കേന്ദ്ര സര്‍ക്കാരിനെതിരായ വിമര്‍ശനം ദേശീയ സുരക്ഷയ്ക്ക് ഭീഷണിയല്ല; സോനം വാങ്ചുക്ക് സുപ്രീം കോടതിയില്‍
India
കേന്ദ്ര സര്‍ക്കാരിനെതിരായ വിമര്‍ശനം ദേശീയ സുരക്ഷയ്ക്ക് ഭീഷണിയല്ല; സോനം വാങ്ചുക്ക് സുപ്രീം കോടതിയില്‍
രാഗേന്ദു. പി.ആര്‍
Thursday, 29th January 2026, 10:10 pm

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരായ വിമര്‍ശനം ദേശീയ സുരക്ഷയ്ക്ക് ഭീഷണിയല്ലെന്ന് ലഡാക് സംഘര്‍ഷത്തെ തുടര്‍ന്ന് ജയിലിലായ പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക്ക് സുപ്രീം കോടതിയില്‍.

സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ തനിക്ക് ജനാധിപത്യപരമായ അവകാശമുണ്ടെന്നും വാങ്ചുക്ക് പറഞ്ഞു.

ലഡാക്കിലെ പരിസ്ഥിതിക്ക് ദോഷമാകും വിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ വാങ്ചുക്കിന് അവകാശമുണ്ടെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ പറഞ്ഞു.

വാങ്ചുക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചും നിരാഹാരസമരവും അദ്ദേഹത്തെ തടവിലാക്കാനുള്ള കാരണങ്ങളാകില്ലെന്നും കപില്‍ സിബല്‍ വാദിച്ചു.

ജനുവരി ഒന്നിന്, സോനം വാങ്ചുക്കിന്റെ അറസ്റ്റ് വസ്തുതകളുടെ അടിസ്ഥാനത്തിലല്ലെന്ന് കാണിച്ച് പങ്കാളി ഗീതാഞ്ജലി ജെ. ആങ്‌മോ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഗീതാഞ്ജലിയുടെ ഹരജി കോടതി പരിഗണിക്കവെയാണ് കപില്‍ സിബലിന്റെ വാദം.

‘വാങ്ചുക്കിന്റെ പല പ്രസ്താവനകളും തെറ്റായി വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. ലഡാക്കികള്‍ സൈന്യത്തെ സഹായിക്കില്ലെന്ന് വാങ്ചുക്ക് പറഞ്ഞിട്ടില്ല. ലഡാക്കിന് സംസ്ഥാന പദവി നല്‍കിയില്ലെങ്കില്‍ സര്‍ക്കാരിനെ അട്ടിമറിക്കുമെന്ന് വാങ്ചുക്ക് പറഞ്ഞതായി ആരോപണമുണ്ട്. എന്നാല്‍ പൗരന്മാരോട് സ്‌നേഹമില്ലാത്തതും പരിസ്ഥിതിയെ പരിപാലിക്കാത്തതുമായ ഒരു സര്‍ക്കാര്‍ രാഷ്ട്രത്തിന്റെ പുരോഗതിക്ക് ഒരു തടസമാണെന്നാണ് വാങ്ചുക്ക് പറഞ്ഞത്,’ കപില്‍ സിബല്‍ പറഞ്ഞു.

അധികാരികളെ വിമര്‍ശിക്കാന്‍ പൗരന്മാര്‍ക്ക് അവകാശമുണ്ടെന്നും സര്‍ക്കാര്‍ വിരുദ്ധ വികാരം രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കില്ലെന്നും സിബല്‍ വാദിച്ചു.

2025 സെപ്റ്റംബറില്‍ ലഡാക്കിന് സംസ്ഥാന പദവി നല്‍കണമെന്നും ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ലേയിലെ യുവാക്കളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധം പിന്നീട് സംഘര്‍ഷമായി മാറിയിരുന്നു.

ഇതിന് പിന്നാലെയാണ് സോനം വാങ്ചുക്ക് അറസ്റ്റിലായത്. സംഘര്‍ഷം ഉടലെടുക്കുന്നതിന് മുന്നോടിയായി ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ട് ലേയില്‍ നടന്ന നിരാഹാര സമരത്തിന് നേതൃത്വം നല്‍കിയത് വാങ്ചുക്കായിരുന്നു.

ഇതിനിടെ വാങ്ചുക്ക് നടത്തിയ പ്രസംഗം സംഘര്‍ഷത്തിന് കാരണമായെന്നാണ് പൊലീസ് വാദം. ഗൂഢാലോചനക്കുറ്റം ചുമത്തിയാണ് സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്തത്. സെപ്റ്റംബര്‍ 26ന് ദേശീയ സുരക്ഷാനിയമം അനുസരിച്ചായിരുന്നു നടപടി.

Content Highlight: Criticism of central government not a threat to national security: Sonam Wangchuk in Supreme Court

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.