2002ല്‍ മാത്രമാണ് അതായത് 52 വര്‍ഷങ്ങള്‍ക്കു ശേഷമാണ് അവിടെ ദേശീയ പതാക ഉയര്‍ത്താന്‍ ആര്‍.എസ്.എസ് തയ്യാറായത്.

ഭാരതംബ എന്ന സങ്കല്‍പം

ഇപ്പോള്‍ കയ്യിലൊരു കാവിക്കൊടിയുമായി നില്‍ക്കുന്ന സ്ത്രീയുടെ ചിത്രം പൂര്‍ണമായും ഹിന്ദുത്വയുടെ സൃഷ്ടിയാണ്. ഇന്ത്യയില്‍ ഗ്രാമദേവത എന്ന സങ്കല്പമുണ്ടായിരുന്നു, അതിന്റെ ഒരു വികാസത്തില്‍ നിന്നുമായിരിക്കണം ഭാരതാംബ എന്ന ആശയം സ്വാതന്ത്ര്യ സമരകാലത്തു ഉരിത്തിരിഞ്ഞു വന്നത്.

1873-ല്‍ കിരണ്‍ ചന്ദ്ര ബാനര്‍ജിയുടെ ഭാരത് മാതാ എന്ന ബംഗാളി നാടകത്തിലാണ് സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുന്ന, കമ്പനിക്കെതിരെ കലാപത്തിന് പ്രേരിപ്പിക്കുന്ന ഒരു മാതൃദേവത പ്രത്യക്ഷപ്പെടുന്നത്. പിന്നീട് ബങ്കിം ചന്ദ്ര ചതോപാധ്യായയുടെ ആനന്ദ് മഠം എന്ന നോവലില്‍ വന്ദേ മാതരം അഥവാ അമ്മയ്ക്ക് വന്ദനം പറയുന്നു, പക്ഷെ അതില്‍ പറഞ്ഞ രാഷ്ട്രം ബംഗാളായിരുന്നു.

1898-ല്‍ രാജാ രവിവര്‍മ്മ ഇന്ത്യയെ ഒരു മാതൃദേവതയായി അവതരിപ്പിച്ചു. 1905-ല്‍ അബനീന്ദ്രനാഥ ടാഗോര്‍ ഈ ആശയം ചിത്രമാക്കി. നാല് കൈകകളുള്ള ഒരു സ്ത്രീ ഒരു ധാന്യക്കറ്റ, ഒരു പുസ്തകം, ഒരു തുണി, ഒരു മാല എന്നിവ ഓരോ കൈകളിലേന്തിയ ചിത്രം പക്ഷെ ബംഗോ മാതാവിന്റേതായിരുന്നു.

ഭാരതാംബയെന്ന് വിളിക്കപ്പെടുന്ന കാവിക്കൊടിയേന്തിയ സത്രീയുടെ ചിത്രത്തിന് മുന്നില്‍ കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍

സിസ്റ്റര്‍ നിവേദിതയാണ് ചിത്രത്തെ ഭാരത് മാത എന്ന് വിളിച്ചത്. 1905-ല്‍ ലോര്‍ഡ് കഴ്സണ്‍ നടപ്പാക്കിയ ബംഗാള്‍ വിഭജനത്തിനെതിരായ പ്രക്ഷോഭത്തോടെ ഭാരതമാതയും വന്ദേമാതരവും പ്രചുരപ്രചാരം നേടി. 1909-ല്‍ കവി സുബ്രഹ്‌മണ്യ ഭാരതിയുടെ തമിഴ് ഭാഷാ മാസികയായ വിജയയുടെ കവറില്‍ ഭാരത് മാതയെ ചിത്രീകരിക്കുകയുണ്ടായി.

വിപ്ലവകാരിയായ രൂപ് കിഷോര്‍ കപൂര്‍ ബ്രിട്ടീഷ് ബര്‍മ്മ ഉള്‍പ്പെടെ ഇന്ത്യയുടെ ഭാഗികമായി ദൃശ്യമാകുന്ന ഭൂപടത്തില്‍ നിന്ന് ഉയര്‍ന്നുവരുന്ന ഭാരതമാതാവിനെ ചിത്രീകരിച്ചു. 1935 ല്‍ അമൃത ഷേര്‍ഗില്‍, മടിയില്‍ ഒരു കുഞ്ഞു മകനും അരികില്‍ ഒരു കൊച്ചു മകളുമായി ഇരിക്കുന്ന ഒരു ദരിദ്ര ഗ്രാമീണ ഇന്ത്യന്‍ സ്ത്രീയായി മദര്‍ ഇന്ത്യയെ ചിത്രീകരിച്ചു.

ഇന്ന് ഹിന്ദുത്വ കൊണ്ടാടുന്ന (അര്‍ലേക്കര്‍ വിവാദത്തിലടക്കം) ഭാരതാംബ ചിത്രത്തിന്റെ ആദിരൂപം ഒരു ടെക്‌സ്റ്റൈല്‍ പരസ്യമായിരുന്നു. 1930 ല്‍, സ്വദേശി പ്രസ്ഥാനത്തിന്റെ ഭാഗമായി നിന്നിരുന്ന ബോംബെ സ്വദേശി ലീഗുമായി ബന്ധപ്പെട്ട ഒരു ടെക്‌സ്റ്റൈല്‍ ആയിരുന്നു ഇത്തരമൊരു പരസ്യത്തിന് പിന്നില്‍.

ത്രിവര്‍ണ്ണ പാതകയോടുള്ള ആര്‍.എസ്.എസ് എതിര്‍പ്പ്

1929 ഡിസംബറില്‍ കോണ്‍ഗ്രസ്സ്, പൂര്‍ണ സ്വരാജ് അവശ്യപ്പെടുകയും, അതേ വര്‍ഷം ഡിസംബര്‍ 31 ന് ലാഹോറില്‍ ജവഹര്‍ലാല്‍ നെഹ്റു ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുകയും ചെയ്തു. 1930 ജനുവരി 26 ‘സ്വാതന്ത്ര്യദിനം’ ആയി ആഘോഷിക്കാന്‍ കോണ്‍ഗ്രസ് ഇന്ത്യക്കാരോട് ആഹ്വാനം ചെയ്തു.

ഇപ്പോള്‍ കയ്യിലൊരു കാവിക്കൊടിയുമായി നില്‍ക്കുന്ന സ്ത്രീയുടെ ചിത്രം പൂര്‍ണമായും ഹിന്ദുത്വയുടെ സൃഷ്ടിയാണ്.

ഇതേത്തുടര്‍ന്ന്, 1930 ജനുവരി 21-ന് ഹെഡ്ഗേവാര്‍ ഒരു സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. എല്ലാ ആര്‍.എസ്.എസ് ശാഖകളും ആ വര്‍ഷം ജനുവരി 26-ന് അവരവരുടെ സ്വയംസേവകരുടെ യോഗങ്ങള്‍ വിളിച്ചുകൂട്ടി കോണ്‍ഗ്രസിന്റെ പൂര്‍ണ സ്വരാജ് പ്രമേയത്തെ സ്വാഗതം ചെയ്യണമെന്നും ത്രിവര്‍ണ്ണ പതാകയ്ക്ക് പകരം ദേശീയ പതാകയായി ഭഗവദ് ധ്വജത്തെ ബഹുമാനിക്കണമെന്നും ആവശ്യപ്പെട്ടു.

ജവഹര്‍ലാല്‍ നെഹ്റു

ഇന്ന് ഭാരതമാതാ എന്ന ആശയം ഹിന്ദുത്വ ഉപയോഗിക്കുന്നത്, ഇന്ത്യ ഹിന്ദുക്കളുടെ പുണ്യഭൂമി എന്ന രീതിയിലാണ്. ഹിറ്റ്ലറുടെ ആര്യന്‍ മേല്‍കോയ്മ സിദ്ധാന്തവുമായി ഡി.എന്‍.എ പങ്കിടുന്ന ഒന്നാണീ പവിത്രഭൂമി ആശയം. മുസ്‌ലിങ്ങളും മറ്റ് ന്യൂനപക്ഷങ്ങളും തങ്ങള്‍ക്ക് കീഴ്‌പ്പെട്ട് കഴിയുന്ന ഹിന്ദുരാജ്യമായിരുന്നു സവര്‍ക്കര്‍ വിഭാവനം ചെയ്തത്.

ഹിന്ദു ദൈവങ്ങളുടെ വാര്‍പ്പ് മാതൃകയില്‍ ഹിന്ദുത്വ നിര്‍മ്മിച്ച ഭഗ്വധ്വജമേന്തിയ സ്ത്രീ ബിംബത്തെ ഭാരതാംബ എന്ന പേരില്‍ അടിച്ചേല്‍പ്പിക്കാനാണ് മോഡി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതൊരിക്കലും ഭരണഘടനാധിഷ്ഠിതമായ ഒരു സങ്കല്‍പ്പമല്ല. മറിച്ചു കാവിക്കൊടി കൈയ്യിലേന്തിയ സ്ത്രീരൂപം ഹിന്ദുരാഷ്ട്രവുമായി ബന്ധപ്പെട്ടിരിക്കുന്നു.  ഇതൊരു ഹിന്ദുത്വ രാഷ്ട്രത്തിലേക്കുള്ള ചുവടാണ് എന്നുള്ളതാണ് നമ്മള്‍ മനസ്സിലാക്കേണ്ടത്.

ഇപ്പോളും, സംഘടനയുടെ നൂറാം വര്‍ഷത്തിലും, ദേശീയ പതാകയെ പ്രണമിക്കുന്ന സ്വയം സേവകന്‍ എന്നത് ഹിന്ദുത്വയ്ക്ക് സങ്കല്‍പ്പിക്കാനാവുന്നില്ല എന്നതാണ്. വേറെ നിവൃത്തിയില്ലാത്തതു കൊണ്ട് സ്വാതന്ത്ര്യദിനത്തിലും, റിപ്പബ്ലിക്ക് ദിനത്തിലും ഉയര്‍ത്തുന്ന പതാകയെ നിയമത്തെ ഭയന്ന് അവര്‍ ബഹുമാനിക്കുന്നതായി ഭാവിക്കുന്നുവെന്നേയുള്ളൂ. അത് കൊണ്ടാണ് ആര്‍.എസ്.എസിന്റെ ശതാബ്ദിയില്‍ ഹിന്ദുത്വ ഭരണകൂടം ഇറക്കിയ നാണയത്തില്‍ നിന്ന് ദേശീയ പതാക ഒഴിവാക്കപ്പെടുകയും ഹിന്ദുത്വയുടെ കോണകക്കൊടി കയറി വരികയും ചെയ്യുന്നത്.

ഹിന്ദുത്വ രാജ്യത്തിന്റെ ശിലാസ്ഥാപനമാണ് നടക്കുന്നത്. ഇന്ന് നമുക്ക് വോട്ട് ചോരി തടയാനായില്ലെങ്കില്‍, ഹിന്ദുത്വ ഭരണത്തിന് തുടര്‍ച്ചകളുണ്ടായാല്‍, ഗാന്ധിജിയെ മാറ്റി സവര്‍ക്കറെ രാഷ്ട്രപിതാവായി അവരോധിക്കുന്ന കാലം വിദൂരമല്ലെന്ന് തോന്നുന്നു.

Content Highlights: Criticism of RSS Centenary Coin

അരുൺ എയ്ഞ്ചല
ഫോട്ടോ ജേര്‍ണലിസ്റ്റ്